sections
MORE

ചങ്കിടിപ്പേറ്റുന്ന തൂക്കുപാലം; ഒരു പർവതത്തിൽനിന്നു മറ്റൊരു പർവതത്തിലേക്ക് യാത്ര

SHARE

സ്വിസ്സ് ആൽപ്‌സിലെ ട്രിഫ്‌റ്റ് ബ്രിജിനെ കുറിച്ചാണ് ഈ യാത്രാ വിവരണം. ആൽപ്‌സ് മേഖലയിലെ രണ്ട് പർവതങ്ങളെ ബന്ധിപ്പിക്കുന്ന 170 മീറ്റർ നീളത്തിലുള്ള തൂക്കുപാലമാണ് ട്രിഫ്‌റ്റ് ബ്രിജ്. ആൽപ്‌സിലെ  ഗ്ലേസിയറും (മഞ്ഞുപാളികൾ) ട്രിഫ്‌റ്റ് തടാകവും ആൽപ്സിന്റെ സൗന്ദര്യവും അരുവികളും ഒക്കെ കണ്ട് ഒരു പർവതത്തിൽനിന്നു മറ്റൊരു പർവതത്തിലേക്ക് ഈ തൂക്കുപാലത്തിലൂടെ എത്താം. ഇവിടെ എത്തിയാൽ നിരാശരാകില്ല. അതി മനോഹരം!  

trift-bridge-3
ട്രിഫ്‌റ്റ് ബ്രിജ്

പറയുമ്പോൾ എല്ലാം പറയണമല്ലോ. അങ്ങോട്ടും ഇങ്ങോട്ടുമായി അഞ്ചര കിലോമീറ്റർ താണ്ടാൻ ചുരുങ്ങിയത് മൂന്നു മണിക്കൂർ നടക്കണം. ട്രിഫ്‌റ്റ് ബ്രിജിലെത്താൻ കുത്തനെയുള്ള ഒന്നര മണിക്കൂർ കയറ്റം കയറണം. ട്രക്കിങ് ഇഷ്ടവും അതിനൊത്ത ഫിറ്റ്നസ്സും ഉണ്ടെങ്കിൽ ഒരു വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്‌ത്‌ ധൈര്യമായിട്ട് വിടാം. ആൽപ്സിലെ മൗണ്ടൻ പാസ്സുകളിൽ ഒന്നായ സുസ്റ്റൻ പാസ്സിനോട് ചേർന്നുള്ള ട്രിഫ്‌റ്റ്‌ ഗൊണ്ടോള റെയിലിന്റെ ഡൗൺ സ്‌റ്റേഷനിൽ നിന്നാണ് യാത്രയുടെ തുടക്കം. 

triftrail
ട്രിഫ്‌റ്റ് ബ്രിജ്

സൂറിക്കിൽ നിന്നു പല വഴികളിലൂടെ ഇവിടെത്താം. ഏതു റൂട്ട് തിരഞ്ഞെടുത്താലും റോഡ് മാർഗമാണെങ്കിൽ ബേൺ പ്രവിശ്യയിലെ ട്രിഫ്‌റ്റ് റെയിൽ സ്റ്റേഷനിൽ എത്താൻ രണ്ട് മണിക്കൂർ കണക്കാക്കണം. ട്രെയിനിലും ബസ്സിലുമാണെങ്കിൽ ഒരു മൂന്നേകാൽ മണിക്കൂർ പിടിക്കും. മൗണ്ടൻ പാസ്സുകൾ എത്ര യാത്ര ചെയ്‌താലും മതിവരാത്തവയായതുകൊണ്ട് സുസ്റ്റൻ പാസ്സ് വഴി കാറിലായിരുന്നു യാത്ര. സുസ്റ്റൻ പാസിൽ ഇടയ്ക്ക് കാഴ്ചകൾ കാണാനായി നിർത്തി. വശങ്ങളിൽ ആൽപ്സിലെ മഞ്ഞുപാളികളും താഴെയുള്ള തടാകവും മനോഹര കാഴ്ചകളൊരുക്കി. സ്വിറ്റ്സർലൻഡിൽ വേനലവധി തുടങ്ങുകയും നല്ല കാലാവസ്ഥയും ആയിരുന്നതുകൊണ്ട് റോഡുകളിൽ സഞ്ചാരികളുടെ തിരക്ക്. ബൈക്ക് സഞ്ചാരികൾ പതിവിലേറെ നിരത്തിലുണ്ട്. പോസ്‌റ്റ് കാർഡുകളിൽ കാണുന്ന അതേ ഭംഗിയിലുള്ള സ്വിസ്സ് ഗ്രാമങ്ങളെ പിന്നിട്ട് ഗൊണ്ടോള റെയിലിന്റെ ഡൗൺ സ്‌റ്റേഷനിൽ എത്തി. 

alps
ആൽപ്സ്

ആൽപ്‌സിലെ ശൈത്യകാലത്തിനു മുമ്പും പിൻപുമായി ജൂൺ മുതൽ ഒക്ടോബർ പകുതി വരെ മാത്രമാണ്  ഈ കേബിൾ കാറിന്റെ പ്രവർത്തനം. ചുവന്ന നിറത്തിലുള്ള കേബിൾ കാറിൽ എട്ടു പേർക്കേ അനുമതിയുള്ളു. ഓൺലൈൻ വഴി നേരത്തെ ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ടിക്കറ്റ് തരപ്പെടണമെന്നില്ല. ഇരു വശത്തേക്കുമുള്ള യാത്രയ്ക്ക് മുതിർന്നവർക്ക് 24 ഉം കുട്ടികൾക്ക് 10 ഉം സ്വിസ്സ് ഫ്രാങ്കാണ് ചാർജ്. 15 മിനിറ്റ് ഇടവിട്ടാണ് കേബിൾ കാർ പുറപ്പെടുന്നത്. മാസ്‌ക് നിർബന്ധം. സ്റ്റേഷനിൽ കോവിഡ് പ്രതിരോധ മുന്നറിയിപ്പുകളും സാനിറ്റൈസറും വച്ചിട്ടുണ്ട്. ട്രിഫ്‌റ്റ് ബ്രിജ് കയറാൻ എത്തിയവർ സ്റ്റേഷനിൽ തങ്ങളുടെ ഊഴം കാത്തിരിപ്പുണ്ട്. സ്വിറ്റ്സർലൻഡ് വനങ്ങളുടെയും നാടായതുകൊണ്ട്, കാത്തിരിപ്പു സൗകര്യങ്ങളെല്ലാം തടിയിൽ തീർത്തതാണ്. 

trift-bridge-4
ലേഖകനും കുടുംബവും

15 മിനിറ്റാണ് ഒരു വശത്തേക്കുള്ള യാത്രയ്‌ക്കെടുക്കുക. താഴെ വനങ്ങളും ദൂരെ മലനിര, താഴ്‌വാര  കാഴ്ചകളും പിന്നിട്ട് കേബിൾ കാറിൽ അപ്പർ സ്റ്റേഷനിൽ ഇറങ്ങിയാൽ ആദ്യമേ ശ്രദ്ധയിൽപ്പെടുക ആൽപ്സിൽനിന്ന് ഒഴുകിവരുന്ന അരുവിയാണ്. ചുറ്റിനും നോക്കിയാൽ മലകൾക്കിടയിലൂടെ മഞ്ഞുരുകി വരുന്ന ഒട്ടധികം വെള്ളച്ചാലുകൾ കാണാം. തുടക്കത്തിൽ അരുവിക്ക്‌ അരികിലൂടെയും പിന്നെ കുറുകെ കടന്നുമാണ് ഇനിയുള്ള യാത്ര. ട്രിഫ്‌റ്റ് ബ്രിജിലേക്ക് ഒന്നര മണിക്കൂർ എന്ന് മഞ്ഞ സൈൻ ബോർഡിൽ ദിശ കാണിക്കുന്നു. ബാക്ക്പാക്കിലും ടിപ്പിക്കൽ ട്രക്കിങ് വേഷങ്ങളിലുമാണ് യാത്രികരിലേറെയും. വഴികളിലെങ്ങും സ്‌നാക്‌സ് സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടും ദൈർഘ്യമേറിയ യാത്രയായതു കൊണ്ടും ബാക്ക്പാക്കുകൾ നിറഞ്ഞാണിരിക്കുന്നത്. എന്നിട്ടും വഴിയിലെങ്ങും ഒരു വേസ്റ്റ് പേപ്പർ പോലും കാണാനില്ല. വേസ്റ്റ് ബിന്നുകൾ വച്ചിട്ടില്ലാത്തതു കൊണ്ട് അവനവന്റെ വേസ്റ്റുകളും ബാഗിൽ സൂക്ഷിച്ചാണ് എല്ലാവരുടെയും യാത്ര.

trift-bridge
ട്രിഫ്‌റ്റ് ബ്രിജ്

കുത്തനെയുള്ള കഠിനവഴികളിലൂടെയാണ് ഒന്നര മണിക്കൂർ യാത്രയിലെ 90 ശതമാനവും. കേബിൾ കാറിനുള്ളിലിരുന്ന് കണ്ട മരങ്ങളൊന്നും നടന്നവഴികളിൽ കണ്ടില്ല. കാട്ടു പൂക്കളും കുറ്റിച്ചെടികളും ചെറു വൃക്ഷങ്ങളും മാത്രമാണ് മലമുകളിൽ. പർവതങ്ങൾക്ക് തവിട്ടും ചാര നിറവും. തണലില്ലെങ്കിലും ഇടയ്ക്ക് വീശുന്ന തണുത്ത കാറ്റ് കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കും. മഞ്ഞുരുകിയെത്തുന്ന ചാലുകളിൽനിന്ന് വെള്ളം കുടിച്ചും മുഖത്തു തെറിപ്പിച്ചും ക്ഷീണം അകറ്റാം. ലോകത്തെ ഏറ്റവും ശുദ്ധമായ വായു എന്ന ലേബലിൽ ആൽപ്സിലെ വായു കുപ്പിയിലാക്കി വിപണിയിലിറക്കിയ വിരുതന്റെ ബുദ്ധിയെ മനസ്സാ നമിച്ചുപോയി. ഒരു മണിക്കൂർ യാത്ര പിന്നിട്ടാൽ ട്രിഫ്‌റ്റ് ബ്രിജിന്റെ ദൂരകാഴ്ച തുടങ്ങുകയായി. 

trift-bridge-2
ട്രിഫ്‌റ്റ് ബ്രിജ്

തൂക്കുപാലത്തിലേക്കുള്ള യാത്രയിൽ വഴി തെറ്റാതിരിക്കാനായി വെള്ള, ചുവപ്പ് നിറങ്ങളിലുള്ള അടയാളങ്ങൾ എല്ലായിടത്തുമുണ്ട്. ചിലയിടങ്ങളിൽ മറ്റ് ട്രക്കിങ് റൂട്ടുകളിലേക്കുള്ള ദിശയും യാത്രയ്ക്ക് എടുക്കുന്ന സമയവും അടയാളപ്പെടുത്തിയ മഞ്ഞ ദിശാ ബോർഡുകളും കാണാം. ട്രിഫ്‌റ്റ് ബ്രിജിനരികിലെത്തുമ്പോൾ മല കയറിവരുന്ന ദിശയ്ക്ക് എതിർവശത്തായി തൂക്കുപാലത്തിന് പുറകിൽ  ആൽപ്സിലെ മഞ്ഞുപാളികൾ ഉരുകി ട്രിഫ്‌റ്റ് തടാകത്തിലേക്ക് പതിക്കുന്ന കാഴ്ച്ചയാണ് ആദ്യം കണ്ണിൽ തങ്ങുക. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ആൽപ്‌സിലെ ഗ്ലേസിയറുകളിലെ 20 ശതമാനത്തോളം ഉരുകി ഒലിച്ചുപോയെന്ന കണക്ക് അടുത്തിടെയാണ് പുറത്തുവന്നത്. ട്രിഫ്‌റ്റ് തടാകത്തിലെ പനിനീരിന് പച്ച നിറമാണ് ദൂരക്കാഴ്ചയിൽ. തടാകത്തിൽനിന്ന് ഒരു അരുവിയായി ആൽപ്‌സിലെ തെളിനീര് തൂക്കുപാലത്തിനടിയിലൂടെ ഒഴുകിപ്പോവുന്നു.

trift-see-lake-2
ട്രിഫ്‌റ്റ് തടാകം

താഴെനിന്ന് 100 മീറ്റർ ഉയരത്തിലാണ് ട്രിഫ്‌റ്റ് ബ്രിജ്. രണ്ട് മലകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നീളം 170 മീറ്റർ. രണ്ട് അറ്റങ്ങളിലും ഫോട്ടോ ഷൂട്ടിന്റെ സ്വാഭാവികമായ തിരക്ക്. സമുദ്ര നിരപ്പിൽനിന്ന് 1885 മീറ്റർ ഉയരത്തിലായതിനാൽ കടുത്ത വേനലിലും ഇവിടെ ഒരു എയർ കണ്ടീഷൻ ഫീലാണ്. തണുത്ത കാറ്റാവട്ടെ എപ്പോഴും വീശിക്കൊണ്ടിരുന്നു. പാലത്തിന്റെ ഇരു കരകളിലെയും പാറക്കെട്ടുകളിൽ ഇരിപ്പുറപ്പിച്ച സഞ്ചാരികൾ ഇതുപോലെ പ്രകൃതിഭംഗി ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല ഇതിനു മുമ്പെന്നു തോന്നിപ്പിച്ചു.  

alps
ആൽപ്സ്

ഒരേ സമയം രണ്ടു പേർക്ക് കടന്നുപോകാനുള്ള വീതിയുണ്ട് പാലത്തിന്. നടക്കുമ്പോൾ തൂക്കുപാലത്തിന് ഇളക്കവും ആട്ടവും ഉണ്ടെങ്കിലും വശങ്ങളിൽ കെട്ടിയുറപ്പിച്ചിട്ടുള്ള കമ്പികൾ സുരക്ഷാബോധം നന്നായി തരുന്നുണ്ട്.  ‌2004 ലാണ് ഇവിടെ തൂക്കുപാലം ആദ്യമായി വരുന്നത്. പാലത്തിലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് അത് മാറ്റി ഇപ്പോഴുള്ള പാലം 2009 ൽ പണിതതാണ്. തൂക്കുപാലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും രണ്ടോ അധിലധികമോ നടന്നിട്ടാണ് മിക്കവരുടെയും മടക്കം. 

alps-1
ആൽപ്സ്

ആൽപ്‌സും ഹിമപാളികളും ട്രിഫ്‌റ്റ് തടാകവും തൂക്കുപാലവും ഒരുക്കുന്ന അതിമനോഹര കോമ്പിനേഷൻ  ട്രിഫ്‌റ്റ് ബ്രിജിന്റെ മാത്രം പ്രത്യേകതയാണ്. പകരം വയ്ക്കാൻ അധികമൊന്നും ഇല്ലാത്തൊരു തലയെടുപ്പുണ്ടതിന്.

സ്വിറ്റ്സർലൻഡിലെ ഗ്രിംസൽ റീജനിലെ ട്രിഫ്‌റ്റ് ബ്രിജിൽനിന്നു മനോരമ ഓൺലൈൻ ട്രാവലിന് വേണ്ടി ടിജി മറ്റം. 

English Summary: Trift Bridge In the Swiss Alps

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA