ADVERTISEMENT

ഈജിപ്ത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം മനസ്സിലേക്കോടിയെത്തുന്ന ചിത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മികളുടേത്. പൊതിഞ്ഞുകെട്ടി സൂക്ഷിച്ച പുരാതന ശവശരീരങ്ങള്‍ നമ്മുടെയെല്ലാം മനസ്സുകളില്‍ ഒരേ സമയം ഭീതിയും കൗതുകവും ഉണര്‍ത്താന്‍ പോന്നവയാണ്. ഈജിപ്തില്‍ എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെപ്പേരുടെയും പ്രധാന ലക്ഷ്യം മമ്മികളെ കാണുകയാണ്.

മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും ഇങ്ങനെ മമ്മികളാക്കി സൂക്ഷിച്ചിരുന്നു ഈജിപ്തുകാര്‍. ഇങ്ങനെ പുരാതന ഈജിപ്തിൽ നിന്നു ലഭിച്ച 2,000 വർഷം പഴക്കമുള്ള മൃഗ മമ്മികളുടെ മരണകാരണങ്ങൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു പഠിച്ച ശാസ്ത്രജ്ഞർക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 

egypth-trip1
By givaga/shutterstock

ഒരു പക്ഷിയുടെയും പൂച്ചയുടെയും പാമ്പിന്‍റെയും മമ്മികളായിരുന്നു പഠനവിധേയമാക്കിയത്. മമ്മികളെക്കുറിച്ച് പഠിക്കാൻ എക്സ്-റേ സ്കാനുകൾ ഉപയോഗിക്കുന്നതാണ് സാധാരണരീതി. എക്സ്-റേ മൈക്രോകംപ്യൂട്ടഡ് ടോമോഗ്രഫി അഥവാ മൈക്രോ സിടി സ്കാനിങ് ഉപയോഗിച്ചായിരുന്നു ഗവേഷണം. ഒരു സാധാരണ മെഡിക്കൽ സിടി സ്കാനിൽ നിന്നുള്ള ചിത്രങ്ങളേക്കാൾ 100 മടങ്ങ് ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ ലഭിക്കും എന്നതാണ് ഈ സാങ്കേതികവിദ്യയുടെ മെച്ചം. 

മമ്മികളാക്കും മുന്‍പേ ഈ ജീവികള്‍ കടുത്ത പ്രക്രിയകളിലൂടെ കടന്നു പോയിട്ടുണ്ട് എന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമുള്ളപ്പോള്‍ ചത്തുപോയ വളര്‍ത്തു പൂച്ചയുടേതായിരുന്നു ഒരു മമ്മി. ഇതിന്‍റെ കഴുത്തൊടിഞ്ഞ നിലയിലായിരുന്നു. മമ്മിയുടെ രൂപം ശരിയാക്കാനായി ആളുകള്‍ ചെയ്തതാവാം ഇതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 

ഈജിപ്ഷ്യന്‍ കോബ്രയുടെ കുഞ്ഞാണ് രണ്ടാമത്തെ മമ്മി. ജീവിച്ചിരിക്കുമ്പോള്‍ ഇതിനു നിര്‍ജ്ജലീകരണം ഉണ്ടായിരുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പാമ്പിന്‍റെ നട്ടെല്ലിലുള്ള ഒടിവുകൾ സൂചിപ്പിക്കുന്നത് കഠിനമായ പ്രതലത്തിൽ അടിച്ചാണ് ഇത് കൊല്ലപ്പെട്ടതെന്നാണ്. പലപ്പോഴും പാമ്പുകളെ കൊല്ലാൻ ഉപയോഗിക്കുന്ന ഒരു രീതിയാണിത്. യുറേഷ്യൻ കെസ്ട്രൽ എന്ന ചെറിയ തരം ഫാൽക്കൺ ആയിരുന്നു മമ്മിഫൈ ചെയ്യപ്പെട്ട പക്ഷി. മൈക്രോ സിടി സ്കാൻ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഇതിന്‍റെ അസ്ഥികളുടെ കൃത്യമായ അളവുകൾ എടുത്തു. മറ്റ് രണ്ടു ജീവികളില്‍നിന്നും വ്യത്യസ്തമായി ഈ പക്ഷിയുടെ നട്ടെല്ലിന്‍റെ ഭാഗങ്ങളൊന്നും തകർന്നിട്ടില്ലായിരുന്നു.

egypt
By Guenter Albers/shutterstock

ഈ ജീവികളല്ലാം ബലിയർപ്പിക്കപ്പെട്ടതാവാം എന്നായിരുന്നു പഠനശേഷം ശാസ്ത്രജ്ഞരുടെ നിഗമനം. ഉദ്ദിഷ്ടകാര്യങ്ങള്‍ നടക്കുന്നതിനുള്ള പ്രതിഫലമായി ദൈവങ്ങള്‍ക്കു സമര്‍പ്പിച്ചിരുന്നത് ഇത്തരം ജീവികളെയായിരുന്നു. 1,200 വർഷത്തിനിടയിൽ 70 ദശലക്ഷം മൃഗങ്ങളെ ഇങ്ങനെ മമ്മിഫൈ ചെയ്തു സൂക്ഷിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. മൈക്രോ സിടി സ്കാന്‍ ഉപയോഗിച്ച് ഇവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും എന്നാണു ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. 

ചരിത്രകുതുകികളായ പാശ്ചാത്യ വിനോദസഞ്ചാരികളുടെ പറുദീസയാണ് ഈജിപ്ത്. അവിടെ ഏകദേശം 15% പേര്‍ക്ക് തൊഴിൽ നൽകുന്ന മേഖലയാണ് ടൂറിസം. ജനസംഖ്യയുടെ ആറിലൊന്ന് ഉപജീവനത്തിനായി ടൂറിസത്തെ ആശ്രയിക്കുന്നു. പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ് പറഞ്ഞതുപോലെ ‘നൈൽ നദിയുടെ സമ്മാന’മായ ഈജിപ്തിന്റെ ഭൂരിഭാഗവും മരുഭൂമികളാണ്.  

സാധാരണയായി, വേനൽക്കാലം നല്ല ചൂടുള്ളതും ശൈത്യകാലം മിതവുമാണ്. നവംബർ മുതൽ മാർച്ച് വരെയാണ് ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും സുഖപ്രദം.

English Summary: Digitally Unwrapped Mummified Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com