sections
MORE

അര നൂറ്റാണ്ടായി നിര്‍ത്താതെ കത്തുന്ന തീ;സെൻ‌ട്രേലിയ ഒരു പ്രേതനഗരം

Centralia%2c-Pennsylvania
SHARE

ഒരു നൂറ്റാണ്ടു മുന്‍പ് വരെ തിരക്കേറിയ തെരുവുകളും ആളുകളും ലാഭകരമായ ഖനന ബിസിനസുമെല്ലാമുള്ള ഒരു ചെറിയ പട്ടണമായിരുന്നു പെൻ‌സിൽ‌വാനിയയിലെ സെൻ‌ട്രേലിയ. പ്രാദേശിക ഖനികളിൽ നിന്നുള്ള കൽക്കരിയായിരുന്നു നഗരത്തിന്‍റെ   സമ്പദ്‍‍‍‍വ്യവസ്ഥയുടെ നട്ടെല്ല്. ആയിരത്തിലധികം വരുന്ന ജനങ്ങള്‍ പലവിധ ജോലികള്‍ ചെയ്ത് ഇവിടെ സുഖമായി ജീവിച്ചു.

531186878

എന്നാല്‍ ഇന്ന് സെൻ‌ട്രേലിയ ഒരു പ്രേതനഗരമാണ്. ആളനക്കമില്ലാത്ത തെരുവുകള്‍. ഒരു കാലത്ത് സമ്പന്നത കൊടികുത്തി വാണിരുന്ന നഗരഹൈവേകളിലെങ്ങും അരനൂറ്റാണ്ടായി പടര്‍ന്നു പിടിക്കുന്നത് പുകയാണ്. ഖനിയില്‍ നിന്നും പടര്‍ന്ന് 50 വർഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന തീയാണ് ഒരു ജനസമൂഹത്തിന്‍റെയാകെ നാശത്തിനും കുടിയൊഴിപ്പിക്കലിനും ദാരിദ്ര്യത്തിനും കാരണമായത്.കൽക്കരി ഖനികളില്‍ നിന്നും പടര്‍ന്നു പിടിക്കുന്ന തീ ഒരു പുതിയ കാര്യമല്ല. എന്നാല്‍, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണ് സെൻ‌ട്രേലിയയില്‍ ഉണ്ടായത്. 1962- ലെ തീപിടിത്തത്തിന് മുമ്പ് ഒരു നൂറ്റാണ്ടിലേറെക്കാലം ഒരു പ്രധാന ഖനന കേന്ദ്രമായിരുന്നു ഈ നഗരം. 1850- കളിലാണ് ആന്ത്രാസൈറ്റ് കൽക്കരി സമ്പന്നമായ സെൻ‌ട്രേലിയയില്‍ ഖനനം തുടങ്ങിയത്.

1860- കളില്‍ ഐറിഷ് അക്രമകാരികളായ മോളി മഗ്വയര്‍മാര്‍  നഗരത്തിലെത്തി.സെൻ‌ട്രേലിയയിലെങ്ങും അവര്‍ അക്രമം വിതച്ചു. നഗരസ്ഥാപകരില്‍ ഒരാളായ അലക്സാണ്ടര്‍ രേയെ അവര്‍ വധിച്ചു. പിന്നീട് 1877- ല്‍ ഇതിന്‍റെ നേതാക്കളെ പിടികൂടി വധിച്ചതോടെ നഗരം വീണ്ടും സമാധാനത്തിലേക്ക് മടങ്ങിയെത്തി. 1890 ആയപ്പോഴേക്കും ഖനിത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമെല്ലാമായി 2,700 ൽ  അധികം ആളുകൾ ഇവിടെ താമസിച്ചിരുന്നു. ഓഹരിവിപണി തകർച്ചയും മഹാമാന്ദ്യവും മധ്യേഷ്യയിലെ കൽക്കരി വ്യവസായത്തിന് കനത്ത പ്രഹരമേൽപ്പിച്ചെങ്കിലും സെൻ‌ട്രേലിയ അതിനെ അതിജീവിച്ചു.

പിന്നീട് നഗരത്തിന്‍റെ നാശം തുടങ്ങിയത് എങ്ങനെയാണെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. 1962- ല്‍ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനനകേന്ദ്രം, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയതോടെയാണ് നഗരത്തിന്‍റെ തലവര മാറാന്‍ ആരംഭിച്ചത് എന്ന് ചരിത്രാന്വേഷികള്‍ കരുതുന്നു. എലികളും ദുര്‍ഗന്ധവും നിറഞ്ഞ തെരുവുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി നഗരപാലകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അത്.

1962 മേയ് മാസത്തില്‍, സെൻ‌ട്രേലിയയുടെ മെമ്മോറിയല്‍ ഡേ ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ നഗരം ശുചീകരിക്കാന്‍ സിറ്റി കൗണ്‍സില്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തന രഹിതമായ ഖനിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു. അതോടെ, നഗരത്തെരുവുകള്‍ക്കടിയിലെ ടണലുകള്‍ക്കുള്ളിലൂടെ തീ അതിവേഗം പടര്‍ന്നു. തീ കെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ആ പ്രദേശത്ത് ഉണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട ഖനന തുരങ്കങ്ങളെല്ലാം തീ കൊണ്ടു നിറഞ്ഞു. പോകെപ്പോകെ നഗരഭൂമി ചുട്ടു പഴുത്തു. ചില സ്ഥലങ്ങളിൽ താപനില 900 ഡിഗ്രി ഫാരൻഹീറ്റിൽ എത്തി. സിങ്ക്ഹോളുകളിൽ നിന്നും ബേസ്മെന്റുകളിൽ നിന്നും പുക ഉയരാന്‍ തുടങ്ങുകയും നഗരവാസികള്‍ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങുകയും ചെയ്തു. വീടുകൾ ചരിഞ്ഞുതുടങ്ങി. 

എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ വളരെ ഗുരുതരമായ അവസ്ഥയിലെത്തിയിരുന്നു. തീ അണയ്ക്കുന്നതിനുപകരം, താമസക്കാർക്ക് പണം നല്‍കാനാണ് അധികൃതര്‍ തീരുമാനിച്ചത്. 1992 ആയതോടെ സെൻ‌ട്രേലിയ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. പിന്‍കോഡ് എടുത്തു മാറ്റി. സ്വത്ത് കൈമാറുന്നതിനോ വിൽക്കുന്നതിനോ കോടതി മൂലം വിലക്കേര്‍പ്പെടുത്തപ്പെട്ട ഏഴു ജീവനക്കാര്‍ മാത്രം അവിടെ തുടര്‍ന്നു.

ഇന്ന്, പെൻ‌സിൽ‌വാനിയയിലെ‌ മുപ്പത്തിയെട്ടോളം സജീവ ഖനന തീകളിലൊന്നായാണ് സെൻ‌ട്രേലിയ അറിയപ്പെടുന്നത്. നിയന്ത്രിച്ചില്ലെങ്കില്‍ ഒരു നൂറ്റാണ്ടു കൂടി ഈ തീ ഇങ്ങനെ തന്നെ തുടര്‍ന്നേക്കാം എന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പ് പറയുന്നു.

English Summary : This Mine Fire Has Been Burning For Over 50 Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA