ADVERTISEMENT

ഒരു കുതിരവാലിന്‍റെ ആകൃതിയില്‍ അഗ്നിപ്രഭയുള്ള ജലം താഴേക്ക് കുത്തിയൊഴുകുന്ന മനോഹരമായ കാഴ്ചയാണ് കാലിഫോര്‍ണിയയിലെ യോസ്മിറ്റ് നാഷണല്‍ പാര്‍ക്കിലുള്ള ഹോഴ്സ്ടെയില്‍ വെള്ളച്ചാട്ടത്തെ ലോകപ്രശസ്തമാക്കിയത്. എല്‍ ക്യാപിറ്റന്‍ പാറക്കെട്ടുകളില്‍ ശൈത്യകാലത്തും വസന്തത്തിലും മാത്രം പ്രത്യക്ഷമാകുന്ന ഈ വെള്ളച്ചാട്ടത്തില്‍, സൂര്യന്‍റെ ചുവന്ന കിരണങ്ങള്‍ തട്ടി പ്രതിഫലിക്കുന്നതാണ് തീ ഒഴുകുന്നതു പോലെയുള്ള ഈ പ്രതിഭാസത്തിനു കാരണമാകുന്നത്. വര്‍ഷംതോറും, ഈ അദ്ഭുതം കാണാനായി മാത്രം നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന രണ്ടാഴ്ചക്കാലത്ത് സൂര്യാസ്തമയ സമയത്താണ് തീ ഒഴുകുന്ന പോലെ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച തെളിയുന്നത്. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഈ സായാഹ്ന കാഴ്‌ച ഏകദേശം 10 മിനിറ്റ് നേരം നീണ്ടുനില്‍ക്കും. ഇതിനെ "ഫയർഫാൾ" എന്ന ഓമനപ്പേരിലാണ് സഞ്ചാരികള്‍ വിളിക്കുന്നത്. ആവശ്യമായ മഞ്ഞുവീഴ്ചയും മഞ്ഞ് ഉരുകാൻ ആവശ്യമായ ഊഷ്മള താപനിലയും ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രതിഭാസം സൃഷ്ടിക്കപ്പെടൂ. അതുകൊണ്ടുതന്നെ എല്ലാ വര്‍ഷവും ഈ കാഴ്ച കാണാനാവില്ല.

മഴയും മഞ്ഞുവീഴ്ചയുമാണ്‌ ഹോഴ്സ്ടെയില്‍ വെള്ളച്ചാട്ടത്തിന്‍റെ പ്രധാന ജലസ്രോതസ്സുകള്‍. രണ്ട് ചെറിയ അരുവികള്‍ ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം രൂപം കൊള്ളുന്നത്. കിഴക്ക് വശത്തായി 1,540 അടി (470 മീറ്റർ), പടിഞ്ഞാറ് ഭാഗത്ത് 1,570 അടി (480 മീറ്റർ) എന്നിങ്ങനെ ഉയരമാണ് ഇവയ്ക്ക് ഉള്ളത്. ഇവ രണ്ടും കൂടിച്ചേര്‍ന്ന് 490 അടി (150 മീറ്റർ) കുത്തനെ താഴേക്ക് പതിക്കുന്നു. അതിനാൽ ഈ വെള്ളച്ചാട്ടങ്ങളുടെ ആകെ ഉയരം 2,030 അടി (620 മീറ്റർ) മുതൽ 2,070 അടി (630 മീറ്റർ) വരെയാണ് എന്ന് പറയാം.

ആദ്യകാഴ്ചയിൽ അഗ്നി കുതിച്ച് ചാടുന്ന പോലെയുള്ള ഇൗ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയിലും ഹിറ്റായി. അതോടെ കാഴ്ചകാരുടെ എണ്ണവും വർദ്ധിച്ചിരുന്നു.

English Summary: Horsetail Fall Yosemite National Park

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com