ADVERTISEMENT

അന്ന് ദുബായിൽ വച്ച് വഴിതെറ്റിപ്പോയിരുന്നെങ്കിൽ ഇന്ന് വല്ല അറബിയുടെ ഒട്ടകത്തെ കറന്നോ, ഈന്തപ്പഴം പറിച്ചുമൊക്കെ നടക്കുന്ന ആളായിരിക്കും ഞാൻ. ബിജുകുട്ടന്റെ യാത്രാനുഭവ വിശേഷങ്ങൾ തുടങ്ങുന്നത് ഈ കഥയിൽ നിന്നുമാണ്. മിമിക്രി ആർട്ടിസ്റ്റ് എന്ന ലേബലിൽ നിന്നും ഇന്ന് മലയാളസിനിമയിലെ ഹാസ്യതാരങ്ങളിൽ ഒരാളായി മാറിയ ബിജുകുട്ടനോട് യാത്രകളെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ, നമ്മുടെ ജീവിതം തന്നെ വലിയൊരു യാത്രയല്ലേ. പിന്നെ എന്തുകാര്യത്തിലേക്ക് എത്തിച്ചേരണമെങ്കിലും ഒരു ചെറിയ യാത്ര നടത്തണം. അങ്ങനെ നോക്കുമ്പോൾ ലൈഫ് ഫുൾ ട്രിപ്പാണെന്ന് പറയാം.

bijukuttan-travel3

സ്റ്റേജ് ഷോകളിൽ നിന്നാണ് എന്റെ തുടക്കമെന്ന് എല്ലാവർക്കും അറിയാം. പ്രോഗ്രാമിനായി കേരളത്തിലും വിദേശത്തുമെല്ലാം ഒരുപാട് യാത്ര പോയിട്ടുണ്ട്. നമ്മുടെ നാട്ടിൽ തന്നെ തിരുവനന്തപുരം മുതൽ അങ്ങേയറ്റം കാസർഗോഡ് വരെ സഞ്ചരിച്ചിട്ടുണ്ട്. ഒരു ദിവസം കണ്ണൂരിലാണെങ്കിൽ പിറ്റേന്ന് കൊല്ലത്തായിരിക്കും ഷോ.

ഒരു ബുദ്ധിമുട്ടും വിചാരിക്കാതെ ഓടിയെത്തുക എന്നതുമാത്രമായിരിക്കും ആ സമയത്തെ ചിന്ത. നമ്മൾ വാക്കുകൊടുത്തിട്ടാണ് അവിടെ കുറെ മനുഷ്യർ കാത്തിരിക്കുന്നത്. വാക്കുതെറ്റിക്കാനാവില്ലല്ലോ. അപ്പോൾ യാത്രയുടെ വിഷമങ്ങളൊന്നും ആലോചിക്കില്ല. പണ്ടൊക്കെ ഷോ ചെയ്താൽ മാത്രം പോരായിരുന്നു. നേരത്തെയെത്തി സ്റ്റേജൊക്കെ ഒരുക്കണം, കർട്ടൻ കെട്ടണം. അങ്ങനെ പണികൾ ഒരുപാടുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ് അവിടെക്കൂടിയിരിക്കുന്ന മനുഷ്യരെ ചിരിപ്പിക്കണം. ഏറ്റവും കഷ്ടപ്പാട് അതിനാണ്. എങ്കിലും ഇന്നുവരെ ഞാൻ ചെയ്യുന്ന ജോലിയോട് 100 ശതമാനം കൂറ് പുലർത്താൻ എനിക്കായിട്ടുണ്ടെന്നാണ് വിശ്വാസം. 

bijukuttan-travel2

പരിപാടികൾക്ക് വേണ്ടി യാത്രചെയ്യുന്നതിനാൽ വേറെ പ്രത്യേകിച്ച് യാത്ര പോകേണ്ടി വന്നിട്ടില്ല, അതിന് സമയവും കിട്ടിയിട്ടില്ല . പിന്നെ ഈ പറഞ്ഞതുപോലെ ഫുൾടൈം ഓട്ടമല്ലേ. വിവാഹമൊക്കെ കഴിഞ്ഞ് മക്കളൊക്കെ ആയതിനുശേഷമാണ് ചെറിയ ഫാമിലി ട്രിപ്പൊക്കെ പോയി തുടങ്ങിയത്.

അതും മക്കളുടെ വേക്കേഷൻ സമയമൊക്കെ നോക്കിയാണ്. കഴിഞ്ഞതവണത്തെ വെക്കേഷന് ഞങ്ങൾ ഹൈദരാബാദ് പോയി. ചാർമിനാറും മറ്റുമൊക്കെ കണ്ടത് മക്കൾക്കും ഇഷ്ടമായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം അടക്കം തിരുവനന്തപുരത്തും ഞങ്ങൾ കഴിഞ്ഞ വർഷം പോയിരുന്നു.ഇത്തവണത്തെ അവധിയ്ക്കും ചില പ്ലാനുകളൊക്കെയുണ്ടായിരുന്നു, പക്ഷെ എല്ലാം കൊറോണ കൊണ്ടുപോയി.

bijukuttan-travel

ദുബായിൽ ചായക്കട അന്വേഷിച്ച് പോയ ബിജുകുട്ടൻ

ഞാൻ ആദ്യമായി പ്രോഗ്രാമിന് ദുബായിലേക്ക് പോയ സമയത്തെ അനുഭവമാണ്. നമ്മുടെ നാട്ടിലെപ്പോലെ രാവിലെ എഴുന്നേറ്റ് ഞാനും ഒരു സുഹൃത്തുംക്കൂടി ചായക്കട തപ്പിയിറങ്ങി. ഒന്നും പേടിക്കാനില്ല, ഞങ്ങൾക്ക് വഴിതെറ്റില്ല എന്നൊക്കെയായിരുന്നു വിചാരം.

തിരിച്ചുപോരാൻ ചില അടയാളങ്ങളൊക്കെ കണ്ടുവച്ചാണ് പോകുന്നത്. കുറേ വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ഞങ്ങൾക്ക് വഴിതെറ്റി. തിരിച്ച് എങ്ങനെപോകുമെന്ന് ഒരു പിടിയുമില്ല. ആകെ വിഷമത്തിലായി. ചായക്കട തപ്പിയിറങ്ങിയ ഞങ്ങൾ അവസാനം കുടുങ്ങിയെന്ന് തന്നെ പറയാം.  മൊബൈൽ ഒന്നുമില്ലാത്ത കാലമാണ് അല്ലെങ്കിൽ ഫോൺ ചെയ്ത് വിളിച്ചുവരുത്താമായിരുന്നു. 

bijukuttan-travel1

അന്നത്തെ കാലത്ത് താമസിക്കുന്നയിടത്ത് തന്നെ ഒരു ലാൻഡ് ലൈൻ ഫോണൊക്കെയെ ഉണ്ടാകാറുള്ളൂ. അതിൽ നിന്നുമാണ് നാട്ടിലേയ്ക്കൊക്കെ വിളിക്കുന്നത്. അങ്ങനെ ഞങ്ങൾ രണ്ടാളും മുന്നോട്ട് നടന്നു അവിടെ കണ്ട ഒരു ഷോപ്പിലൊക്കെ കയറി ഷോയുടെ കാർഡൊക്കെ കാണിച്ചു. അന്ന് ഇന്നത്തെപ്പോലെ അല്ല, കണ്ടാലും ആരും തിരിച്ചറിയില്ല.

പിന്നെ ഏതോ ഒരു മലയാളിയുടെ ഷോപ്പിൽ ഒട്ടിച്ചിരുന്ന ഞങ്ങളുടെ പരിപാടിയുടെ നോട്ടിസ് കണ്ട് ആരോ മാനേജരെയൊക്കെ വിളിച്ചറിയിച്ചാണ് ഞങ്ങളെ കണ്ടുപിടിച്ചത്. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് വല്ല അറബിടെ ഒട്ടകത്തെ കറക്കലോ, അല്ലെങ്കിൽ ആടിനെ മേച്ചുമൊക്ക നടക്കുന്ന പണികിട്ടിയേനെ എനിക്ക്.

ദുബായ് തന്നെ ഏറ്റവും ഇഷ്ടമുള്ളയിടം

ലോകത്ത് പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ദുബായ് ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടയിടമെന്ന് ബിജുകുട്ടൻ. ദുബായിൽ എത്രവട്ടം പോയിട്ടുണ്ട് എന്ന് ചോദിച്ചാൽ അതിന് കണക്ക് ഉണ്ടാവുകയില്ല. എത്ര പ്രാവശ്യം പോയാലും മതി വരാത്ത ഒരു നാടാണ് ദുബായ്.  ഒാരോ തവണയും പുതുമ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്നിടമാണ് ദുബായ്. മറ്റെവിടേയും കിട്ടാത്തത്തൊരു ഫ്രീഡം എനിക്ക് ദുബായിൽ ഫീൽ ചെയ്യാറുണ്ട്. നമ്മുടെ നാട് പോലെ തന്നെയെന്നു പറയാം. നമ്മൾ തെറ്റൊന്നും ചെയ്യുന്നില്ലെങ്കിൽ ഏത് പാതിരാത്രിയ്ക്കും ദുബായിലൂടെ നമുക്ക് കറങ്ങിയടിച്ച് നടക്കാം.

രാത്രിയിലെ ദുബായ് കാഴ്ച്ച പറഞ്ഞറിയിക്കാനാവില്ല. അത്ര മനോഹരമാണത്. കാറിലൂടെ രാത്രിയിൽ അവിടെ സഞ്ചരിക്കണം. പച്ചപ്പും ഹരിതാഭയൊന്നുമില്ലെങ്കിലും ദുബായ് കാണാൻ ഒരു പ്രത്യേക ചന്തമാണെന്നും വല്ലാത്തൊരു അടുപ്പം ആ നാടിനോട് തോന്നുമെന്നും ബിജുകുട്ടൻ. അമേരിക്കയിലും യൂറോപ്പിലുമൊക്ക പോയിട്ടുണ്ടെങ്കിലും ദുബായിയോട് തന്നെയാണ് ഇഷ്ടം കൂടുതലെന്നും ബിജുകുട്ടൻ പറഞ്ഞു. 

English Summary : Celebrity Travel experience Bijukuttan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com