ADVERTISEMENT

അന്‍റാര്‍ട്ടിക്കന്‍ തീരത്ത് നിന്നും നൂറുമൈല്‍ അകലെയായി തലകീഴായി മറിഞ്ഞ കപ്പല്‍ കണ്ടെത്തിയതായി അവകാശപ്പെട്ട് യുട്യൂബര്‍ പോസ്റ്റ്‌ ചെയ്ത വിഡിയോ വൈറല്‍. ഏകദേശം 400 അടി നീളമുള്ള, കപ്പലിന്‍റെ ആകൃതിയില്‍ ഉള്ള ഒരു വസ്തുവാണ് ഈ വിഡിയോയില്‍ ഉള്ളത്. ചിമ്മിനികളും ചെറിയ ജാലകങ്ങളുടെ ഒരു വരിയും എന്ന പോലെയുള്ള അടയാളങ്ങളും ഇതിനു മുകളില്‍ കാണാന്‍ സാധിക്കും.

യുട്യൂബില്‍ MrMBB333 എന്ന ആള്‍  കഴിഞ്ഞ ആഴ്ച അപ്‌ലോഡ് ചെയ്ത വിഡിയോ ആണ് ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിഡിയോ കണ്ട ഉടനെ ഈ പ്രദേശത്ത് എങ്ങനെ ഒരു ബോട്ട് എത്താം എന്നതിനെച്ചൊല്ലി വന്‍ ചര്‍ച്ചയാണ്. ആർട്ടിക് പ്രദേശത്തെ ഒരു രഹസ്യ നാസി താവളവുമായി ബന്ധപ്പെട്ടതാവാം ഇതെന്ന് ചിലര്‍ പറയുമ്പോള്‍, ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ ലോക നേതാക്കളെ എത്തിക്കാൻ വേണ്ടിയുള്ള വെസ്സല്‍ ആകാം എന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഏലിയന്‍സ് ഉപയോഗിച്ചതാവാം എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

ഏകദേശം നാലു ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള യുട്യൂബ് ചാനലാണിത്. ഗൂഗിള്‍ എര്‍ത്ത് വഴി ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ കാണുന്ന വിചിത്രമായ കാഴ്ചകള്‍ സ്ഥിരമായി പങ്കുവയ്ക്കുകയാണ് ഈ ചാനല്‍ പ്രധാനമായും ചെയ്യുന്നത്. നാനാദേശങ്ങളില്‍ നിന്നുള്ള ഫോളോവേഴ്സ് പങ്കുവയ്ക്കുന്ന കാര്യങ്ങളും ഈ ചാനലിലൂടെ വിഡിയോകള്‍ ആയി വരാറുണ്ട്. കടല്‍ത്തട്ടും ആകാശവുമടക്കം എല്ലാം സ്ഥിരമായി നിരീക്ഷിക്കുന്ന ആളാണ്‌ താന്‍ എന്നാണ് ചാനല്‍ ഉടമ പറയുന്നത്.

എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ വിചിത്ര ആകൃതിയില്‍ ഉള്ള ഒരു മഞ്ഞുകൂമ്പാരമാണ് എന്നതാണ് സത്യം. ഗൂഗിള്‍ എര്‍ത്തില്‍ കണ്ട മഞ്ഞുകൂമ്പാരത്തിന്‍റെ വിഡിയോ കഴിഞ്ഞ ഓഗസ്റ്റ്‌ ഏഴിനായിരുന്നു ഇയാള്‍ പോസ്റ്റ്‌ ചെയ്തത്. 3D മോഡിലാക്കിയപ്പോള്‍ ഇത് ഒരു കപ്പല്‍ പോലെ കാണപ്പെടുകയായിരുന്നു. അതോടെ ലോകം മുഴുവന്‍ ഇതിനെ 'ഐസ് കപ്പല്‍' എന്ന് വിളിക്കുകയും ചെയ്തു.

ഇങ്ങനെ യഥാര്‍ഥമല്ലാത്ത സങ്കല്‍പ്പിക രൂപങ്ങള്‍ കാണുന്നതിനെ നാസ വിളിക്കുന്നത് 'പാരേഡോലിയ' എന്നാണ്. മുന്‍പും പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്.ഒക്ടോബറിൽ ആരംഭിച്ച് ഫെബ്രുവരി വരെ നീളുന്ന വേനല്‍ക്കാലത്ത് നിരവധി യാത്രികര്‍ അന്റാര്‍ട്ടിക്കയില്‍ എത്താറുണ്ട്. ഇവിടത്തെ വിദൂര ഗവേഷണ സ്റ്റേഷനുകളില്‍ ആയിരക്കണക്കിന് ശാസ്ത്രജ്ഞരാണ് പഠനാവശ്യത്തിനായി എത്തുന്നത്. കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്ന ഈ വര്‍ഷം ഇവിടേക്കുള്ള യാത്ര ഗൗരവതരമായ ആശങ്കയാണ് ശാസ്ത്രജ്ഞര്‍ക്ക് സമ്മാനിക്കുന്നത്. കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരേയൊരു ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അഥവാ രോഗം വന്നാല്‍പ്പോലും പരിമിതമായ സൗകര്യങ്ങളില്‍ ചികിത്സ തേടേണ്ടിവരും.

ഭൂമിയുടെ ചരിത്ര, പരിണാമങ്ങളെപ്പറ്റിയും നക്ഷത്രങ്ങളെക്കുറിച്ചും അടിസ്ഥാന കണികകളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചുമെല്ലാമുള്ള നിര്‍ണായക പഠനങ്ങളാണ് ഇവിടെ നടക്കുന്നത്.അതേസമയം അന്റാര്‍ട്ടിക്കന്‍ പര്യടനം നടത്താന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി ആസ്ട്രേലിയയില്‍ നിന്നും വിമാനടൂറുകള്‍ നവംബറില്‍ ആരംഭിക്കും. അന്റാര്‍ട്ടിക്ക ഫ്ലൈറ്റ്സ് എന്ന വിമാനക്കമ്പനിയാണ് സ്വകാര്യ ചാർട്ടേഡ് ക്വാണ്ടാസ് ബോയിംഗ് 787 ഡ്രീംലൈനറിൽ 12 മുതൽ 13 മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്ര ചെയ്യുന്നവര്‍ക്ക് മഞ്ഞുമൂടിയ ഭൂഖണ്ഡത്തിന്‍റെ ആകാശക്കാഴ്ചകള്‍ കാണാനുള്ള അവസരം ഒരുക്കുന്നത്.

English Summary : Mysterious '400 feet ice ship' lying off the coast of Antarctica 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com