ADVERTISEMENT

യു എസിലെ ഒഹായോയിലുള്ള അക്രോണ്‍ മൃഗശാല ഏറെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. പ്രതിവര്‍ഷം അഞ്ചു ലക്ഷത്തോളം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്. നൂറിലേറെ സ്പീഷിസുകളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം മൃഗങ്ങള്‍ ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. ഇപ്പോഴത്തെ ഇവിടുത്തെ പ്രധാന ആകർഷണം നീലനിറമാർന്ന കൊഞ്ച് ആണ്.

ലോബ്സ്റ്റര്‍ അഥവാ കൊഞ്ച് പുരാതന കാലം മുതല്‍ക്കേ ഭക്ഷണമായി ഉപയോഗിച്ചു വരുന്ന ഒരു ജീവിയാണ്. നമ്മുടെ കേരളത്തിലടക്കം അതീവരുചികരമായ നിരവധി ഭക്ഷ്യവിഭവങ്ങള്‍ കൊഞ്ചുപയോഗിച്ച് ഉണ്ടാക്കാറുണ്ട്. നല്ല നാടന്‍ രീതിയില്‍ ആറ്റുകൊഞ്ച് കുരുമുളകിട്ടു വരട്ടിയും വാഴയിലയില്‍ പൊതിഞ്ഞുകെട്ടി കനലില്‍ ചുട്ടെടുത്തുമൊക്കെ ഉണ്ടാക്കുന്ന രസികന്‍ വിശിഷ്ട വിഭവങ്ങള്‍ തേടി വരുന്ന സഞ്ചാരികളുമുണ്ട് നിരവധി.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ലോബ്സ്റ്റർ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്‌. പ്രത്യേകിച്ച് അമേരിക്കയില്‍. പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമാണ് ലോബ്സ്റ്റർ അമേരിക്കൻ ജനതയുടെ ഇഷ്ട വിഭവങ്ങളിലൊന്നായി മാറിയത്. ലോകത്തിൽ ഏറ്റവും കൂടുതൽ ലോബ്സ്റ്റർ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലുള്ള രാജ്യമാണ് അമേരിക്ക. എന്നാല്‍ ഭക്ഷണാവശ്യത്തിനായി വാങ്ങിയ കൊഞ്ചിനെ, തീന്‍മേശയിലേക്ക്‌ തള്ളിവിടാതെ, സുരക്ഷിതമായി മൃഗശാലയിലെത്തിച്ച് മാതൃകയായിരിക്കുകയാണ് യു എസിലെ റെഡ് ലോബ്സ്റ്റര്‍ റസ്റ്റോറന്‍റ്.

blue-lobster

വളരെ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന നീല നിറത്തിലുള്ള കൊഞ്ചിനെയാണ് ഒഹായോയിലെ ഈ റസ്റ്റോറന്‍റുകാര്‍ അക്രോണ്‍ മൃഗശാലയിലെത്തിച്ചത്. ജീവന്‍ തിരിച്ചു കിട്ടാന്‍ ഭാഗ്യം കടാക്ഷിച്ച, 'അതിസുന്ദരി'യായ കൊഞ്ചിന് അവര്‍ ഒരു പേരും കൊടുത്തു- ക്ളോഡി!

അവിശ്വസനീയമാം വിധം അപൂര്‍വമാണ് നീല ലോബ്സ്റ്ററുകള്‍. ചുവപ്പിന് പകരം അവയുടെ ഷെല്ലുകൾ നീലനിറമാകാൻ കാരണമാകുന്ന ജനിതക അപാകതയ്ക്കുള്ള സാധ്യതയാകട്ടെ, രണ്ട് ദശലക്ഷത്തില്‍ ഒന്നു മാത്രമാണ്. അതുകൊണ്ടുതന്നെ ആദ്യം ഇത് വ്യാജമാണെന്നാണ് തങ്ങള്‍ കരുതിയതെന്ന് റെഡ് ലോബ്സ്റ്റര്‍ പാചക മാനേജർ ആന്റണി സ്റ്റെയ്ൻ പറഞ്ഞു. പ്രത്യേകത മനസിലായ ഉടന്‍ തന്നെ പാചകത്തിനായി ഇതിനെ ഉപയോഗിക്കുന്നില്ല എന്ന് അവര്‍ ഉറപ്പാക്കി. സീഫുഡ് ശൃംഖലയില്‍ മികച്ച സേവനം കാഴ്ച വയ്ക്കുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന ബ്ലൂ ലോബ്സ്റ്റർ അവാർഡ് എല്ലാവര്‍ക്കും പരിചിതമായിരുന്നതിനാല്‍, ആ അപൂര്‍വ്വ അതിഥി എത്രത്തോളം വിലയേറിയതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പിന്നീട് മൃഗശാലയ്ക്ക് കൈമാറും വരെ സുരക്ഷിതമായി ഇതിനെ ഒരു ടാങ്കില്‍ സൂക്ഷിച്ചു. 

അക്രോണ്‍ മൃഗശാലയിലെ കൊമോഡോ കിംഗ്ഡം കെട്ടിടത്തിലാണ് ഇതിനെ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ നീലസുന്ദരിയുടെ വാസസ്ഥലത്തിന് "ക്ളോഡീസ് മാൻ കേവ്" എന്നാണു പേരിട്ടിരിക്കുന്നത്. എന്നാല്‍ സഞ്ചാരികള്‍ക്ക് ക്ളോഡിയെ കാണണമെങ്കില്‍ കൊറോണ കഴിയും വരെ കാത്തിരിക്കേണ്ടി വരും. വൈറസ് മുന്‍കരുതലായി അടച്ചിട്ട സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ അക്രോണ്‍ മൃഗശാലയുമുണ്ട്.

English Summary : Rare blue Lobster Saved Red Lobster Employees Sent to Zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com