ADVERTISEMENT

കൊറോണ എന്ന മഹാമാരിയെ ലോകത്തിനു 'സമ്മാനിച്ച' മധ്യചൈനീസ് നഗരമായ വുഹാന്‍ ഇപ്പോള്‍ ആഘോഷത്തിമര്‍പ്പിലാണ്. അങ്ങനെയൊരു ദുരന്തം സംഭവിച്ചിട്ടേയില്ല എന്ന് തോന്നും ഇവിടുത്തെ ജീവിതം കണ്ടാല്‍. കഴിഞ്ഞ വീക്കെന്‍ഡില്‍ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിന്‍റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് ഒരിടത്ത് തടിച്ചുകൂടിയത്. അതും, കരയിലല്ല, വെള്ളത്തില്‍!

 

വുഹാനിലെ മായ ബീച്ച് വാട്ടർ പാർക്കിലാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ആളുകള്‍ തെരുതെരാ വന്നു നിറഞ്ഞത്. സ്വിംസ്യൂട്ടില്‍ തോളോടു തോളുരുമ്മി, മാസ്ക് പോലും ധരിക്കാതെയാണ് എല്ലാവരും എത്തിയിരിക്കുന്നത്.സ്വിമ്മിംഗ് പൂളിലെ റബ്ബർ ട്യൂബുകളിൽ ആളുകള്‍ നിറഞ്ഞത്. ജലം കാണാനാവാത്ത രീതിയില്‍ ഉള്ള ജനക്കൂട്ടം ആയിരുന്നു പൂളിനുള്ളില്‍ എന്ന് ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

 

വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണ വൈറസ് ഇതിനോടകം 21 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചു കഴിഞ്ഞു. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടും വിമര്‍ശനത്തിനു വിധേയമായിരിക്കുകയാണ് വുഹാനിലെ പുതിയ ഈ ആഘോഷതരംഗം.  

 

ഹുബെ പ്രവിശ്യയിലെ 11 ദശലക്ഷം ആളുകള്‍ വസിക്കുന്ന വുഹാന്‍ നഗരത്തില്‍ ജീവിതം ക്രമേണ സാധാരണ നിലയിലായിക്കഴിഞ്ഞു. ഏപ്രിൽ തുടക്കത്തിൽ 76 ദിവസത്തെ കർശനമായ ലോക്ക്ഡൗൺ കാലത്തിനു ശേഷം ഇവിടത്തെ കേസുകള്‍ എല്ലാം തന്നെ ഒതുങ്ങിയിരുന്നു. മെയ് പകുതി മുതൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ജൂണ്‍ അവസാനത്തോടെയാണ് മായ ബീച്ച് വാട്ടര്‍ പാര്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍ ഒരു മാസത്തിലേറെ നീണ്ട മഴക്കാലം കാരണം അതിഥികള്‍ എത്തിയിരുന്നില്ല. പ്രവിശ്യയിലെ  കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഹുബെ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഓഗസ്റ്റ് ആദ്യം എത്തിയ സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്തിയ ആളുകളുടേതിനെ അപേക്ഷിച്ച് പകുതിയോളം മാത്രമായിരുന്നു. നിലവിൽ, വാരാന്ത്യങ്ങളിൽ ശരാശരി 15,000 സന്ദർശകര്‍ ഇവിടെ എത്തുന്നുണ്ട്. സ്ഥിരം സന്ദര്‍ശകര്‍ക്ക്  മായ ബീച്ച് വാട്ടര്‍ പാര്‍ക്ക് പ്രത്യേക കിഴിവുകളും നല്‍കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com