ADVERTISEMENT

ലണ്ടന്‍ പോലൊരു നഗരത്തിലേക്ക് റോഡുവഴിയുള്ള യാത്ര എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകം മുഴുവന്‍ ഒരു കുടക്കീഴിലേക്ക് ഒതുങ്ങുന്ന ഇക്കാലത്ത് ആ യാത്രയ്ക്ക് ഇനി അധികകാലം കാത്തിരിക്കേണ്ടതില്ല. അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര പ്രഖ്യാപനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചെഴ്സ് ഓവര്‍ലാന്‍ഡ് എന്ന ടൂറിസ്റ്റ് കമ്പനി. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ആവേശകരമായ ഈ വാര്‍ത്ത‍ കമ്പനി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

എഴുപതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും. മൊത്തം 20,000 കിലോമീറ്റര്‍ റോഡ്‌ യാത്രയാണ് ഇത്. 'ബസ് ടു ലണ്ടന്‍' എന്നാണു ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി https://bustolondon.in/ എന്ന വെബ്സൈറ്റും ഇവര്‍ തുറന്നിട്ടുണ്ട്.

മ്യാൻമർ, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലാന്‍റ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് കടന്നുപോവുക.

സഞ്ചാരികള്‍ക്ക് അസുലഭമായ അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. പ്രശസ്തമായ അനേകം നഗരങ്ങള്‍ ഈ യാത്രയില്‍ കാണാം. മ്യാൻമറിലെ ആയിരക്കണക്കിന് പഗോഡകളും ചെംഗ്ഡുവിലെ അപൂർവയിനത്തില്‍പ്പെട്ട ജയന്റ് പാണ്ടകളെയും അടുത്തുകാണാം. ചൈനയിലെ വന്‍മതിലില്‍ കയറാം. ചരിത്രനഗരങ്ങളായ ബുഖാര, ഉസ്ബെക്കിസ്ഥാനിലെ സമർകന്ദ് എന്നിവിടങ്ങളിലൂടെ നടക്കാം. കസാക്കിസ്ഥാനിൽ കാസ്പിയൻ കടലിലൂടെ യാത്ര ചെയ്യാം. ലണ്ടന്‍ എത്തും മുന്നേ യൂറോപ്യൻ നഗരങ്ങളായ മോസ്കോ, വിൽനിയസ്, പ്രാഗ്, ബ്രസ്സൽസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലൂടെയും ബസ് കടന്നുപോകും.

 

ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾക്കൊള്ളുന്ന 20 സീറ്റർ പ്രത്യേക ബസ് ആയിരിക്കും യാത്രയ്ക്കായി ഉപയോഗിക്കുക. 20 യാത്രക്കാർക്ക് പുറമെ ഡ്രൈവർ, അസിസ്റ്റന്‍റ് ഡ്രൈവർ, ഗൈഡ്, സഹായി എന്നിവരുമുണ്ടാകും. യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളിൽ ഗൈഡ് മാറിക്കൊണ്ടിരിക്കും. യാത്രയ്ക്ക് വേണ്ടിവരുന്ന വിസയും മറ്റു പേപ്പര്‍വര്‍ക്കുകളും നടത്താന്‍ കമ്പനി സഹായിക്കും.

നാലു പാക്കേജുകളാണ് ബസ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും ബജറ്റിനും അനുസരിച്ച് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കാം. പാക്കേജ് അനുസരിച്ചാണ് ചാര്‍ജ്. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള മുഴുവൻ യാത്രയ്ക്കായി ഒരാൾക്ക് 15 ലക്ഷം രൂപയാണ് ചെലവ് വരിക. ഭക്ഷണം, താമസം എന്നിവയെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ട കാര്യമില്ല. എഴുപതു ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ സാഹസികയാത്രയിൽ യാത്രക്കാര്‍ക്ക് ലക്ഷ്വറി സൗകര്യങ്ങളാണ് ലഭിക്കുക. 4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ ഹോട്ടലുകളിലെ താമസവും ഏതു രാജ്യത്തു ചെന്നാലും കഴിക്കാന്‍ ഇന്ത്യൻ ഭക്ഷണവും ഈ യാത്രക്കൊപ്പം സഞ്ചാരികള്‍ക്ക് ലഭിക്കും. 

യാത്രാ പ്രേമികളായ തുഷാർ അഗർവാള്‍ സഞ്ജയ് മദന്‍ എന്നിവര്‍ 2017, 2018, 2019 വർഷങ്ങളിൽ ലണ്ടനിലേക്ക് നടത്തിയ റോഡ് യാത്രയാണ് ഈ ആശയത്തിന് പ്രചോദനമായത്. ആദ്യയാത്ര 2021 മെയ് മാസത്തിൽ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ തുഷാർ അഗർവാൾ ഒരു മാധ്യമ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ലോകമെങ്ങും പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് കാരണം യാത്രക്കായുള്ള റജിസ്ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിലെ കൊറോണ വൈറസ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും റജിസ്ട്രേഷൻ ആരംഭിക്കുക.

1957 ൽ ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് നടത്തിയ ബസ് യാത്ര ചരിത്രപ്രസിദ്ധമാണ് . ഓസ്വാൾഡ്-ജോസഫ് ഗാരോ-ഫിഷർ സംഘടിപ്പിച്ച ആ യാത്രയില്‍ 'ദി ഇൻഡ്യാമെന്‍' എന്ന ബസ്സില്‍ 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 1957 ഏപ്രിൽ 15 ന് ലണ്ടനിൽ നിന്ന് പുറപ്പെട്ട് ജൂൺ 5 ന് കൊൽക്കത്തയിലെത്തിയ ബസ്, 1957 ഓഗസ്റ്റ് 2 ന് ലണ്ടനിൽ മടങ്ങിയെത്തി. അന്നത്തെ യാത്രാ നിരക്ക് ഇന്ത്യയിലേക്ക് 85 പൗണ്ടും മടക്കയാത്രയ്ക്ക് 65 പൗണ്ടും ആയിരുന്നു. ഫ്രാൻസ്, ഇറ്റലി, യുഗോസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് അന്ന് 'ദി ഇൻഡ്യാമെന്‍' എത്തിയത്.

English Summary: Delhi to London by bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com