ADVERTISEMENT

സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി ഗായിക നിരയിലേക്ക് കടന്നുവന്ന താരമാണ് സിതാര കൃഷ്ണകുമാർ. സംഗീതത്തെ ജീവനുതുല്യമായി കാണുന്ന ഈ പാട്ടുകാരിക്ക് യാത്രകളും പ്രിയമാണ്. മധുരമൂറുന്ന ഗാനാലാപനം പോലെ പുതിയ സ്ഥലങ്ങളിലേക്കും കാഴ്ചകളിലേക്കും പടിയെത്താൻ സിതാരക്ക് ഇഷ്ടമാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് താരം മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുന്നു.

sithara-travel

സംഗീതത്തെ നെഞ്ചേറ്റുന്ന സിതാരക്ക് ആര്‍ദ്ര സംഗീതം പോലെയാണ് യാത്രകൾ. യാത്രകളിൽ നിന്നും യാത്രകളിലേക്കു സഞ്ചരിക്കാനുള്ള ഭാഗ്യം ഈശ്വരൻ നൽകിയ വരദാനം തന്നെയാണെന്നും താരം പറയുന്നു. പാട്ടുകാരിയായതിനാൽ പ്രോഗ്രാമിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലടക്കം നിരവധി ഇടത്തേക്ക് യാത്ര ചെയ്യാനായി.പുതിയ സ്ഥലങ്ങളിലെ കാഴ്ചകളും സംസ്കാരവും എല്ലാം ആസ്വാദിക്കുവാനും സാധിച്ചിട്ടുണ്ടെന്നും സിതാര.

sithara-travel3

യാത്രകൾ പോകുവാൻ ഇഷ്ടമാണെങ്കിലും എല്ലാവർഷവും യാത്രകൾ പ്ലാൻ ചെയ്യുക സാധ്യമല്ല. എന്നാലും സംഗീതവുമായി ബന്ധപ്പെട്ടുള്ള യാത്രകൾ പതിവാണ്. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് ആസ്വദിക്കുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറെയാണ്. സത്യത്തിൽ യാത്രകളിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല അറിവ്. സംഗീതം പോലെ സാഗരം പോലെ അറ്റമില്ലാത്ത മൂല്യമാണ് അറിവ്. ഞാൻ നടത്തിയ ഒാരോ യാത്രകളും എനിക്കേറെ വിലപ്പെട്ടതാണ്. ഷോയുടെ ഭാഗമായുള്ള യാത്രയാണെങ്കിലും ഷോ കഴിഞ്ഞുള്ള സമയം അവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാനായി പോകും.

sithara-travel6

കൊറോണ കാലത്ത് ആ യാത്രകൾ മറക്കാനാവില്ല

സത്യം പറഞ്ഞാൽ ഇതുവരെ നടത്തിയ ഒാരോ യാത്രയുടെയും നിമിഷങ്ങൾ ഒാർക്കാൻ ലോക്ഡൗൺക്കാലം സഹായിച്ചു. പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുന്നതിനാൽ മറ്റു ടെൻഷനും കാര്യങ്ങളും ഒന്നും ഇല്ല. സോഷ്യൽ മീഡിയയിൽ പണ്ടു പോയിരുന്ന യാത്രകളുടെ ചിത്രങ്ങൾ ആസ്വദിക്കുവാനും ആ യാത്രകളുടെ രസകരമായ നിമിഷങ്ങൾ കുടുംബവുമായി പങ്കുവയ്ക്കുവാനും സാധിച്ചു.

തിരക്കിന്റെ ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ പോയ യാത്രകളുടെ വിശേഷങ്ങൾ കൂടുതൽ പറയാനും നേരം കിട്ടാറില്ല. യാത്ര കഴിഞ്ഞു വന്നാൽ പെട്ടിയും ബാഗും എടുത്ത് അടുത്ത യാത്രയ്ക്ക് തയാറാകും. അങ്ങനെയായിരുന്നു. ആ ജീവിത ചക്രത്തിൽ നിന്നും തികച്ചും മാറി ചിന്തിക്കാൻ കൊറോണ കാരണമായി. ചെറുതും വലുതുമായി നിരവധി യാത്രകൾ ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ് ആ യാത്രകളുടെയൊക്കെയും മൂല്യം മനസ്സിലാക്കുന്നത്. സത്യത്തിൽ അത് അനിവാര്യമാണെന്ന് എനിക്ക് തോന്നി.

