ADVERTISEMENT

സ്ഥിരമായി യാത്ര ചെയ്യുന്നവരാണ് നടിമാരായ റിമ കല്ലിങ്കലും പാര്‍വതിയും. ഒരുമിച്ചുള്ളതും അല്ലാത്തതുമായ നിരവധി യാത്രാ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈയിടെ സ്പെയിനിലെ റോയല്‍ അല്‍കാസറില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും സ്വിസ്റ്റര്‍ലാന്‍ഡില്‍ നിന്നുമെല്ലാമുള്ള യാത്രാ ചിത്രങ്ങള്‍ റിമ പോസ്റ്റ്‌ ചെയ്തിരുന്നു. റിമയ്ക്കൊപ്പം നടത്തിയ കാലിഫോര്‍ണിയ യാത്രയുടേതടക്കമുള്ള ചിത്രങ്ങള്‍ പാര്‍വതിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ, കാലിഫോർണിയയിലെ ഭീമന്‍ സെക്കോയ മരങ്ങള്‍ നിറഞ്ഞ യോസ്സെമിറ്റി നാഷണല്‍ പാര്‍ക്കിലേക്കുള്ള യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. നടി പാര്‍വ്വതിയും ഒപ്പമുണ്ട്. കൂറ്റന്‍ സെക്കോയ മരം തുരന്നുണ്ടാക്കിയ ചതുര വാതിലിനു മുന്നില്‍ നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പമുണ്ട്. "ട്രെക്ക് ചെയ്ത് ക്ഷീണിച്ച നമ്മള്‍" എന്ന് പാര്‍വതി ഒരു ചിത്രത്തിനടിയില്‍ കമന്റ് ചെയ്തതും കാണാം.

ആയിരക്കണക്കിന് തടാകങ്ങളും വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ യോസെമിറ്റി വെള്ളച്ചാട്ടം ഉള്‍പ്പെടെ മനോഹരങ്ങളായ നിരവധി ജലപാതങ്ങളും 2,600 കിലോമീറ്റർ നീളമുള്ള അരുവികളും മലകളും ജൈവവൈവിദ്ധ്യവും കൊണ്ട് ശ്രദ്ധേയമായ യോസ്സെമിറ്റി, യുനെസ്കോയുടെ ലോക പൈതൃകസ്ഥാനങ്ങളില്‍ ഒന്നാണ്. ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷമായ 'ജയന്റ് സെക്കോയ' സ്ഥിതി ചെയ്യുന്നത് ഈ നാഷണല്‍ പാര്‍ക്കിനുള്ളിലാണ്.

കാലിഫോർണിയയിലെ മദ്ധ്യ-സിയേറാ നെവാഡാ പർവതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന യോസ്സെമിറ്റിയുടെ തൊണ്ണൂറു ശതമാനത്തിലധികം കാടാണ്. പൈന്‍മരങ്ങളും കരിങ്കല്‍ മലകളും നിറഞ്ഞ യോസ്സെമിറ്റി താഴ്‌വരയുടെ സൗന്ദര്യം നുകരാനും അവ പകര്‍ത്താനും എത്തുന്ന കലാകാരന്‍മാര്‍ നിരവധിയാണ്. 3,000 അടി ഉയരത്തിലേക്ക് ട്രെക്കിംഗ് നടത്താവുന്ന 'എല്‍ കപ്പിത്താന്‍' എന്ന കൂറ്റന്‍ കരിങ്കല്‍പ്പാറ സാഹസിക സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ്.

വർഷം മുഴുവനും തുറന്നിരിക്കുന്ന നാഷണല്‍ പാര്‍ക്കാണ് യോസ്സെമിറ്റി. വിനോദസഞ്ചാരികള്‍ക്കായി നേച്ചര്‍ വാക്ക്, ഫോട്ടോഗ്രാഫി, ആർട്ട് ക്ലാസുകൾ, സ്റ്റാർഗേസിംഗ് പ്രോഗ്രാമുകൾ, ഹൈക്കിംഗ് ടൂറുകൾ, ബൈക്കിംഗ്, റാഫ്റ്റിംഗ്, കുതിരസവാരി എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാര്‍ട്രെക്ക് ഉള്‍പ്പെടെ നിരവധി സിനിമകളിലും സീരീസുകളിലും ഇവിടം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

English Summary : Celebrity Travel Parvathy and Rima Yosemite National Park Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com