ഇത് ‘സൂയിസൈഡ് ഫോറസ്റ്റ്’ ഏതു സഞ്ചാരിയും ഭയക്കും ഇവിടുത്തെ ട്രക്കിങ്

Narusawa-Ice-Cave
SHARE

ജപ്പാനിലെ ഫുജി പർവതത്തിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു വനമാണ് ഓക്കിഗഹാര. 'മരങ്ങളുടെ കടല്‍' എന്ന് ഓമനപ്പേരുള്ള ഈ പ്രദേശം ഫുജി പര്‍വ്വതപ്രദേശത്ത് മുപ്പതു ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു. 

മരിച്ചു പോയ ആളുകളുടെ പ്രേതങ്ങളെ 'യുറി' എന്നാണു ജപ്പാന്‍കാര്‍ വിളിക്കുന്നത്. ഇവരുടെ ആവാസ കേന്ദ്രമാണ് ഓക്കിഗഹാര എന്നാണു വിശ്വാസം. സമീപ വർഷങ്ങളിൽ ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നായതിനാല്‍ "സൂയിസൈഡ് ഫോറസ്റ്റ്" എന്നും ഇതിനു പേരുണ്ട്. 

ശൈത്യകാലത്ത് ഐസ് നിറയുന്ന നിരവധി ഗുഹകളുള്ള ഓക്കിഗഹാരയുടെ പടിഞ്ഞാറെ അറ്റം വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. പരന്നൊഴുകി ഉറഞ്ഞ ലാവ ശബ്ദത്തെ ആഗിരണം ചെയ്യുന്നതിനാല്‍ ഇവിടം പൊതുവേ ബഹളമുഖരിതമല്ല എന്നതും ശാന്തത ആഗ്രഹിക്കുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്.

കാടിന്‍റെ ഭൂമിയില്‍ കൂടുതലും ലാവയുറഞ്ഞ പാറകളാണ്. ഒന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ ഫുജി പർവതം പൊട്ടിത്തെറിച്ച് ഈ വനം നശിപ്പിക്കപ്പെട്ടിരുന്നു. അടുത്ത 12 നൂറ്റാണ്ടുകളിൽ മരങ്ങളും സസ്യജാലങ്ങളും തിരിച്ചെത്തി. പലയിടങ്ങളിലായി പരന്നൊഴുകിയ ലാവയാകട്ടെ, വ്യത്യസ്ത ഭൂരൂപങ്ങളായി അവിടെത്തന്നെ അവശേഷിച്ചു. 

ഇടതൂർന്നതിനാൽ വനത്തിനുള്ളില്‍ എത്തുന്ന സഞ്ചാരികള്‍ വഴി തെറ്റിപ്പോകാനിടയുണ്ട്. ഇതുകൊണ്ട് ഇവിടെ ട്രെക്കിംഗ് നടത്തുന്ന കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് അവരുടെ വഴി അടയാളപ്പെടുത്താൻ തുടങ്ങിയതിന്‍റെ അടയാളങ്ങള്‍ വഴി നീളെ കാണാം. വിനോദസഞ്ചാര കേന്ദ്രങ്ങളായ നരുസാവ ഐസ് കേവ്, ഫുഗാകു വിൻഡ് കേവ്, സായ് ബാറ്റ് കേവ് എന്നിവയിലേക്ക് നയിക്കുന്ന വഴികള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഫുജി പർവതത്തിനടുത്തുള്ള പ്രശസ്തമായ വലിയ ലാവ ഗുഹകളാണ് ഈ മൂന്നും.

നരുസാവ ഐസ് കേവ്, ഫുഗാകു വിൻഡ് കേവ് എന്നിവയാണ് സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തം. വേനൽക്കാലത്ത് ഈ രണ്ട് ഗുഹകളുടെ ഉള്‍വശങ്ങളും തണുത്തിരിക്കും. ഗുഹകളുടെ മേൽത്തട്ടില്‍ എപ്പോഴും ഐസ് കണങ്ങള്‍ തങ്ങി നില്‍ക്കുന്നത് കാണാം. ഫുഗാകു വിന്‍ഡ് കേവിനുള്ളിലുള്ള ബസാൾട്ട് നിറഞ്ഞ ചുവരുകളില്‍ ശബ്ദവീചികള്‍ തൽക്ഷണം ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ സാധാരണ ഗുഹകള്‍ക്കുള്ളില്‍ ഉണ്ടാകുന്നതുപോലെ പ്രതിധ്വനി കേള്‍ക്കാനാവില്ല. ഇതിനുള്ളില്‍ പണ്ട് ലാവ നിറഞ്ഞ ഒരു കുളവും സഞ്ചാരികള്‍ക്ക് കാണാം.

പതിനേഴാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ ഈ രണ്ടു ഗുഹകളും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. വിൻഡ് കേവിനെ “നാച്ചുറൽ റഫ്രിജറേറ്റർ” എന്നാണു വിളിക്കുന്നതു തന്നെ. പട്ടുനൂൽപ്പുഴുക്കളുടെ മുട്ടകള്‍ സൂക്ഷിക്കാനുള്ള ഒരു സ്റ്റോർ റൂമായി ഇവിടം ഉപയോഗിച്ചിരുന്നു. ഐസ് കേവിനുള്ളിലെ ഐസ് ക്യൂബുകളാവട്ടെ,  ഈഡോ യുഗത്തില്‍ പ്രാദേശിക പ്രഭുക്കന്മാർക്ക് കാഴ്ച വച്ചിരുന്ന വസ്തുക്കളില്‍ ഒന്നായിരുന്നു. 

വിവിധയിനം വവ്വാലുകള്‍ വസിക്കുന്ന സായ് ബാറ്റ് കേവും ഇവിടുത്തെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ഈ മൂന്ന് ഗുഹകളും 1929 ൽ ജപ്പാനിലെ പ്രകൃതി സ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടവയാണ്. 

സഞ്ചാരികള്‍ അറിയാന്‍

നടന്നു പോവുകയാണെങ്കില്‍ നരുസാവ ഐസ് കേവ്, ഫുഗാകു വിൻഡ് കേവ് എന്നിവ തമ്മില്‍ വെറും 20 മിനിറ്റ് ദൂരമേയുള്ളൂ. ഡ്രൈവ് ചെയ്യുകയാണെങ്കില്‍ മൂന്ന് മിനിറ്റ് മതി. ബസിലാണ് യാത്രയെങ്കില്‍ 12 മിനിറ്റ്. സായ് ബാറ്റ് കേവ്ഫുഗാകു വിൻഡ് കേവിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ബസ്സിൽ പോവുകയാണെങ്കില്‍ 10 മിനിറ്റും കാൽനടയാണെങ്കില്‍ 30 മിനിറ്റും സമയമെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA