മനുഷ്യനോളം വലുപ്പമുളള ഭീമന്‍ വവ്വാലുകളെ കാണണോ?

philippines-forest
SHARE

സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന മെട്രോപ്പൊലിറ്റൻ സിറ്റികളിൽ ഒന്നാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനില. ഓൾഡ് മനില സിറ്റി, ഫോർട്ട് സാന്റിയാഗോ, സാൻ അഗസ്റ്റിൻ ചർച്ച്, ചുമരുകളാൽ ചുറ്റപ്പെട്ട ഇൻട്രാമറസ്, നാഷനൽ മ്യൂസിയം ഓഫ് ഫിലിപ്പീൻസ്, പ്രാസാൻജൻ ജലപാതം തുടങ്ങി കാഴ്ചകൾ അനവധിയാണ് മനിലയിൽ. ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമാണ് ഫിലിപ്പീൻസ്.സഞ്ചാരികളെ കാത്ത് നിരവധി അദ്ഭുതകാഴ്ചകളും ആ രാജ്യത്തുണ്ട്. അതിലൊന്നാണ് മനുഷ്യനോളം വലുപ്പമുള്ള ഭീമൻ വവ്വാലുകൾ.

ഭീമന്‍ വവ്വാലുകളെ കാണണോ? 

ഒരു മനുഷ്യന്‍റെ അത്രയും വലുപ്പമുള്ള ഭീമാകാരന്മാരായ വവ്വാലുകള്‍ ആകാശത്തു കൂടി പറക്കുന്ന കാഴ്ച പലര്‍ക്കും ഭീതിജനകമായിരിക്കും. കഥകളില്‍ നാം കേട്ടതു വച്ച് ചോരകുടിയന്മാരും മാംസക്കൊതിയന്‍മാരുമൊക്കെ ആണല്ലോ വവ്വാലുകള്‍. എന്നാല്‍ വലുപ്പം ഉള്ളതു കൊണ്ടുമാത്രം പല ജീവികളും ഉപദ്രവകാരികളാകണമെന്നില്ല. ഇതിനൊരുദാഹരണമാണ് ലോകത്തിലെ ഏറ്റവും വലിയ വവ്വാലുകള്‍ എന്നറിയപ്പെടുന്ന ‘ജയന്‍റ് ഗോള്‍ഡന്‍ ക്രൗണ്‍ഡ് ഫ്ലയിങ് ഫോക്സ്’ എന്നയിനം. കാണാന്‍ ഭീകരനൊക്കെയാണെങ്കിലും വെറും പഴങ്ങള്‍ മാത്രം കഴിക്കുന്ന സസ്യാഹാരികളാണ് ഈ വവ്വാലുകള്‍.

പ്രധാനമായും ഫിലിപ്പീന്‍സിലെ കാടുകളിലാണ് ഇവയെ കാണാന്‍ കഴിയുക. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ചിത്രങ്ങളിലൂടെയാണ് ഇവ കൂടുതല്‍ പ്രശസ്തരായത്. ചിറകുവിരിച്ചാല്‍ അഞ്ചരയടി നീളമായിരിക്കും ഇതിനുണ്ടാവുക. ഇന്ന് ഇക്കൂട്ടത്തില്‍പ്പെട്ട വെറും പതിനായിരം വവ്വാലുകള്‍ മാത്രമേ ഭൂമുഖത്ത് അവശേഷിക്കുന്നുള്ളൂ. മനുഷ്യര്‍ക്ക് ഉപദ്രവമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും മനുഷ്യരുടെ കുത്സിതപ്രവൃത്തികള്‍ കാരണം നാശോന്മുഖമായിരിക്കുകയാണ് ഈ അപൂര്‍വ ജീവിവര്‍ഗം. 

ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ വളര്‍ത്തുനായ്ക്കളെക്കാള്‍ ബുദ്ധിയുള്ള ജീവികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണ വവ്വാലുകളെപ്പോലെ പ്രതിധ്വനി ഉപയോഗിച്ചല്ല ഇവ ഇര തേടുന്നത്, കാഴ്ചശക്തിയും ഗന്ധവും ഉപയോഗിച്ചാണ്. അത്തിക്കായ്കള്‍ ആണ് ഇവ പ്രധാനമായും കഴിക്കുന്നത്. അത്തിമരങ്ങളുടെ പ്രജനനത്തിനും ഇത് സഹായിക്കുന്നു.

