ADVERTISEMENT

സിങ്‌താവോ മദ്യ നിർമാണ ശാലയുടെ ആസ്ഥാനമെന്ന നിലയിൽ പ്രസിദ്ധമാണ് ചൈനീസ് തീരദേശ നഗരമായ ക്വിങ്‌ദാവോ. ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാനായി പുതിയ ഒരു കാര്യം കൂടി ഇപ്പോള്‍ ക്വിങ്‌ദാവോ പട്ടണത്തില്‍ ഉണ്ട്; നക്ഷത്ര മത്സ്യത്തിന്‍റെ ആകൃതിയുള്ള ജിയാഡോംഗ് രാജ്യന്തര വിമാനത്താവളം! മനോഹരമായ ഈ എയര്‍പോര്‍ട്ടിന്‍റെ പണി പൂർത്തിയാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്തുമെന്നാണ് കരുതുന്നത്. 

 

ഈ വര്‍ഷം ജൂൺ 24 ന് നിർമാണം പൂർത്തിയായതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും എയര്‍പോര്‍ട്ടിന്‍റെ ഔദ്യോഗിക ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

3,066 ഹെക്ടർ വിസ്തൃതിയുള്ള വിമാനത്താവളം നിർമ്മിക്കാൻ അഞ്ച് വർഷത്തോളം സമയമെടുത്തു. ഇതിനു വേണ്ടിവന്ന ചെലവോ, ഏകദേശം 5.8 ബില്യൺ ഡോളറാണ്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന്റെ (1,227 ഹെക്ടർ) ഇരട്ടി വലുപ്പമാണ് ജിയാഡോംങ് വിമാനത്താവളത്തിനുള്ളത് എന്നതും രാജ്യാന്തര തലത്തില്‍ ഇതിനെ ശ്രദ്ധേയമാക്കുന്നു. 

 

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനങ്ങളായ എ 380, ബോയിംഗ് 787 വിമാനങ്ങൾ എന്നിവ ഉൾക്കൊള്ളാൻ പര്യാപ്തമായ  4F-ക്ലാസ് വിമാനത്താവളമാണിത്. അതുകൊണ്ടുതന്നെ, ഇവിടം വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു പുതിയ ഗതാഗത കേന്ദ്രമായി മാറാന്‍ സാധ്യത ഏറെ കൂടുതലാണ്. 

ക്വിങ്‌ദാവോ നഗരകേന്ദ്രത്തിൽ നിന്ന് 39 കിലോമീറ്റർ അകലെയാണ് എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്നത്. നിലവിൽ ഷാൻ‌ഡോംഗ് പ്രവിശ്യയിലെ പ്രാഥമിക വിമാനത്താവളവും ചൈനയിലെ ഏറ്റവും തിരക്കേറിയ 17-ാമത്തെ വിമാനത്താവളവുമായ ക്വിങ്‌ദാവോ ല്യൂട്ടിംഗ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് പുതിയ വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. 2016 ൽ 20 ദശലക്ഷത്തിലധികം പേര്‍ യാത്ര ചെയ്ത വിമാനത്താവളമാണിത്. 

 

തുടക്കത്തിൽ രണ്ട് റൺവേകളിലായി 35 ദശലക്ഷം യാത്രക്കാരെയും 500,000 മെട്രിക് ടൺ ചരക്കുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പുതിയ വിമാനത്താവളത്തില്‍ 2025 ഓടെ 300,000 ലാൻഡിംഗുകളും ടേക്ക്ഓഫുകളും നടത്താന്‍ കഴിയും എന്നാണു കരുതുന്നത്. നിര്‍മ്മാണത്തിന്‍റെ രണ്ടാം ഘട്ടത്തിൽ രണ്ട് റൺ‌വേകൾ‌ കൂടി നിര്‍മ്മിക്കുമെന്ന് സിൻ‌ഹുവ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 60 ദശലക്ഷം യാത്രക്കാർ‌ക്കും ഒരു ദശലക്ഷം ടൺ‌ ചരക്കുകൾ‌ക്കും 452,000 വാർ‌ഷിക ലാൻ‌ഡിംഗുകൾ‌ക്കും ടേക്ക്‌ഓഫുകൾ‌ക്കുമായി എയര്‍പോര്‍ട്ടിന്‍റെ ശേഷി വർദ്ധിക്കും.

 

പുതിയ ബീജിംഗ് ഡാക്സിംഗ് അന്താരാഷ്ട്ര വിമാനത്താവളവുമായി സാമ്യതയുണ്ട് ഇതിന്‍റെ ഘടനയ്ക്ക്. നക്ഷത്ര മത്സ്യത്തിന്‍റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍, 470,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനലിലെ പ്രധാന ചെക്ക്-ഇൻ ഹാളും ഏറ്റവും ദൂരെയുള്ള ഗേറ്റുകളും തമ്മിലുള്ള ദൂരം വളരെ കുറയുന്നു, വെറും 550 മീറ്റര്‍ മാത്രമാണ് ഇവ തമ്മില്‍ ഉള്ള ദൂരം. കൂടാതെ അള്‍ട്രാ തിന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മേല്‍ക്കൂരയും ഗ്രീന്‍ വാട്ടര്‍ ട്രീറ്റ്മെന്റ് സംവിധാനവും ഇവിടത്തെ പ്രത്യേകതകളാണ്. 

 

അതിവേഗ റെയിൽ, സബ്‌വേ ലൈനുകൾ എന്നിവ വഴി ക്വിങ്‌ദാവോയെ പുതിയ വിമാനത്താവളവുമായി ബന്ധിപ്പിക്കും. പട്ടണകേന്ദ്രത്തില്‍ നിന്നും പുതിയ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്ക് ഒരു മണിക്കൂറെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com