ADVERTISEMENT

ഹാഗിയ സോഫിയ!  ഒന്നര സഹസ്രാബ്ദത്തോളം രണ്ടു വന്‍കരകളിലെ കാറ്റേറ്റ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച മറ്റൊരു ചരിത്ര നിർമിതി ലോകത്തുണ്ടോ എന്നറിയില്ല. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സ്ഥിതി ചെയ്യുന്ന ഹാഗിയ സോഫിയയെ ബോസ്ഫറസ് കടലിടുക്ക് താണ്ടിവരുന്ന ഏഷ്യാ ഭൂഖണ്ഡത്തിലെ കുളിര്‍ക്കാറ്റ് എന്നും തലോടിയിരുന്നു. കിഴക്കും പടിഞ്ഞാറും കണ്ടുമുട്ടുന്ന ഇസ്തംബുള്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നില്‍ക്കുന്ന ഹാഗിയ സോഫിയയ്ക്ക് ഒരിക്കലും ഒരു പക്ഷത്തിന്റെ ചരിത്രം മാത്രം പറയാനാവില്ല. ഭുഖണ്ഡങ്ങളെക്കുറിച്ചു പറയുമ്പോള്‍ യൂറോപ്പിനെയും ഏഷ്യയെയും പറ്റി ഒരുപോലെ പ്രതിപാദിക്കും. സാമ്രാജ്യങ്ങളെക്കുറിച്ചാണെങ്കില്‍ റോമന്‍, ഒട്ടോമൻ കാലഘട്ടങ്ങളെപ്പറ്റി വിവേചനമില്ലാതെ വിവരിക്കും. മതങ്ങളെക്കുറിച്ചാണെങ്കില്‍ ക്രിസ്തുമതവും ഇസ്‌ലാം മതവും ഒരു പോലെ കടന്നു വരും.

സുല്‍ത്താന്‍ അഹ്മദ് മെട്രോ സ്റ്റേഷനിലിറങ്ങി മുന്നോട്ട‌ു നടക്കുമ്പോള്‍ ബ്ലൂ മോസ്‌കിന്റെ അത്ര പ്രൗഢി ഹാഗിയ സോഫിയയില്‍ കാണാനാവില്ല. എന്നാല്‍ അകത്ത് കടക്കുന്നതോടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിലേക്കാണ് കണ്ണു തുറക്കുക. രണ്ടു സാമ്രാജ്യങ്ങളുടെ പടയോട്ടങ്ങളും ആധിപത്യവും പതനവുമൊക്കെ ഓരോ കാഴ്ചയില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാകും. വിഡിയോയില്‍ കാണിച്ചതു പോലെ രണ്ടു മത വിഭാഗങ്ങളുടെയും ചിഹ്നങ്ങള്‍ നിലനില്‍ക്കുന്ന അപൂര്‍വ ചരിത്ര സ്മാരകമാണ് ഹാഗിയ സോഫിയ.  ഈ അപൂര്‍വ ദൃശ്യം കാണാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഞ്ചാരികള്‍ ഇങ്ങോട്ട് പ്രവഹിക്കുന്നത്. ക്രിസ്ത്യന്‍ മൊസൈക് ചിത്രങ്ങളിലേക്കും ഇസ്‌ലാമിക് കലിഗ്രഫിയിലേക്കും ഏറെ നേരം നോക്കിയിരിക്കുന്ന നിരവധി സന്ദര്‍ശകരെ ഇവിടെ കണ്ടിട്ടുണ്ട്. വാതിലിലെയും മേല്‍ക്കൂരയിലെയും സ്തംഭങ്ങളിലെയും സൂക്ഷ്മ വിവരങ്ങള്‍ സമയമെടുത്തു കണ്ടു പോകുന്നവര്‍!

