ADVERTISEMENT

യാത്രകളും പ്രാദേശിക രുചികളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍. മലയാളികള്‍ സ്നേഹത്തോടെ 'ശ്രീക്കുട്ടന്‍' എന്ന് വിളിക്കുന്ന എം ജി ശ്രീകുമാറിനൊപ്പം സഹയാത്രികയായി ഭാര്യ ലേഖയെയും സ്ഥിരം കാണാറുണ്ട്‌. 

വിവിധ രാജ്യങ്ങളിലെ യാത്രകള്‍ക്കിടയില്‍ പരമാവധി അവിടുത്തെ വിഭവങ്ങളുടെ രുചിയും ആസ്വദിക്കാനാണ് താന്‍ ശ്രമിക്കാറുള്ളത് എന്ന് ലേഖ ശ്രീകുമാര്‍ പറയുന്നു. എന്നാല്‍ എംജി ശ്രീകുമാറിനാകട്ടെ, ഇന്ത്യന്‍ റസ്‌റ്റോറന്റുകളാണ് പ്രിയം. ഇങ്ങനെയുള്ള യാത്രകളില്‍ നല്ലതും ചീത്തയുമായ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മട്ടന്‍ ആണ് ഏറ്റവും ഇഷ്ടം

മട്ടന്‍ ആണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള നോണ്‍വെജ് വിഭവം എന്ന് എംജി ശ്രീകുമാര്‍. എന്നാല്‍ അമേരിക്ക സന്ദര്‍ശന വേളയില്‍ അവിടെ പാചകം ചെയ്ത മട്ടന്‍റെ രുചി അത്ര ഇഷ്ടപ്പെടാത്തതു കാരണം ബീഫിലേക്ക് മാറി. യുഎസിലെ 'ക്രാബ് ഹൗസ്' എന്ന് പേരുള്ള റസ്‌റ്റോറന്റിലെ ഞണ്ടിന്‍റെ രുചി അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും പ്ലേറ്റില്‍ വിളമ്പുന്നതിനു പകരം പ്രത്യേകം പാക്കറ്റുകളില്‍ ആക്കിയ ഞണ്ടും ഗ്രേവിയും ചോറുമായിരുന്നു അവിടെ ലഭിച്ചത് എന്നും അദ്ദേഹം ഓര്‍ക്കുന്നു. പത്ത് ദിവസം ഉണ്ടായിരുന്നതിൽ ആറ് ദിവസവും ഇത് കഴിക്കാനായി അവിടെ പോയെന്നും അദ്ദേഹം പറയുന്നു.

mg-sreekumar-trip

പാളിപ്പോയ അനുഭവം

ലോകത്തെവിടെ പോയാലും വ്യത്യസ്ത രുചികളാണ്, എന്നാലും എല്ലാത്തിനും അതിന്റേതായ ടേസ്റ്റ് ഉണ്ടാകും. എന്നാല്‍, യാത്രകള്‍ക്കിടെയുള്ള ഭക്ഷണ പരീക്ഷണങ്ങള്‍ പാളിപ്പോയ അനുഭവങ്ങളും കുറവല്ല. സ്പെയിന്‍, മാഡ്രിഡ് യാത്രകള്‍ക്കിടെ ഒരിക്കല്‍ ഒരു സുഹൃത്ത് മികച്ച മ‍‍ട്ടൻ വിഭവങ്ങള്‍ കിട്ടുന്ന ഒരു സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയിരുന്നു. സാധാരണ സ്പെയിന്‍, മാഡ്രിഡ് പോയാൽ ആ സിറ്റി മാത്രം ചുറ്റികണ്ട് തിരിച്ചു വരാറാണ് പതിവ്. എന്നാൽ ഈ രുചി തേടി പോയി.

m-g-sreekumar-1

കാട്ടിനകത്തെ ഒരു ഗ്രാമം. അവിടുത്തെ റസ്റ്റോറന്റിനകത്ത് ചെന്ന് കയറിയപ്പോൾ ലാമ്പിന്റെ പീസുകൾ വച്ച് പലതരത്തിൽ അലങ്കരിച്ച ഭക്ഷണപദാർഥങ്ങൾ. നമ്മുടെ ഉപ്പോ മുളകോ ഒന്നും ചേർത്തിട്ടില്ല. പക്ഷേ ഭയങ്കര രുചിയായിരുന്നു. ആ സുഹൃത്തിനോട് തന്നെ ചോദിച്ചു ഇതുപോലെ പോയി കഴിക്കാൻ പറ്റുന്ന വേറെ ഏതെങ്കിലും സ്ഥലമുണ്ടോയെന്ന്. നല്ല പന്നിയിറച്ചി കിട്ടുന്നയിടമുണ്ടെന്ന് മറുപടി. ഭാര്യ വേണ്ടെന്ന് പറഞ്ഞെങ്കിലും എന്തായാലും പോയോ പറ്റുകയുള്ളൂവെന്ന് പറഞ്ഞ 120 മൈൽ അപ്പുറത്തുള്ള ആ രുചിയിടം തേടി പോയി.

m-g-sreekumar2

അവിടെ നല്ല തിരക്കായിരുന്നു. നേരത്തെ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് ഇടം കിട്ടി. പന്നിയിറച്ചി പാകം ചെയ്ത് കൊണ്ടുവന്ന് മേശ പുറത്ത് വച്ചു. കഴിക്കുന്നതിന് മുൻപ് ഒരാൾ വന്ന് വേദമൊക്കെ ഒാതി ആ പന്നിയിറച്ചിയിൽ അഞ്ച് കുത്തൊക്കെ കുത്തിയിട്ടാണ് തരുന്നത്. പക്ഷേ ഇതെന്റെ മേശ പുറത്ത് കൊണ്ടുവച്ചപ്പോൾ ഒറ്റ ഓക്കാനം വന്നു. ഞാൻ പലതും കഴിച്ചിട്ടുണ്ട് പക്ഷേ ഇതിന്റെ സ്മെൽ സഹിക്കാവുന്നതായിരുന്നില്ല. ഭയങ്കര വിലപിടിപ്പുള്ള ഭക്ഷണമായിരുന്നു. 'നിങ്ങൾക്ക് അത് തന്നെ വേണം പെട്ടെന്ന് കഴിക്ക് നല്ല എക്സ്പെൻസീവാണ്.' എന്ന് പറഞ്ഞ് എന്റെ പരവേശം കണ്ട ഭാര്യ കളിയാക്കി.

ഭാര്യ ഫിഷിന്റെ വിഭവമാണ് ഓർഡർ ചെയ്തത്. നമ്മുക്ക് കഴിക്കാനുള്ളത് വന്ന് കുറച്ച് കഴിഞ്ഞാണ് ഫിഷ് വന്നത്. ഫിഷ് വന്ന് തുറന്നയുടനെ ആ ഏര്യ മുഴുവൻ നാറ്റമായി. രക്തമൊക്കെ അതിൽ അങ്ങനെ തന്നെയുണ്ടായിരുന്നു. 'കഴി കഴി വേഗം കഴിക്ക്' എന്ന് പറഞ്ഞ കളിയാക്കാനുള്ള അവസരം അപ്പോൾ തന്നെ കിട്ടുകയും ചെയ്തു. ഞാനും അവളും നോക്കിയിരുന്നതല്ലാതെ അതുകഴിക്കാൻ പറ്റിയില്ല. ഇത്തരമൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ല.

English Summary :  Celebrity Travel M. G. Sreekumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com