sections
MORE

സെക്സ് ടൂറിസം മാത്രമല്ല: പട്ടായയെക്കുറിച്ച് മലയാളികൾ അറിയാൻ

pattaya-trip
SHARE

'പട്ടായ' എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകളാണ് മലയാളികളിൽ ഭൂരിഭാഗവും. സെക്സ് ടൂറിസ്റ്റ് സ്പോട്ട് എന്ന നിലക്കാണ് പട്ടായ ഇത്രത്തോളം പ്രശസ്തമായതെങ്കിലും യാത്രക്കാരെ സംബന്ധിച്ച് സുന്ദരകാഴ്ചകളുടെ മായാലോകമാണ് ഇൗ നഗരം. സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്രസ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടുകൂടിയാണിവിടം. പട്ടായയും തായ്‍‍ലൻഡുമൊക്കെ കീശകാലിയാക്കാതെ യാത്രചെയ്യാവുന്ന ഇടങ്ങളാണ്.

തായ്‌ലൻഡിൽ എത്തുന്ന മിക്ക സഞ്ചാരികളും പട്ടായ സന്ദർശിക്കാതെ മടക്കയാത്രക്കൊരുങ്ങില്ല. സഞ്ചാരികൾ മാത്രമല്ല മധുവിധു ആഘോഷത്തിനായും മിക്ക ദമ്പതികളും തായ്‍‍ലൻഡ് പട്ടായ ട്രിപാണ് ആദ്യം പ്ലാൻ ചെയ്യുക. കാഴ്ചകൾക്കൊപ്പം അധികം നൂലാമാലകൾ ഇല്ലാതെ കുറഞ്ഞ ചെലവിൽ യാത്ര പോകാം എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. സെക്സ് ടൂറിസം എന്നാണ് ഇവിടം അറിയപ്പെടുന്നത്. അവിടെ ചെല്ലുമ്പോൾത്തന്നെ സന്ദർശകരെ  സ്ത്രീകൾ കാത്തിരിക്കുന്നു എന്ന പോലെയാണ് പല കഥകളും പറഞ്ഞു കേൾക്കുന്നത്. പക്ഷേ തായ്‌ലൻഡ് സർക്കാർ ഇത്തരം ടൂറിസത്തിനെ അവിടെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. എല്ലാ നഗരങ്ങളിലും എന്ന പോലെ ഇവിടെയും സെക്സ് മസാജിങ്ങും ഒക്കെ പിന്നാമ്പുറങ്ങളിൽ നടക്കുന്നുണ്ട്.

pattaya

എന്തുകൊണ്ട് പട്ടായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുന്നത്

വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ചകളും പ്രകൃതിസൗന്ദര്യവും കടലോര കാഴ്ചകളും രൂചിയൂറും വിഭവങ്ങളുമൊക്കെയാണ് പട്ടായ സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതാകുന്നത്. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്. എങ്കിലും പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്. വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു. വർഷങ്ങൾ മുന്നോട്ട് പോയതോടെ പട്ടായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മുഖം മിനുക്കി. ഒരു സെക്സ് ടൂറിസം ഡെസ്റ്റിനേഷൻ എന്ന് ആഗോളതലത്തിലുള്ള ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങൾ ഇവിടെ കാര്യമായി നടക്കുന്നുണ്ട്. ഇപ്പോൾ കുടുംബങ്ങളും ധാരാളമായി ഇവിടെയെത്തി അവധി ആഘോഷിക്കുന്നുണ്ട്.

506676588

ഉറക്കമില്ലാത്ത നഗരമാണ് പട്ടായ. നിശാപാർട്ടികളും ബാറും നൈറ്റ് ക്ലബുകളുമൊക്കെ രാത്രിയിൽ സജീവമാകും. പട്ടായയിലെ മുഖ്യ ആകർഷണം വാക്കിങ് സ്ട്രീറ്റ് ആണ്. ആട്ടവും പാട്ടുമായി ഏഴുമണിയോടുകൂടി ഉണരുന്ന തെരുവ്. പുലര്‍ച്ചെ മൂന്നരവരെ പിന്നെ ആഘോഷങ്ങളുടെ പൂരമാണ്. നിരവധി സെക്സ് പാർലറുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. മങ്ങിയ വെളിച്ചം മിന്നുന്ന അകത്തളങ്ങളിൽ സുന്ദരികളായ പെൺകുട്ടികൾ മാടിവിളിക്കുന്ന മിഴികളുമായി നിരന്നിരിക്കുന്നതും കാണാം.

വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്നത്. തേളും പാമ്പും പാറ്റയുമൊക്കെയായി കളര്‍ഫുള്‍ വഴിയോരകടകൾ. ചിപ്സ് വറുത്തുകൂട്ടിയിരിക്കുന്നത് പോലെയാണ് പാറ്റയെ വറുത്തുകോരിവച്ചിരിക്കുന്നത്. മലയാളികളിൽ ഭൂരിഭാഗം പേർക്കും അവരുടെ ചില വിഭവങ്ങൾ അത്ര ആസ്വദകരമല്ലെങ്കിലും മറ്റു ചില രൂചിയൂറും വിഭവങ്ങളും അവിടെ കിട്ടും.നൈറ്റ് ക്ലബുകളും ആഘോഷരാവുകളും കഴിഞ്ഞാൽ പകൽസമയം മസാജ് സെന്ററിന്റെ ഉൗഴമാണ്. ഫൂട്ട് മസ്സാജ്, ഫേസ് മസ്സാജ്, ഓയിൽ മസ്സാജ് തുടങ്ങി മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന അരോമ മസ്സാജുകളും ഇവിടെയുണ്ട്.

ഇൗ കാഴ്ചകൾക്കപ്പുറം കോറൽ ഐലൻഡ് ബീച്ച്,ഫ്ലോട്ടിങ്ങ് മാർക്കറ്റ്,സാങ്ച്വറി ഓഫ് ട്രൂത്ത്( പട്ടായയിൽ വരുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാണാതെ, അറിയപ്പെടാതെ പോകുന്ന ഒരു സ്ഥലമാണിത്. കടലിനോടു ചേർന്നു കിടക്കുന്ന ഒരു ബുദ്ധക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം)അല്‍കസാര്‍ ഷോ, അങ്ങനെ നിരവധി കാഴ്ചകൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. പട്ടായ വെറുമൊരു ടൂറിസ്റ്റ് കേന്ദ്രം മാത്രമല്ല, അതൊരു ഫാന്റസി ലോകമാണ്.

English Summary : Pattaya Travel Guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA