ADVERTISEMENT

എന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ് ഏഴുനിറങ്ങളിൽ മാനത്തു വിരിയുന്ന മാരിവില്ല്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമായ മൗറിഷ്യസിലെ ചമറേൽ എന്ന ഗ്രാമം ശ്രദ്ധയാകർഷിക്കുന്നത് അവിടുത്തെ മണ്ണിൽ സപ്തവർണങ്ങൾ വിടരുന്നതിലൂടെയാണ്. സങ്കീർണമായ രാസ–ഭൗതികമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രം ഈ അദ്ഭുതത്തെ വിശദീകരിക്കുന്നത്. ലോകമെമ്പാടുനിന്നുമുള്ള സഞ്ചാരികൾ മറ്റെങ്ങും കാണാനാകാത്ത മണ്ണു കാണാൻ ഇവിടേക്കെത്തുന്നുണ്ട്.

കാട്ടിലെ കാഴ്ച

മൗറിഷ്യസിന്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് റിവിയർ നോയ്ർ ജില്ലയിലാണ് 7500 ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തൃതിയുള്ള ചമറേൽ എന്ന ഗ്രാമം. ഉദ്ദേശം ആയിരം ആളുകൾ മാത്രം സ്ഥിരതമാസമുള്ള ഈ ഗ്രാമവും പരിസരവും പ്രകൃതിഭംഗിനിറഞ്ഞ കാഴ്ചകൾക്ക് പ്രശസ്തമാണ്. അക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന കാഴ്ചയാണ് മണ്ണിന് ഏഴു നിറമുള്ള ഭൂഭാഗം.

ഗ്രാമത്തിനോടു ചേർന്ന് വൻമരങ്ങൾ ഇടതിങ്ങിയ കൊടുംകാടിനു നടുവിലാണ് നിറങ്ങളാൽ തിളങ്ങുന്ന ഈ ഭൂമിയുള്ളത്. യഥാർഥത്തിൽ ഇവിടം മരുഭൂമികളിലെപ്പോലെ മണൽക്കുന്നുകൾ അടങ്ങുന്ന ഒരു പ്രദേശമാണ്. ചുമല, തവിട്ട്, വയലറ്റ്, പച്ച, നീല, പർപ്പിൾ, മഞ്ഞ നിറങ്ങളിലുള്ള മണ്ണ് ഈ പ്രത്യേകഭാഗത്ത് കാണാം. അറിഞ്ഞിടത്തോളം ഭൂമിയിൽ മറ്റൊരിടത്തും ഇത്തരമൊരു സവിശേഷത ഇല്ല. മരക്കൂട്ടം പകരുന്ന ഹരിതാഭയുടെ പശ്ചാത്തലത്തിൽ ഈ പലനിറക്കാഴ്ചയുടെ മാറ്റ് കൂടുന്നു.

 

ചമറേലിലെ നിറമുള്ള മണ്ണിന് മറ്റൊരു പ്രത്യേകതകൂടി ഉണ്ട്. പല നിറങ്ങളിലുള്ള മണ്ണു കൂട്ടിക്കലർത്തി എടുത്താൽ അൽപസമയം കൊണ്ട് അവ നിറത്തിന്റെ അടിസ്ഥാനത്തിൽ‍ പല തട്ടുകളായി തിരിഞ്ഞ് സ്വയം ക്രമീകരിക്കും. ഇതിന്റെ ശാസ്ത്രീയവശം എന്താണെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല.

യുഗങ്ങൾ സാക്ഷി

ചമറേലിലെ മാജിക് മണ്ണിന് 600 ദശലക്ഷം വർഷം പഴക്കമുണ്ട് എന്നാണ് കണക്കാക്കുന്നത്. അഗ്നിപർവത സ്ഫോടനത്തിലൂടെ ഭൂമിയുടെ മുകൾതട്ടിലെത്തുന്ന ബസാൾട്ട് ശിലയുടെ വിഘടനമാണ് സപ്തവർണ പ്രതിഭാസത്തിന്റെ കാരണം. ഉരുകിയൊലിച്ചു കിടക്കുന്ന മാഗ്മ തണുത്തുറയുന്നതിനിടെ മഴക്കാലത്ത് അതിലൂടെ ശക്തമായ ജലപ്രവാഹമുണ്ടായാൽ ബസാൾട്ട് കളിമണ്ണായി വിഘടിക്കുന്ന പ്രക്രിയയുടെ നിരക്ക് വലിയരീതിയിൽ വ്യത്യാസപ്പെടും. 

പൂർണരൂപം വായിക്കാം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com