ഇന്നുവരെ 79-ഓളം വവ്വാല്‍ ഇനങ്ങളെയാണ്  ഫിലിപ്പീൻസിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 26 എണ്ണം വലുപ്പമേറിയവയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ നാല് ഇനങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ഫിലിപ്പീൻസിൽ വ്യാപകമായി കാണുന്ന ഒരേയൊരു ഇനമാണിത്. നിർഭാഗ്യവശാൽ വനനശീകരണം, വേട്ടയാടൽ തുടങ്ങിയവ കാരണം വംശനാശ ഭീഷണി നേരിടുകയാണ് ഇവ. ഇവയുടെ സംരക്ഷണത്തിനായി രാജ്യാന്തര സംഘടനകള്‍ അടക്കം ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വളരെ അപരിചിതമായ ഇടങ്ങളിലേക്ക് യാത്രകൾക്കൊരുങ്ങുന്നതിനു മുൻപ് ചെറിയ മുന്നൊരുക്കങ്ങൾ നടത്തുന്നത് യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കും. ഓരോ യാത്രയും പകർന്നു നൽകുന്നത് പുത്തനനുഭവങ്ങളും പുതുകാഴ്ചകളുമാണ്. ഏറെയൊന്നും പരിചിതമല്ലാത്ത നാട്ടിലേക്കു യാത്ര പുറപ്പെടുമ്പോൾ കുറേക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മനോഹരമായ ദ്വീപുകളാൽ സമ്പന്നമാണ് ഫിലിപ്പീൻസ്. അങ്ങോട്ടുള്ള യാത്രയ്ക്കൊരുങ്ങുന്നതിനു മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ യാത്ര ഏറെ ആസ്വാദ്യകരമാകുമെന്നത് തീർച്ചയാണ്. 

ചൂട് കൂടുതലുള്ള നാടാണ് ഫിലിപ്പീൻസ്. എന്നാൽ ആ നാട്ടില്‍  തണുപ്പുള്ള കാലാവസ്ഥയുള്ള ഇടങ്ങളുമുണ്ട്. യാത്രക്കൊരുങ്ങുമ്പോൾ കാലാവസ്ഥ എപ്രകാരമുള്ളതാണെന്നു മനസ്സിലാക്കി അതിനനുസരിച്ചുള്ള തയാറെടുപ്പ് നടത്തേണ്ടതാണ്. ചൂട് കൂടുതലുള്ള പ്രദേശങ്ങൾ അവിടെ കൂടുതലായതുകൊണ്ടുതന്നെ സൂര്യാഘാതത്തിൽ നിന്നുള്ള പ്രതിരോധമാർഗങ്ങളും മുഖം മറയ്ക്കുന്നതിനു ടൗവലുകളും  കരുതുന്നത് ഏറെ നല്ലതാണ്.

ഭാഷ ഫിലിപ്പീൻസിൽ ഒട്ടും പ്രശ്നക്കാരനല്ല. ഫിലിപ്പീനോയ്ക്ക് ഒപ്പം ഇംഗ്ലിഷും അവിടെ ഔദ്യോഗിക ഭാഷയാണ്. ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് അറിയാമെന്നതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആശയവിനിമയത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതു വളരെ വിരളമായി മാത്രമായിരിക്കും.

സെപ്റ്റംബര്‍ മുതൽ ജനുവരി അവസാനംവരെ ഫിലിപ്പീൻസിലെ ജനങ്ങൾക്ക് ആഘോഷമാണ്. അവിടുത്തെ ഉത്സവ സീസൺ തുടങ്ങുന്നത് ഈ കാലത്താണ്. മറ്റെവിടെയുമില്ലാത്ത പോലെയുള്ള ആഘോഷങ്ങളാണ് ഫിലിപ്പീൻസിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടക്കുന്നത്. ഉത്സവ സീസണിൽ ഇവിടം സന്ദർശിക്കുന്നത് യാത്രികർക്ക് ഏറെ കൗതുകരമായ അനുഭവങ്ങൾ സമ്മാനിക്കും. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുന്നത് സെപ്റ്റംബറിലാണ്, ജനുവരി അവസാനത്തോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾ അവസാനിക്കുന്നത്.

യാത്ര മനിലയിലേക്കാണെങ്കിൽ ഏതെങ്കിലും ട്രാൻസ്‌പോർട്ട്  ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത് ഗുണകരമായിരിക്കും. മനില ഒരു മെട്രോപൊളിറ്റൻ സിറ്റി ആണ്. അതുകൊണ്ടു തന്നെ അതിന്റേതായ തിരക്കുകൾ നിറഞ്ഞ ഒരു നഗരവും കൂടിയാണിത്. ഫിലിപ്പീൻസ് സന്ദർശനം ആദ്യമായാണെങ്കിൽ, നഗരത്തിരക്കുകളിൽ ടാക്സികൾ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഊബർ, ഗ്രാബ് കാർ, വേസ് എന്നീ  ആപ്പുകൾ ഫോണിൽ സൂക്ഷിക്കുന്നത് യാത്രകൾ എളുപ്പമുള്ളതാക്കും.

English Summary: The Largest Bat In The World Giant Golden Crowned Flying Fox

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA