ADVERTISEMENT

ചെറിത്തോട്ടങ്ങളും മേപ്പിള്‍ മരങ്ങളും അതിരിടുന്ന വഴികളിലൂടെ നടക്കാം. ഋതുവേതായാലും അണിഞ്ഞൊരുങ്ങി മനോഹരിയായി നില്‍ക്കുന്ന പ്രകൃതി. കാണാനായി, അപൂര്‍വ്വമായ വെളുത്ത പാമ്പുകളുടെയും വാളുകളുടെയും മറ്റും മ്യൂസിയങ്ങളുണ്ട്, രുചിക്കാന്‍ സുഷി പോലുള്ള സ്പെഷ്യല്‍ വിഭവങ്ങളുണ്ട്, തിരക്കേറിയ നഗരജീവിതത്തിന്‍റെ ബഹളങ്ങളില്‍ നിന്നും ഓടി വരുന്നവര്‍ക്ക് ആശ്വസിക്കാന്‍ വകയൊരുക്കുന്ന എല്ലാ ചേരുവകളും അടങ്ങിയ ഇവാക്കുനി എന്ന ജാപ്പനീസ് നഗരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

കിന്റായിക്യോ  പാലത്തിനും നിഷിക്കി നദിക്കും സമീപത്തായി നടന്നെത്താവുന്ന ദൂരത്തിലാണ് ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ ഹിരോഷിമ, മിയാജിമ എന്നിവ സന്ദർശിക്കുന്നവര്‍ക്ക് ഇവാക്കുനി നഗരം കൂടി യാത്രയില്‍ ഉള്‍പ്പെടുത്താം. സുന്ദരമായ കാഴ്ചകളും ചരിത്രവും നിറഞ്ഞ ഈ നഗരം സഞ്ചാരികളെ  നിരാശപ്പെടുത്തില്ല എന്നുറപ്പ്.

പതിനേഴാം നൂറ്റാണ്ടിലെ കോട്ട

യമഗുച്ചിയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു ചെറുപട്ടണമാണ് ഇവാക്കുനി. കിക്കാവ വംശത്തിന്‍റെ ഓര്‍മ്മകള്‍ പേറിക്കൊണ്ട് സെറ്റോ കടലിനു അഭിമുഖമായി നില്‍ക്കുന്ന പഴയ കോട്ട ഇവിടത്തെ ഐക്കോണിക് കാഴ്ചകളില്‍ ഒന്നാണ്. ഷിരോയമ പർവതത്തിൽ സ്ഥിതിചെയ്യുന്ന ഈ കോട്ടയുടെ കാഴ്ച കിന്റായിക്യോ ബ്രിഡ്ജിൽ നിന്ന് നോക്കിയാല്‍ കാണാം. മൂന്ന് മിനിറ്റ് നീളുന്ന റോപ്‌വേ (കേബിൾ കാർ) സവാരി വഴി സഞ്ചാരികള്‍ക്ക് ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാം. 

1608-ൽ എഡോ കാലഘട്ടത്തിന്‍റെ തുടക്കത്തിൽ നിർമ്മിച്ചതാണ് ഈ കോട്ട. അഞ്ച് വർഷമെടുത്താണ് ഈ ഭീമന്‍ കോട്ടയുടെ പണി പൂര്‍ത്തിയായത്. ഏഴ് വർഷത്തിന് നശിപ്പിക്കപ്പെട്ട ഈ കെട്ടിടം പിന്നീട് 1962-ല്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. ഉള്ളില്‍ കയറിയാല്‍ വാളുകളും പടച്ചട്ടകളും ഉള്‍പ്പെടെയുള്ള യുദ്ധസാമഗ്രികള്‍ കാണാം.

അലസമായിരിക്കാന്‍ കിക്കോ പാര്‍ക്ക്

പൂന്തോട്ടങ്ങളും സമുറായ് വീടുകളും മ്യൂസിയങ്ങളും വിവിധ രുചികളില്‍ ലഭിക്കുന്ന ഐസ്ക്രീം അടക്കമുള്ള ലഘുഭക്ഷണങ്ങളുമെല്ലാം ഒത്തുചേരുന്ന കിക്കോ പാര്‍ക്ക് ജാപ്പനീസ് സംസ്കാരത്തിന്‍റെ ഒരു സമന്വയമാണ്. ആളുകളെ കൂടാതെ പൂച്ചകളും പ്രാവുകളും പോലുള്ള ജീവജാലങ്ങളും ഇവിടെ ധാരാളമായി കാണാം. വേനല്‍ക്കാലത്ത് വിടര്‍ന്നു നില്‍ക്കുന്ന ചെറിപ്പൂക്കളുടെ മനോഹരമായ കാഴ്ച കാണാന്‍ ആളുകള്‍ ഇവിടെയെത്തുന്നു.

നാവില്‍ കപ്പലോടിക്കുന്ന സുഷി

കാണാനും അറിയാനും ഒട്ടേറെയുണ്ട് ഇവാക്കുനിയില്‍. അതോടൊപ്പം തന്നെ മനസിനും വയറിനും ഒരുപോലെ സംതൃപ്തി പകരുന്ന ജാപ്പനീസ് വിഭവങ്ങള്‍ രുചിക്കുക കൂടി ചെയ്താലേ യാത്രാനുഭവം പൂര്‍ണ്ണമാകൂ. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഇവാക്കുനി സുഷി' എന്നറിയപ്പെടുന്ന മത്സ്യവിഭവം.

വലിയ അളവില്‍ സുഷി പാളികളായി ക്രമീകരിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. കിന്റായിക്യോ ബ്രിഡ്ജിന് മുന്നിലുള്ള പരമ്പരാഗത ടീഷോകു റെസ്റ്റോറന്റായ ഹിരാസിയാണ് അസാധാരണമായ ഈ പ്രാദേശിക ഭക്ഷണത്തിന് ഏറ്റവും പ്രസിദ്ധം. കോട്ടയുടെയും പാലത്തിന്‍റെയും കാഴ്ചകള്‍ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. 

പാമ്പുകളും വാളുകളും

തൂവെള്ള നിറമുള്ള പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്ന 'ഇമാസു വൈറ്റ് സ്നേക്ക്സ് മ്യൂസിയം' ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇവാക്കുനിയിലെ ആൽബിനോ പാമ്പുകളുടെ ആവാസ കേന്ദ്രമാണിത്. വെളുത്ത ചെതുമ്പലും ചുവന്ന കണ്ണുകളും ഉള്ള ഈ പാമ്പുകളെ, സമ്പത്തിന്‍റെ ദേവതയായ ബെന്‍റന്‍റെ സന്ദേശവാഹകരായാണ് ജപ്പാന്‍കാര്‍ കണക്കാക്കുന്നത്. ഇവയെക്കുറിച്ചുള്ള വിവരങ്ങളും വീഡിയോകളുമെല്ലാം സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനാകും.

ഇതിനു തൊട്ടടുത്താണ് ഇവാക്കുനി ആര്‍ട്ട് മ്യൂസിയം ഉള്ളത്. സമുറായ് കരകൌശല വസ്തുക്കളുടെ വിപുലമായ ശേഖരവും പരമ്പരാഗത ജാപ്പനീസ് കലയുടെയും സംസ്കാരത്തിന്‍റെയും ചരിത്രം പേറുന്ന വിവിധ വസ്തുക്കളും ഇവിടെ കാണാം. ഇവിടെ സൂക്ഷിച്ചിരിക്കുന്ന സമുറായി കവചങ്ങളും വാളുകളും കാണുന്നത് സഞ്ചാരികളെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.

തൊട്ടടുത്ത് കാണാന്‍ വേറെയുമുണ്ട് ഇടങ്ങള്‍

ഇവാക്കുനിക്കടുത്ത് അതേപോലെ തന്നെ മനോഹരമായ നിരവധി ഇടങ്ങള്‍ വേറെയുമുണ്ട്, ഡ്രൈവ് ചെയ്ത് എത്താന്‍ പറ്റുന്ന ഇടങ്ങള്‍. അണുബോംബിന്‍റെ വിനാശകരമായ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഹിരോഷിമ നഗരത്തിലേക്ക് വെറും 45  മിനിറ്റ് ട്രെയിനില്‍ സഞ്ചരിച്ചാല്‍ മതി. അതുകൂടാതെ, മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ മിയാജിമ ദ്വീപും ജപ്പാനിലെ ഏറ്റവും നീളമേറിയ ഗുഹയായ അകിയോഷിഡോ കേവും മത്സ്യമാര്‍ക്കറ്റുകളും യുദ്ധചരിത്രങ്ങളും നിറഞ്ഞ ഷിമോണോസെകി നഗരവുമെല്ലാം സഞ്ചാരികള്‍ക്ക് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ഇടങ്ങളാണ്. 

എങ്ങനെ എത്താം?

 ആകാശമാര്‍ഗം വരുന്നവര്‍ക്ക് ഇവാക്കുനി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങാം. ഹിരോഷിമയിലും ഉബെയിലുമാണ് അടുത്തുള്ള മറ്റു പൊതു വിമാനത്താവളങ്ങൾ. ബുള്ളറ്റ് ട്രെയിന്‍ വഴിയാണ് യാത്രയെങ്കിൽ, ടോക്കിയോയിൽ നിന്ന്  ഹിരോഷിമ വഴി ജെ ആർ ടോക്കൈഡോ-സാൻ‌യോ ഷിങ്കൻ‌സെൻ ലൈനിലുള്ള ഷിൻ-ഇവാകുനി സ്റ്റേഷനിലേക്ക് 4.5 മണിക്കൂർ സമയമാണ് വേണ്ടത്. ഹിരോഷിമയില്‍ നിന്ന് ബുള്ളറ്റ് ട്രെയിന്‍ വഴി വരുന്നവര്‍ക്ക് വെറും 15 മിനിറ്റ് സമയം കൊണ്ട് ഇവിടെയെത്താം.

English Summary: Things to Do in Iwakuni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com