അയാ സോഫിയ എന്ന് തുര്‍ക്കിയില്‍ അറിയപ്പെടുന്ന ഹാഗിയ സോഫിയ ഈ സ്ഥലത്ത് പണികഴിക്കപ്പെട്ട മൂന്നാമത്തെ ആരാധനാലയമാണ്. എഡി 532 ല്‍ പൗരസ്ത്യ റോമന്‍ ചക്രവര്‍ത്തിയായ ജസ്റ്റിനിയനെതിരെ നടന്ന കലാപത്തില്‍ തകര്‍ന്ന രണ്ടാമത്തെ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഹാഗിയ സോഫിയ കോംപൗണ്ടില്‍ ഇപ്പോഴുമുണ്ട്. 415-ല്‍ തിയോഡിസിസ് രണ്ടാമന്‍ നിർമിച്ച പളളിയാണ് 'നിക കലാപ' ത്തില്‍ തകര്‍ന്നു പോയത്. രഥ മത്സരത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവും ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അതൃപ്തിയും ചക്രവര്‍ത്തിക്കെതിരെയുളള കലാപമായി മാറുകയായിരുന്നു. നിക കലാപമെന്നറിയപ്പെട്ട ആ പ്രക്ഷോഭത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിൾ നഗരത്തിന്റെ പകുതിയും നശിപ്പിക്കപ്പെട്ടു, ആയിരങ്ങള്‍ മരിച്ചു വീണു. അവസാനം കലാപം ഒതുക്കിത്തീര്‍ത്താണ് ജസ്റ്റിനിയന്‍ പുതിയ നഗരവും പളളിയും പണിതത്. ആ പളളി പിന്നീട് ആയിരം വര്‍ഷത്തോളം പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയുടെ കേന്ദ്രമായി തുടര്‍ന്നു. 1204-ല്‍ റോമന്‍ കാത്തലിക്കുകള്‍ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കി ഹാഗിയ സോഫിയയെ റോമന്‍ കാത്തലിക് കത്തീഡ്രലാക്കി മാറ്റിയെങ്കിലും 1261-ല്‍ ബൈസാന്റൈന്‍ സാമ്രാജ്യം (പൗരസ്ത്യ റോമന്‍ സാമ്രാജ്യം) അത് തിരികെ പിടിച്ചു. പിന്നീട് 1453-ല്‍ ഓട്ടോമൻ സാമ്രാജ്യം നഗരം കീഴടക്കുന്നതുവരെ ഹാഗിയ സോഫിയ ഓര്‍ത്തഡോക്‌സ് സഭയുടെ കേന്ദ്രമായി നില നിന്നു. മെഹ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതോടെ ഹാഗിയ സോഫിയ മുസ്‌ലിം പളളിയായി മാറി. 

HagiyaSophiyafront

ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം അധികാരത്തിലേറിയ, അത്താത്തുര്‍ക്ക് എന്ന പേരിലറിയപ്പെട്ട മുസ്തഫ കമാല്‍ പാഷ 1931-ല്‍ ഹാഗിയ സോഫിയ അടച്ചിട്ടു. പിന്നീട് 1935-ല്‍ മ്യൂസിയമെന്ന നിലയിലാണ് ഹാഗിയ സോഫിയ തുറക്കപ്പെട്ടത്. അതോടു കൂടി രണ്ടു മതങ്ങളുടെ സഹവര്‍ത്തിത്വത്തിന്റെ പ്രതീകമായി ഹാഗിയ സോഫിയ അറിയപ്പെട്ടു. രണ്ടു സാമ്രാജ്യങ്ങളുടെ ചരിത്രവും വാസ്തുശില്പവിദ്യയും പതിഞ്ഞ മഹാ നിര്‍മിതി സന്ദര്‍ശിക്കാനെത്തിയവര്‍ക്കൊക്കെ അവാച്യമായ അനുഭൂതി പകര്‍ന്നു. ക്രിസത്യന്‍-മുസ്‌ലിം ചിഹനങ്ങള്‍ ഒരു പോലെ പരിപാലിക്കപ്പെടുന്ന ആരാധനാലയമെന്ന നിലയില്‍ എണ്ണമറ്റ സന്ദര്‍ശകരുടെ പ്രശംസയ്ക്ക് പാത്രമായ മറ്റൊരു ചരിത്ര സ്മാരകം ലോകത്തുണ്ടാവില്ല. ചരിത്രം വായിച്ചറിഞ്ഞു പോകുന്നവര്‍ക്ക് അവിടെ പൗരസ്ത്യ റോമന്‍ ചക്രവര്‍ത്തിമാരുടെയും ഒട്ടോമൻ സുല്‍ത്താന്മാരുടെയും സാന്നിധ്യം അനുഭവപ്പെടും. ആ അനുഭവം പകരുന്ന ചിഹ്നങ്ങളും ചിത്രങ്ങളും ശേഷിപ്പുകളും ഇടങ്ങളും മനുഷ്യസമൂഹത്തിന്റെ പൊതു സ്വത്താണ്. മ്യൂസിയം ഇപ്പോള്‍ പളളിയായി മാറുമ്പോള്‍ ഇതിലെ ക്രിസ്തീയ ചിഹ്നങ്ങള്‍ ഇല്ലാതാക്കപ്പെടുമോ എന്ന ആശങ്ക ലോകത്തിനുണ്ട്. ചിഹ്നങ്ങള്‍ മാറ്റുകയോ മായ്ക്കുകയോ ചെയ്യില്ലെന്നാണ് അധികാരികള്‍ പറയുന്നത്. അവയെ നശിപ്പിക്കാതെ നിസ്‌കാര സമയത്ത് മറയ്ക്കുക മാത്രമേ ചെയ്യൂ എന്ന ഉറപ്പെങ്കിലും പാലിക്കപ്പെടട്ടെ എന്നാണ് സഞ്ചാരികളുടെയും ചരിത്ര സ്‌നേഹികളുടെയും ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com