ADVERTISEMENT

ചരിത്രപ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളുള്ള രാജ്യമാണ് ഇസ്രയേല്‍. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ജെറുസലം ഓള്‍ഡ് സിറ്റി, ദ് ടെംപിള്‍ മൗണ്ട്, ഡേവിഡ് ടവർ, ബെത്‌ലഹേം, ദ് വെസ്റ്റേണ്‍ വോള്‍, ടെല്‍ അവീവ്, മസാദ റബ്ബി സൈമിയോണ്‍ ബാര്‍ യോച്ചായി കല്ലറ, മ്യൂസിയങ്ങള്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാനായി എത്തുന്ന സഞ്ചാരികളും ഒരുപാടാണ്. 

അദ്ഭുകരമായൊരു വാർത്തയാണ് കഴിഞ്ഞയാഴ്ച ഇസ്രയേലിൽനിന്നു വന്നത്; ഒരു നിധിവാർത്ത.

സ്വര്‍ണത്തിനു തീ പിടിച്ച വിലയുള്ള ഇക്കാലത്ത് മണ്ണിനടിയില്‍നിന്ന് ഒരു കുടം നിറയെ പുരാതന സ്വര്‍ണനാണയങ്ങള്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും? കഴിഞ്ഞ ഓഗസ്റ്റ്‌ പതിനെട്ടിന് മധ്യ ഇസ്രയേലിലെ ഒരു ഖനനസൈറ്റിലെ ജോലിക്കാർക്കാണ് നിധി കിട്ടിയത്. കുഴിക്കുന്നതിനിടെ കിട്ടിയ കുടത്തിൽ ആയിരത്തോളം വര്‍ഷം പഴക്കമുള്ള 425 സ്വര്‍ണ്ണനാണയങ്ങളായിരുന്നു. പുതിയ ഒരു നഗരം പണികഴിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് നിധി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1000 വർഷത്തിലേറെ മുമ്പ് ഈ നിധി പെട്ടി കുഴിച്ചിട്ട വ്യക്തി അത് വീണ്ടെടുക്കാനുള്ള ആഗ്രഹത്തോടെയാണ് ചെയ്തതെന്ന് ഉത്ഖനന ഡയറക്ടർ ലിയാറ്റ് നാദവ്-സിവ് പറഞ്ഞു. നീങ്ങിപ്പോവാതിരിക്കാനായി ഇത് ഒരു ആണി ഉപയോഗിച്ച് ഉറപ്പിച്ചു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരാണ് ഈ നിധി ഇവിടെ കുഴിച്ചിട്ടതെന്ന് വ്യക്തമായിട്ടില്ല.

നിലം കുഴിക്കുന്നതിനിടെ പൊങ്ങിവന്ന സ്വര്‍ണനാണയങ്ങള്‍ കണ്ടപ്പോള്‍ ഉണങ്ങിയ ഇലകളാണ് എന്നായിരുന്നു ഇവര്‍ ആദ്യം കരുതിയത്. ഇരുപത്തിനാല് കാരറ്റ് പരിശുദ്ധിയുള്ള ഈ നാണയങ്ങള്‍ ഒന്‍പതാം നൂറ്റാണ്ടിലെ അബ്ബാസിദ് കാലിഫേറ്റ് കാലഘട്ടത്തിലേതാണെന്നാണ്‌ പ്രാഥമിക നിഗമനം.

കുഴിച്ചിട്ട കാലഘട്ടത്തിലെ കണക്കനുസരിച്ച് നോക്കുകയാണെങ്കില്‍ ഇത്രയും സ്വര്‍ണനാണയങ്ങള്‍ ഉപയോഗിച്ച് അന്നത്തെ സമ്പന്ന രാജ്യമായിരുന്ന ഈജിപ്തിന്‍റെ തലസ്ഥാന നഗരത്തില്‍ തന്നെ ഒരു ആഡംബരഭവനം വാങ്ങാന്‍ സാധിക്കുമായിരുന്നു എന്നാണു വിദഗ്ധരുടെ അഭിപ്രായം. 

ആദ്യമായല്ല ഇസ്രയേലില്‍നിന്ന് ഇങ്ങനെ സ്വര്‍ണനാണയങ്ങള്‍ ലഭിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പേ സീസെറ ലോകപൈതൃകകേന്ദ്രത്തില്‍ നടത്തിയ ഒരു ഉത്ഖനനത്തിനിടെ 900 വര്‍ഷം പഴക്കമുള്ള 24 സ്വര്‍ണനാണയങ്ങള്‍ ലഭിച്ചിരുന്നു. ഒരു വെങ്കലപ്പാത്രത്തില്‍ സൂക്ഷിച്ചിരുന്ന ഇവയ്ക്കൊപ്പം ഒരു സ്വര്‍ണക്കമ്മലും അടക്കം ചെയ്തിരുന്നു. ഇതിന്‍റെ ഉടമസ്ഥന്‍ 1101- ല്‍ നടന്ന കൂട്ടക്കൊലയില്‍ മരിച്ചു പോയതാവാം എന്നതായിരുന്നു അന്ന് ഗവേഷകര്‍ പറഞ്ഞത്. അതേ സമയത്തു തന്നെ അബ്ബാസിദ് - ഫാത്തിമിഡ് കാലഘട്ടങ്ങള്‍ക്കിടയിലുള്ള പതിനൊന്നാം നൂറ്റാണ്ടിലെ നാണയങ്ങളും അന്ന് അവര്‍ക്ക് ലഭിച്ചിരുന്നു. 

1960- കളിൽ ഒരു കലം സ്വർണ, വെള്ളി ആഭരണങ്ങളും 1990- കളിൽ വെങ്കലപാത്രങ്ങളും ഇസ്രയേലില്‍ നിന്നും ലഭിച്ച നിധികളില്‍ പെടുന്നു. 2015- ൽ ഇസ്രയേലിന്റെ മെഡിറ്ററേനിയൻ തീരത്തുനിന്ന് സ്കൂബ ഡൈവര്‍മാരാണ് ഇന്നുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്വർണ്ണനാണയശേഖരം കണ്ടെത്തിയത്. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള രണ്ടായിരത്തോളം സ്വര്‍ണ്ണനാണയങ്ങളായിരുന്നു ഒരു ഡൈവിങ് ക്ലബിലെ അംഗങ്ങൾ അന്ന് കടൽത്തീരത്ത് കണ്ടെത്തിയത്.

English Summary:  Gold Coins From the 9th Century Discovered in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com