sections
MORE

വൻ നഗരങ്ങളെക്കാൾ സഞ്ചാരികളുടെ മനം കവരുന്ന ചെറുപട്ടണങ്ങൾ

positano-italy
Positano, Italy
SHARE

നമ്മൾ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ പലപ്പോഴും തിരഞ്ഞെടുക്കുന്നത് ഏതെങ്കിലുമൊരു പ്രശസ്ത നഗരമായിരിക്കും. ഒരു വിദേശ രാജ്യത്തേക്കുള്ള യാത്ര പോലും ഏതെങ്കിലുമൊരു നഗരം ക്രേന്ദീകരിച്ചായിരിക്കും. എന്നാൽ വൻ നഗരങ്ങളെപ്പോലെ തന്നെ ചില ചെറുപട്ടണങ്ങളും സഞ്ചാരികളുടെ മനം കവരുന്നതാണ്. പൈതൃകം, പാരമ്പര്യം, ചരിത്രം എന്നിവ കൊണ്ട് വേറിട്ടു നിൽക്കുന്ന ചില ചെറുപട്ടണങ്ങളെ പരിചയപ്പെടാം.

ബാരിചാര, കൊളംബിയ

barichara-colombia-1

കൊളംബിയയിലെ ഏറ്റവും മനോഹരമായ ചെറിയ പട്ടണങ്ങളിലൊന്നാണ് ബാരിചാര. 1705ൽ നിർമിച്ച ബാരിചര, കോബ്ലെസ്റ്റോൺ തെരുവുകളും വെളുത്ത കെട്ടിടങ്ങളുമുള്ള മനോഹരമായ മലയോര പട്ടണമാണ്. കൊളംബിയയിലെ ഏറ്റവും മനോഹരമായ ചെറിയ കൊളോണിയൽ പട്ടണങ്ങളിൽ ഒന്നാണ് ഇത്. 7,000 ജനസംഖ്യയുള്ള ഈ നഗരം സഞ്ചാരികൾക്ക് വളരെ സൗഹാർദപരവും ശാന്തവുമായ ഈ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

കരുയിസാവ, ജപ്പാൻ

karuizawa-japan

ജപ്പാനിലെ കരുയിസാവ സജീവ അഗ്നിപർവ്വതത്തിനടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഈ ചെറു പട്ടണം റൊമാന്റിക് റിട്രീറ്റ് എന്നാണ് അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ, ടോക്കിയോയിലെ സമ്പന്നർ അവധിക്കാലം ആഘോഷിക്കാൻ വേണ്ടിയാണ് നഗരത്തിന് പുറത്ത് ഒരു മണിക്കൂർ അകലെയുള്ള ആസാമ പർവതത്തിന്റെ അടിത്തട്ടിൽ കരുയിസാവ സ്ഥാപിച്ചത്. ഇന്ന്, 20,000 ജനസംഖ്യയുള്ള ഈ പട്ടണം ജനപ്രിയമാകുന്നത് വ്യത്യസ്തത കൊണ്ടു തന്നെയാണ്. ബോട്ടിക് സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഒരു ചെറിയ ഗ്രാമത്തിലുണ്ട്. ജപ്പാനിലെ അക്കിഹിറ്റോ ചക്രവർത്തി ഭാര്യയെ ഇവിടെ വച്ചാണ് കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. അതു കൊണ്ടാകാം ഈ നഗരം ഒരു റൊമാന്റിക് ഡെസ്റ്റിനേഷനായി അറിയപ്പെടുന്നത്.

ബാൻഫ്, കാനഡ

banff-canada

കാനഡയിലെ മഞ്ഞുവീഴുന്ന റോക്കി പർവതനിരകളിൽ സ്ഥിതിചെയ്യുന്ന റിസോർട്ടുകള്‍ നിറഞ്ഞ പട്ടണമാണ് ആൽബർട്ടയിലെ ബാൻഫ്. 1883-ൽ കുറച്ച് റെയിൽ‌വേ തൊഴിലാളികൾ റോക്കി പർവതനിരകളിൽ പ്രകൃതിദത്ത ചൂടുറവ കണ്ടെത്തി. അങ്ങനെ കാനഡയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ബാൻഫ് നാഷണൽ പാർക്ക് സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഈ പാർക്കിനെയും ഉറവകളെയും സംരക്ഷിക്കാനും സഹായിക്കുന്നതിനുമായി ഉണ്ടാക്കിയ പട്ടണമാണ് ബാൻഫ്.  ഇന്നും ആ പട്ടണം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി കണക്കാക്കപ്പെടുന്നു. ദേശീയ ഉദ്യാനത്തിലേക്കുള്ള എൻട്രി വില്ലേജ് ആയതിനാൽ, ട്രെക്കിംഗ് പ്രേമികളുടെയും വിനോദ സഞ്ചാരികളുടേയും ഇഷ്ട കേന്ദ്രമായി ബാൻഫ് മാറി.

