ADVERTISEMENT

കേരളത്തിലെ പാചകവിദഗ്ധർ ഇന്നുവരെ കോപ്പിയടിച്ചിട്ടില്ലാത്ത ലോകപ്രശസ്ത വിഭവമാണു ഹോട്ട് ഡോഗ്. അമേരിക്ക സന്ദർശിക്കുന്ന വിദേശികൾ നിർബന്ധമായും കഴിക്കേണ്ട വിഭവങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു ഹോട്ട് ഡോഗ്. ബണ്ണിന്റെ നടുപിളർന്ന് നീളത്തിൽ ഇറച്ചിക്കഷണം വച്ചു തയാറാക്കുന്ന വിഭവമാണു ഹോട്ട് ഡോഗ്. പക്ഷേ, പേരിൽ ഡോഗ് ഉള്ളതിനാൽ നായയുമായി ഇതിനെന്തോ ബന്ധമുണ്ടെന്നു പലരും തെറ്റിദ്ധരിച്ചു. ഹോട്ട് ഡോഗ് ഉണ്ടായ കഥ അറിയാത്തവരാണ് അമേരിക്കക്കാർക്ക് പ്രിയപ്പെട്ട വിഭവത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയത്.

ഹോട്ട് ഡോഗ് ഉണ്ടായ കഥ

1856 ലെ ഒരു സംഭവം പറയാം. അമേരിക്കയിൽ ആഭ്യന്തര കലാപം നടക്കുന്ന കാലം. ന്യൂയോർക്കിലെ കോനി ഐലൻ‌ഡിൽ ഉന്തുവണ്ടിയുമായി ഒരാൾ കച്ചവടത്തിനിറങ്ങി. ചാൾസ് എൽ ഫെൽട്മാൻ എന്നായിരുന്നു അയാളുടെ പേര്. ചാൾസിന്റെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ കുലത്തൊഴിലാണു പലഹാര നിർമാണം. അവരുടെ കുടുംബത്തിന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ബേക്കറി ഉണ്ടായിരുന്നു. ജർമനിയിൽ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ ജീവിക്കാനുള്ള മോഹവുമായി ചാൾസ് അമേരിക്കയിലേക്കു കുടിയേറി.

hot-dog

ചാൾസ് വന്നു കയറിയ സമയത്ത് അമേരിക്കയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. വൻകരയിൽ ആഭ്യന്തരകലാപം നടക്കുകയായിരുന്നു. പ്രശ്നങ്ങളില്ലാത്ത സ്ഥലം തിരഞ്ഞിറങ്ങിയ ചാൾസ് ഒടുവിൽ കോനി ഐലൻഡിൽ എത്തിച്ചേർന്നു. ന്യൂയോർക്ക് നിവാസികൾ വെയിൽ കായാനിറങ്ങുന്ന കടൽത്തീരമാണു കോനി ഐലൻഡ്. ആളുകൾക്കിടയിൽ നിലക്കടലയും മീൻ വിഭവങ്ങളുമായി ചാൾസ് കച്ചവടത്തിനിറങ്ങി. ‘കടൽത്തീരത്ത് കാറ്റുകൊള്ളാൻ വരുന്നവർക്ക് തണുത്ത സാധനങ്ങളല്ല വേണ്ടത്. ചൂടുള്ള വിഭവങ്ങളാണ് ആവശ്യം ’ ആളുകൾ ആവശ്യപ്പെട്ടു. പിറ്റേന്നു തന്നെ ചാൾസ് തന്റെ ഉന്തുവണ്ടിയിൽ കൽക്കരിയിട്ടു തീ കത്തിക്കുന്ന അടുപ്പ് ഘടിപ്പിച്ചു. അടുത്ത ദിവസം മുതൽ ചൂടുള്ള സോേസജും റൊട്ടിയും ‘ഇൻസ്റ്റന്റായി’ വിളമ്പി.

hot-dog1

ആ വിഭവത്തിനു ‘ഹോട്ട് ഡോഗ്’ എന്നു പേരിട്ടു. ഒരെണ്ണത്തിനു വില ഒരു നിക്കൽ (15 രൂപ). ബീച്ചിൽ വിശ്രമിക്കാനെത്തിയ ആളുകൾ ഹോട്ട് ഡോഗിന്റെ ആരാധകരായി മാറി. ഉന്തുവണ്ടിയിൽ കൊണ്ടു വരുന്ന സാധനം തികയാതായപ്പോൾ അയാൾ കടൽത്തീരത്ത് ചെറിയ മുറി വാടകയ്ക്കെടുത്തു. ‘ബ്രൂക്‌ലിൻ ബേക്കറി’ എന്നു കടയ്ക്കു പേരിട്ടു. പിന്നീട് സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു ചാൾസിന്റെ വളർച്ച.

hot-dog3

1871 ൽ കോനി ബീച്ചിന് അഭിമുഖമായി ചാൾസ് ഒരു ബിൽഡിങ് സ്വന്തമാക്കി. വെസ്റ്റ് 10 സ്ട്രീറ്റിലുള്ള കെട്ടിടം കരാർ വ്യവസ്ഥയിലാണ് ചാൾസ് ഏറ്റെടുത്തത്. കെട്ടിടത്തിന് ‘ഫെൽട്മാൻസ് ഓഷ്യൻ പവിലിയൻ’ എന്നു പേരിട്ടു. ഒൻപത് റസ്റ്ററന്റുകൾ, റോളർ കോസ്റ്റർ, സിനിമ തിയറ്റർ, ഹോട്ടൽ, ബീയർ ഗാർഡൻ, തുടങ്ങിയ സൗകര്യങ്ങൾ അതിലുണ്ടായിരുന്നു. പവിലിയന്റെ പ്രശസ്തി കേട്ടറിഞ്ഞ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് വില്യം ഹൊവാർഡ് ടാഫ്റ്റ് അവിടെ താമസിക്കാനെത്തി. ഫെൽട്മാന്റെ സ്ഥാപനത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ഐറ്റം ഹോട്ട് ഡോഗ് ആയിരുന്നു.

കോനി ഐലൻഡിന്റെ ചരിത്രം അറിയുന്ന മൈക്കിൾ ക്വിൻ എന്നയാൾ അടുത്തിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇത്രയും കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഹോട്ട് ഡോഗ് വിവാദം

ഹോട്ട് ഡോഗിന്റെ ഉത്ഭവം സംബന്ധിച്ചുള്ള തർക്കം അവസാനിപ്പിക്കാനായി മൈക്കിൾ ക്വിൻ നിരത്തിയ തെളിവുകൾ വൻവിവാദം സൃഷ്ടിച്ചു. അമേരിക്കയിൽ ഹോട്ട് ഡോഗ് കച്ചവടം ആരംഭിച്ചതു ചാൾസ് എൽ ഫെൽട്മാനാണെന്നു മൈക്കിൾ വാദിച്ചു. മൈക്കിളിന്റെ വാദം വലിയ ചർച്ചകൾക്കു വഴിമരുന്നിട്ടു. കാരണം, ‘നഥാൻസ്’ എന്ന സ്ഥാപനമാണ് ഇപ്പോൾ അമേരിക്കയിൽ ഹോട്ട് ഡോഗ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനം.

ആദ്യമായി ഹോട്ട് ഡോഗ് അവതരിപ്പിച്ചത് നഥാൻസ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. അമേരിക്കയിലെ വൻകിട ഭക്ഷ്യ വിതരണ ശംൃഖലയാണു നഥാൻസ്. പത്തു രാജ്യങ്ങളിലായി അൻപത്തയ്യായിരം സൂപ്പർമാർക്കറ്റുകളിൽ അവർ നിർമിക്കുന്ന ഹോട്ട് ഡോഗ് വിൽക്കുന്നുണ്ട്. നാൽപതു മില്യൻ ഡോളറാണ് വാർഷിക വിറ്റുവരവ്. അതിന്റെ ഉടമ നഥാൻ ഹേൻഡ് വേർകർ എന്നയാൾ പണ്ട് ഫെൽട്മാന്റെ ബേക്കറിയിൽ ജോലിക്കാരനായിരുന്നെന്നും അവിടെ നിന്നാണു ഹോട്ട് ഡോഗ് ഉണ്ടാക്കാൻ പഠിച്ചതെന്നും മൈക്കിൾ പറഞ്ഞു. പോരേ പൂരം!

ഇതാണ് വാസ്തവം

1890 ആയപ്പോഴേക്കും ചാൾസ് എൽ ഫെൽട്മാൻ ന്യൂയോർക്കിൽ ഏറ്റവും സ്വാധീനമുള്ള ബിസനസുകാരനായി മാറി. ഭക്ഷണശാലയിൽ വിഭവങ്ങൾ റെഡിയാകുന്ന സമയത്തിനൊത്ത് ട്രെയിനുകളുടെ ടൈംടേബിൾ ക്രമീകരിക്കാൻ ചാൾസ് തന്റെ സ്വധീനം ഉപയോഗിച്ചു. പ്രതിദിനം നാൽപതിനായിരം ഹോട്ട് ഡോഗ് വിൽക്കുന്ന വമ്പൻ സ്ഥാപനമായി ഫെൽട്മാൻസ് പവിലിയൻ വളർന്നു. താൻ പടുത്തുയർത്തിയ ബിസിനസ് ശൃംഖല മക്കളായ ചാൾസ്, ആൽഫ്രഡ് എന്നിവരെ ഏൽപിച്ച് 1910ൽ ഫെൽട്മാൻ ഈ ലോകത്തോടു യാത്ര പറഞ്ഞു.

ഫെൽട്മാന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മക്കൾ ഹോട്ട് ഡോഗിന്റെ റോൾ കട്ടിങ്ങിന് ഒരാളെ നിയമിച്ചു. പോളണ്ടുകാരനായ ജോലിക്കാരന്റെ പേര് നഥാൻ ഹേൻഡ് വേർകർ എന്നായിരുന്നു. പിന്നീടുള്ള ഇരുപതു വർഷം ഫെൽട്മാന്റെ സ്ഥാപനം നഷ്ടത്തിന്റെ കണക്കുകൾ രേഖപ്പെടുത്തി. 1940ൽ സാമ്പത്തിക ബാധ്യത മറികടക്കാനാവാതെ ഫെൽട്മാന്റെ മക്കൾ അച്ഛന്റെ പേരിലുള്ള സ്ഥാപനം വിറ്റു. – മൈക്കിൾ ക്വിൻ പറഞ്ഞവസാനിപ്പിച്ചു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com