sithara-travel5

യാത്രകൾ എനിക്ക് എന്നും പ്രിയം

ഏതുതരം യാത്രകളാണെങ്കിലും എനിക്ക് പ്രിയമാണ്. എന്റെ യാത്രാ ലിസ്റ്റിൽ എന്തും ഉൾപ്പെടും. വൈൽഡ് ട്രിപ്പ്, അസ്വഞ്ചര്‍ ട്രിപ്പ്, റൈഡുകൾ, അങ്ങനെ ഒരു യാത്രികന്റെ ഉള്ളിലുള്ള സകല ഇഷ്ടങ്ങളും എന്റെയുള്ളിലുമുണ്ട്.

sithara-travel1

ഏത് യാത്രയ്ക്കും ഞാൻ റെഡിയാണ്. അതുപോലെ തന്നെ കുടുംബമായും സുഹൃത്തുക്കളായും ഒറ്റയ്ക്കായുമെല്ലാം യാത്രകൾ പോകാറുണ്ട്. അങ്ങനെ തെരഞ്ഞെടുക്കുന്ന ഒാരോ യാത്രയിലൂടെയുമുള്ള അനുഭവം ഒന്നുവേറെയാണ്. എല്ലാം ഒറ്റ്യ്ക്ക് അന്വേഷിച്ച് കണ്ടെത്തി പോകുന്നതാകയാൽ സോളോ ട്രിപ്പുകള് വ്യത്യസ്തമായ അനുഭവം തന്നെയാണ്.

തൊഴിലും പഠനവും: ഇത് എന്റെ പ്രിയ ഇടങ്ങൾ

പഠനത്തിന്റെ കാലത്തും തൊഴിലിന്റെ ഭാഗമായും ഏറ്റവുമധികം ഞാൻ നിന്നിട്ടുള്ളത് ചെന്നൈയിലും കൊൽക്കത്തയിലുമാണ്. പിജി ചെയ്യുന്നതിനായി മൂന്നര വർഷത്തോളം ഞാൻ കൊൽക്കത്തിലുണ്ടായിരുന്നു. ഒരുപാട് ആകർഷണങ്ങൾ ഉള്ള സ്ഥലമാണ് കൊൽക്കത്ത.

sithara-travel4

ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും, കാഴ്ചകളുടെയും കലകളുടെയും സംഗീതത്തിന്റെയും സംഗമസ്ഥാനമാണ് കൊൽക്കത്ത നഗരം. മ്യൂസിക് ഷോകളുമൊക്കെയായി അടിപൊളിയായിരുന്നു അവിടം. പിന്നെ രാജസ്ഥാൻ പോയിരുന്നു.ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് രാജസ്ഥാൻ.ഇവിടെ മരുഭൂമി മാത്രമല്ല സഞ്ചാരികളെ ആകർഷിക്കുന്ന തടാകങ്ങളൂം കുന്നുകളും മാനം മുട്ടെ ആകാശത്തെ ചുംബിച്ചെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന രാജകൊട്ടാരങ്ങളുമൊക്കെയുണ്ട്. ജയ്സാൽമീരും ജയ്പൂരുമൊക്കെ യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്.

യാത്രയും സന്തോഷവും പാട്ടിന്റെ ലോകത്തെ താമസവും

നോർത്ത് ഇൗസ്റ്റ് യാത്രയിൽ അരുണാചൽപ്രദേശിലെ സീറോ ഫെസ്റ്റിവൽ കാണാനായി പോയിരുന്നു. മ്യൂസിക് ഫെസ്റ്റിവലുകൾ ഒരു ഹരമാകുന്നത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. യാത്രയും പാട്ടും തുല്യ അളവിൽ ചേരുമ്പോൾ അതൊരു ഉൽസവമായി മാറുന്നു. യാത്രയും സന്തോഷവും പാട്ടിന്റെ ലോകത്തെ താമസവുമെല്ലാം ഒരിക്കലും മറക്കാനാവില്ല.അരുണാചൽ പ്രദേശിലെ സിറോ വാലിയിൽ അരങ്ങേറുന്ന ഫെസ്റ്റിവൽ ഒരിക്കലും മറക്കാനാവില്ല.