പോസിറ്റാനോ, ഇറ്റലി

positano-italy-1

ഇറ്റലിയിലെ അമാൽഫി കോസ്റ്റിനെക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. അമാൽഫിയേപ്പോലെ സുന്ദരവും എന്നാൽ അധികം തിരക്കില്ലാത്തതുമായ ഒരു ചെറുപട്ടണം അടുത്തായിട്ടുണ്ട്, അതാണ് പോസിറ്റാനോ. സന്ദർശകർക്ക് കടലിന്റെ മനോഹരമായ കാഴ്ചകൾ ഈ തീരപട്ടണം വാഗ്ദാനം ചെയ്യുന്നു. പുരാതന റോമാക്കാർ തങ്ങളുടെ വില്ലകൾ നിർമിക്കാൻ ക്ലിഫ്സൈഡ് സൈറ്റ് തിരഞ്ഞെടുത്തപ്പോഴാണ് പോസിറ്റാനോ ഉത്ഭവിച്ചത്. ഇന്നും ആ വില്ലകൾ അവിടെ പൗരാണികതയുടെ അവശിഷ്ടങ്ങളായി നിലകൊള്ളുന്നു. ഒൻപതാം നൂറ്റാണ്ടിലെ പഴക്കമുള്ള വർണ്ണാഭമായ കെട്ടിടങ്ങളുടെ ഒരു ചെറിയ പട്ടണമാണ് പോസിറ്റാനോ. ഏകദേശം 4,000 പേർ അവിടെ ജീവിക്കുന്നു. എന്നാൽ അതിനേക്കാളേറെ വിനോദ സഞ്ചാരികൾ ഇവിടെ ഓരോ വർഷവും എത്തുന്നുണ്ട്.

സ്വിയാസ്ക്, റഷ്യ

sviyazhsk-russia

റഷ്യയിൽ, ഡസൻ കണക്കിന് ചരിത്രപരമായ സ്ഥലങ്ങളുള്ള ഒരു ചെറിയ ദ്വീപ് പട്ടണമുണ്ട്. സ്വിയാസ്ക് 1500-കളിൽ ഇവാൻ ദി ടെറിബിൾ നിർമ്മിച്ച ഒരു കോട്ടയായിരുന്നു. ഇത് നിർമ്മിക്കാൻ നാല് ആഴ്ച മാത്രമേ എടുത്തുള്ളൂ, പക്ഷേ ഇത് നൂറ്റാണ്ടുകൾക്കിപ്പുറവും നിലനിൽക്കുന്നു. ഇന്ന് മരം കൊണ്ട് നിർമ്മിച്ച ട്രിനിറ്റി ചർച്ച് ഉൾപ്പെടെ 30 ലധികം ചരിത്ര സ്ഥലങ്ങൾ സ്വിയാസ്കിലുണ്ട്. 200 പേർ മാത്രമാണ് നഗരത്തിൽ താമസിക്കുന്നതെങ്കിലും നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണിത്.

ഷെഫ്‌ ചൗൺ ഓൾഡ് ടൗൺ, മൊറോക്കോ

chefchaouen-morocco

എവിടേക്ക് തിരിഞ്ഞു നോക്കിയാലും അവിടെയൊക്കെ നീല നിറം മാത്രം. ഒരു മൊറോക്കോയിലെ ഒരു ചെറിയ പട്ടണത്തിന്റെ വിശേഷണമാണിത്. മൊറോക്കോയിലെ ഷെഫ്‌ചൗണിലെ ഓൾഡ്‌ ടൗൺ‌ പൂർണ്ണമായും നീല നിറത്തിൽ വരച്ചിരിക്കുന്ന ഒരു ചിത്രമാണെന്ന് പറയേണ്ടി വരും.1492-ൽ സ്പെയിൻ ജൂതന്മാരെ നാട്ടിൽ നിന്ന് പുറത്താക്കുകയും അവർ മിഡിൽ ഈസ്റ്റിലേക്ക് പലായനം ചെയ്യുകയും ചെയ്തു. മൊറോക്കോയിലേയ്ക്ക് കുടിയേറിയ അവർ കെട്ടിടങ്ങൾക്ക് നീല നിറം നൽകുന്ന പാരമ്പര്യം കൊണ്ടുവന്നു. ജൂത സമൂഹത്തെ സംബന്ധിച്ച് നീല കെട്ടിടങ്ങൾ ആകാശത്തെ പരിപൂർണമാക്കുന്നതിനും ദൈവവാസികളെ ഓർമിപ്പിക്കുന്നതിനുമാണ് എന്നാണ് വിശ്വാസം. ഇന്ന്, പഴയ പട്ടണമായ ചെഫ്‌ചൗൺ നീല നിറത്തിൽ ചായം പൂശിയ ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.

English Summary: Small Towns Find More Attractive Than Bigger Towns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA