ADVERTISEMENT

മൂന്നു നൂറ്റാണ്ടുകളായി സഞ്ചാരികള്‍ക്കു മുന്നില്‍ അടഞ്ഞു കിടന്നിരുന്ന സ്വകാര്യദ്വീപ്‌ യാത്രികരെ ക്ഷണിക്കുകയാണ്. അറ്റ്ലാന്റിക്കിലെ കേപ്പ് കോഡിന്‍റെ കിഴക്കന്‍ തീരത്തായി മാസച്യുസിറ്റ്സിലെ ഒര്‍ലീന്‍സ് നഗരത്തിലുള്ള പ്ലെസന്‍റ് ബേയില്‍ സ്ഥിതിചെയ്യുന്ന സിപ്സണ്‍ ദ്വീപാണ് സഞ്ചാരികളെ മാടി വിളിക്കുന്നത്.

Sipson-Island2
Image From Sipson Island Trust Facebook page

വെറും 25 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള അതിമനോഹരമായ ഈ ദ്വീപ്‌ ഇത്രയും കാലം സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. 2018ല്‍ വില്‍പനയ്ക്ക് വച്ച ദ്വീപിന്‍റെ 22 ഏക്കറോളം സ്ഥലം സിപ്സണ്‍ ഐലൻഡ് ട്രസ്റ്റ് വാങ്ങിയതോടെയാണ് വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാനുള്ള അവസരം ഒരുങ്ങുന്നത്. ഫ്രണ്ട്സ് ഓഫ് പ്ലസന്റ് ബേ, കോംപാക്റ്റ് ഓഫ് കേപ് കോഡ് കൺസർവേഷൻ ട്രസ്റ്റുകൾ എന്നിവരുടെ അഭ്യർഥന പ്രകാരം ലഭിച്ച സ്വകാര്യ സംഭാവനകളിൽ നിന്നാണ് ദ്വീപ്‌ വാങ്ങാനുള്ള ഫണ്ട് സ്വരൂപിച്ചത്.

Sipson-Island3
Image From Sipson Island Trust Facebook page

മോണോമോയിക് ജനതയില്‍നിന്നു വെള്ളക്കാര്‍ സ്വന്തമാക്കിയതോടെ 1711 മുതല്‍ സ്വകാര്യ ഉടമസ്ഥതയിലായിരുന്നു ഈ ദ്വീപ്‌. നീണ്ട കാലത്തെ പാരമ്പര്യവും പണ്ടുതൊട്ടേ കൈമാറിപ്പോരുന്ന മൂല്യങ്ങളും മുറുകെപ്പിടിച്ചു കൊണ്ടും പാരിസ്ഥിതിക ആഘാതങ്ങള്‍ പരമാവധി കുറച്ചും വിനോദസഞ്ചാരം പുഷ്ടിപ്പെടുത്താനാണ് ട്രസ്റ്റിന്‍റെ പദ്ധതി.

ദ്വീപിലെത്താൻ കിഴക്കൻ തീരത്തേക്ക് സ്വകാര്യ ബോട്ടിൽ വേണം പോകാന്‍. കയാക് അല്ലെങ്കിൽ പാഡിൽ ബോർഡ് വഴിയാണ് പടിഞ്ഞാറ് നിന്നുള്ള പ്രവേശനം. ദ്വീപിലെ പ്രകൃതിദത്ത സമുദ്രജീവികളുടെ സംരക്ഷണം കണക്കിലെടുത്ത് 22 അടിയിൽ താഴെയുള്ള ഷാലോ-ഡ്രാഫ്റ്റ് ബോട്ടുകള്‍ മാത്രമേ ഇവിടെ അനുവദിക്കുന്നുള്ളു. സഞ്ചാരികള്‍ക്ക് പഞ്ചാരമണല്‍ ബീച്ചുകളിലൂടെ നടന്ന് ദ്വീപ്‌ മുഴുവന്‍ ചുറ്റിക്കാണുന്നതു തന്നെ സുന്ദരമായ അനുഭവമായിരിക്കും. കൂടാതെ സ്‌നോർക്കെലിങ് മുതലായ ജലവിനോദങ്ങളും ആസ്വദിക്കാം. പ്ലസന്റ് ബേ പ്രദേശത്തെ 360 ഡിഗ്രി കാഴ്ചകൾ അവിസ്മരണീയമായ അനുഭവമായിരിക്കും.

Image From Sipson Island Trust Facebook page
Image From Sipson Island Trust Facebook page

വളരെ മുന്‍പു തന്നെ ദ്വീപ്‌ വാങ്ങാന്‍ ട്രസ്റ്റ് ശ്രമിച്ചിരുന്നെങ്കിലും വില ഒരു വലിയ പ്രശ്നമായിരുന്നു. 12 മില്യന്‍ ഡോളർ സമാഹരിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. കഴിഞ്ഞ നാലു വർഷമായി മൂലധനം സമാഹരിക്കുന്നതിനായി ശ്രമിക്കുകയായിരുന്നു ഫ്രണ്ട്സ് ഓഫ് പ്ലസന്റ് ബേ ഓർഗനൈസേഷൻ. അങ്ങനെ അവസാനം ജൂണിൽ 5.3 മില്യൻ ഡോളര്‍ നല്‍കി ദ്വീപ്‌ സ്വന്തമാക്കാന്‍ ട്രസ്റ്റിനു കഴിഞ്ഞു. ട്രസ്റ്റിന്‍റെ പേരിലല്ലാത്ത എട്ട് ഏക്കർ ഭൂമി ഇപ്പോഴും ഈ ദ്വീപിലുണ്ട്. ബാക്കി ഫണ്ട് കൂടി സമാഹരിച്ച് എത്രയും പെട്ടെന്ന് ആ ഭാഗം കൂടി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അവര്‍.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ദ്വീപില്‍ ഓപ്പൺ എയർ ഗവേഷണ, വിദ്യാഭ്യാസ കേന്ദ്രം നിർമിക്കും. പരിസ്ഥിതി സംരക്ഷണം, പാരിസ്ഥിതികവും ചരിത്രപരവുമായ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പിന്തുണ നൽകുക, ദ്വീപിലും പരിസരത്തും പൊതുജനങ്ങള്‍ക്കായി വിനോദോപാധികള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് ട്രസ്റ്റ് നടപ്പിലാക്കുന്ന ഈ പഞ്ചവത്സര പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍.

English Summary: First time in 300 years, this island in Cape Cod is open to the public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com