ADVERTISEMENT

 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ ബാത്ത്ടബ്ബില്‍ കിടന്ന്, ഒരു ചക്രവര്‍ത്തിയെപ്പോലെ ജീവിതത്തില്‍ ഒരിക്കലെങ്കിലും വിശാലമായി ഒന്നു കുളിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ നേരെ വിയറ്റ്‌നാമിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തോളൂ, നിങ്ങളുടെ സ്വപ്നത്തിലെ ആ ഇടം ഇവിടെയാണ്!

ലോകത്തിലെ ആദ്യത്തെ, 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ ഹോട്ടലാണ് വിയറ്റ്നാമിലെ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക്. സ്വര്‍ണ്ണം പൂശിയ പുറംഭാഗങ്ങളും ഇന്റീരിയറുകളുമാണ് ഈ ഹോട്ടലിനുള്ളത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ഡൗണ്‌ കാലത്തിനു ശേഷം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നിരിക്കുകയാണ് ഈ ഹോട്ടല്‍. 

വിയറ്റ്നാമീസ് തലസ്ഥാനത്തിന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജിയാങ് വോ ലേക്കിലാണ് ലോകപ്രശസ്തമായ ഈ ഹോട്ടൽ. പതിനൊന്നു വര്‍ഷമെടുത്തു, ഇതിന്‍റെ പണി പൂര്‍ത്തിയാവാന്‍. മൊത്തം നിര്‍മ്മാണച്ചെലവാകട്ടെ, 200 മില്ല്യന്‍ ഡോളര്‍ വരും. അലങ്കാരപ്പണികള്‍ക്കും മറ്റുമായി ഒരു ടണ്ണോളം സ്വര്‍ണ്ണം ഉപയോഗിച്ചു. ആകെ 24 നിലകളുള്ള ഹോട്ടലിൽ നാനൂറോളം മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു. ഹോവ ബിൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍, അമേരിക്കൻ വിൻ‌ഹാം ഹോട്ടൽസ് ബ്രാൻഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

എന്‍ട്രി ഗേറ്റ് മുതല്‍ തുടങ്ങുന്നു കണ്ണു മഞ്ഞളിക്കുന്ന സ്വര്‍ണ്ണപ്രഭ. അതിഥികളെ സ്വാഗതം ചെയ്യുന്ന ലോഞ്ച് ഏരിയയും സ്വര്‍ണ്ണം പൂശിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും കണ്ണാടികളും കൂടാതെ, ഷവര്‍, ബാത്ത് ടബ്, ടോയ്‌ലറ്റ് സീറ്റുകള്‍, ബേസിൻ, മേൽക്കൂരയിലുള്ള ഇൻഫിനിറ്റി പൂൾ എന്നിവയെല്ലാം സ്വർണ്ണമയമാണ്. വിയറ്റ്നാം നഗരത്തിന്‍റെ മനോഹരമായ കാഴ്ച കണ്ടു കൊണ്ട്, ഉയരത്തില്‍ സജ്ജീകരിച്ചിരിക്കുന്നതും സ്വര്‍ണ്ണം പൂശിയതുമായ പൂളില്‍ കുളിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ!

പ്രാദേശിക ഉറവിടങ്ങളില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളും മറ്റും ഉപയോഗിച്ചതിനാല്‍, നിര്‍മ്മാണച്ചെലവ്‌ പ്രതീക്ഷിച്ചത്ര വന്നില്ല. ഗോള്‍ഡ്‌ പ്ലേറ്റിങ്ങും മറ്റും ഗ്രൂപ്പിന്‍റെ തന്നെ ഫാക്ടറിയിലാണ് ചെയ്തത്. ഫര്‍ണിച്ചര്‍ മുതലായവ നിര്‍മ്മിക്കാനും ഭീമമായ തുക ചിലവാക്കേണ്ടതായി വന്നില്ല. 

എന്നാല്‍, ഇത്രയും കിടുക്കന്‍ ഹോട്ടലില്‍ ഒരു രാത്രി ചെലവഴിക്കാന്‍ $250, അഥവാ ഏകദേശം 18,800 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ എന്നുള്ളതാണ് അത്ഭുതമുണര്‍ത്തുന്ന മറ്റൊരു കാര്യം. സാധാരണക്കാര്‍ക്ക് ഒരു രാത്രിയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ധനികനായി ജീവിക്കാനുള്ള അവസരമാണ് ഇത്രയും കുറഞ്ഞ നിരക്കിലൂടെ തങ്ങള്‍ നല്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. കൊറോണ മൂലമുള്ള നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തു മാറ്റിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിക്കാന്‍ തയാറെടുക്കുകയാണ് ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടല്‍.

English Summary : Vietnam Gets A Hotel With Gold Plated Bathtub And Toilet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com