sithara-travel7

സെപ്റ്റംബർ ഒക്ടോബർ മാസത്തിലാകും ഇൗ ഫെസ്റ്റിവലുകൾ നടക്കുക. പാട്ടിന്റെ ലോകത്തു സഞ്ചരിക്കുന്നവർ,  സംഗീതത്തിന്റെ സംഗമഭൂമിയാക്കും സിറോ താ‌‌ഴ്‌‌‌‌‌വര. രാത്രി ആവോളം പാട്ടു നുകർന്നു, നൃത്തം ചെയ്തു താ‌‌ഴ്‌‌‌‌‌വരയിൽ തന്നെ അന്തിയുറങ്ങാം. റോക്ക്, ഫോക്ക്, പോപ്പ്, തുടങ്ങി പല താളങ്ങളും നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിന്റെ അരങ്ങിലെത്തും. 2012ൽ ഏതാനും പാട്ടുപ്രേമികൾ ചേർന്നാരംഭിച്ച സിറോ ഫെസ്റ്റിവൽ ഇന്നു ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാട്ടുൽസവങ്ങളിലൊന്നാണ്.

കൊറോണ വൈറസ് മുടക്കിയ യാത്രകൾ

അവധിക്കാലമായില്ലേ ഇനി മകളുമായി ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണം എന്ന് പ്ലാൻ ചെയ്തിരുന്നു. എല്ലാം കൊറോണ മുടക്കി. കൂടാതെ അമേരിക്കൻ ട്രിപ്പുണ്ടായിരുന്നു. ബാന്റിന്റെ കൂടെയുള്ള യാത്രയായിരുന്നു. ഞങ്ങളുടെ വീസ റെ‍ഡിയായി കഴിഞ്ഞ് ഏതാണ്ട് ഒന്നരയാഴ്ച കഴിഞ്ഞാണ് മുഴുവൻ ലോക്ഡൗൺ ആയത്. കൂടാതെ യു എസ്സിൽ  കൊറോണ കേസുകൾ കൂടുകയും ചെയ്തു. അതോടെ ഇൗ വർഷത്തെ യു എസ് ,കാനഡ യാത്ര കാൻസൽ ചെയ്യേണ്ടി വന്നു. പിന്നെ മലേഷ്യ– സിംഗപൂർ യാത്രയടക്കം ഷോകൾ േനരത്തെ പ്ലാൻ ചെയ്ത ദുബായ്,അബുദാബി  യാത്രകളും മുടങ്ങി.

കണ്ട രാജ്യങ്ങളും എന്റെ സ്വപ്നവും

മുമ്പ് പറഞ്ഞപോലെ ജോലിയുടെ ഭാഗമായി നിരന്തരം യാത്ര ചെയ്യേണ്ടിയതിനാൽ വിദേശരാജ്യങ്ങളടക്കം നിരവധിയിടം സന്ദർശിക്കാനായി.ലണ്ടൻ,അയർലൻഡ്, വെയിൽസ് അവിടെയൊക്കെ ശരിക്കും ചുറ്റിയടിച്ചിട്ടുണ്ട്. കൂടാതെ .യൂറോപ്യൻ രാജ്യങ്ങളിലും തായ്‍‍ലൻഡ്, മലേഷ്യ, ബാങ്കോങ്, ആഫ്രിക്ക മിഡിലീസ്റ്റ് രാജ്യങ്ങൾ യാത്രയുടെ ലിസ്റ്റ് ആങ്ങനെ നീളുന്നു. ഇവിടെയൊക്കെ പോയിട്ടുണ്ടെങ്കിലും എനിക്ക് യാത്ര പോകുവാൻ ഏറ്റവും കൊതി തോന്നിയ സ്ഥലം ഹിമാലയം ആണ്.

അതിരമണീയമായ ലാൻഡ്‌സ്‌കേപ്പ്, ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച ട്രെക്കിംഗ് ആൻറ് ടെന്റ് ലൈഫ് അനുഭവം തുടങ്ങി നിരവധി കാര്യങ്ങള്‍ ആസ്വദിക്കാവുന്ന ഒരുപാട് ഇടങ്ങൾ ഇൗ സ്വർഗഭൂമിയിലുണ്ട്.അവിടേക്ക് യാത്ര പോകുക എന്നത് എന്റെ സ്വപ്നമാണ്. 

English Summary: Travel Experience of Singer Sithara Krishnakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com