തോണി തുഴഞ്ഞ് മാലദ്വീപില്‍, വെയില്‍ ചുംബനമേറ്റ് മൗറീഷ്യസില്‍... നടി വേദികയുടെ യാത്രകള്‍

vedhika
SHARE

'ശൃംഗാരവേലൻ' എന്ന ദിലീപ് ചിത്രത്തിലൂടെ രാധയായെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് വേദിക. പിന്നീട് കസിൻസ്, പൃഥിരാജിനൊപ്പം ജെയിംസ്‌ ആൻഡ്‌ ആലിസ്, വെൽക്കം ടു സെൻട്രൽ ജയില്‍ മുതലായ മലയാള സിനിമകളിലും നായികയായെത്തിയ വേദിക, തമിഴ്, കന്നഡ, തെലുഗു മുതലായ ഭാഷകളിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

യാത്രാപ്രിയയായ വേദിക ഈ കോവിഡ് കാലത്തും യാത്രാ വിശേഷങ്ങളുമായി ഓണ്‍ലൈനില്‍ സജീവമാണ്. വേദികയുടെ സോഷ്യല്‍ മീഡിയ തുറന്നു നോക്കിയാല്‍ നിരവധി യാത്രാചിത്രങ്ങള്‍ കാണാം. മാലദ്വീപ്‌, മൗറീഷ്യസ് മുതലായ മനോഹര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈയിടെ നടി പോസ്റ്റ്‌ ചെയ്തത്.

സണ്‍സ്മൂച്ച്ഡ്...

മൗറീഷ്യസ് യാത്രക്കിടെ എടുത്ത മനോഹരമായ ചിത്രമാണ് വേദിക ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്ത യാത്രാ ചിത്രം. വെളുത്ത ടോപ്പണിഞ്ഞു വെയിലത്ത്‌ നിന്ന് ക്യാമറയിലേക്ക് നോക്കുന്ന ചിത്രമാണിത്.

View this post on Instagram

#SunSmooched 🌈 #TheBody #BTS #Mauritius

A post shared by Vedhika (@vedhika4u) on

ഇതേ യാത്രയില്‍ നിന്ന് തന്നെയുള്ള മറ്റു ഫോട്ടോകളും വിഡിയോകളും വേദിക മുന്നേ ഷെയര്‍ ചെയ്തിട്ടുണ്ട്. സൂര്യാസ്തമനസമയത്ത് ഒരു തടാകക്കരയില്‍ ഫോട്ടോഷൂട്ട്‌ നടത്തുന്ന വീഡിയോ കാണാം.

മൗറീഷ്യസ് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്ന് വേദിക മുന്‍പെയും പറഞ്ഞിട്ടുണ്ട്. ഈയിടെ കോവിഡില്‍ നിന്നും എത്രയും പെട്ടെന്ന് മോചിതരാകട്ടെ എന്ന് മൗറീഷ്യസ് നിവാസികളെ ആശംസിച്ചു കൊണ്ട് ഒരു വിഡിയോയും വേദികയുടെതായി ഇറങ്ങിയിരുന്നു. തനിക്ക് ഇനിയും പോകാന്‍ ഏറെ ആഗ്രഹമുള്ള സ്ഥലമാണ് ഇവിടമെന്നും നടി പറയുന്നു.

സൈക്കിള്‍ ചവിട്ടി മാലദ്വീപില്‍

മാലിദ്വീപിലെ അവധിക്കാലത്ത് അയാഡ റിസോര്‍ട്ടില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും വിഡിയോകളും കാണാം. കയാക്കിംഗ് നടത്തി തടാകത്തിലൂടെ തുഴഞ്ഞു നീങ്ങുന്ന വീഡിയോ വേദിക ഷെയര്‍ ചെയ്തിട്ടുണ്ട്. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടാണ് വേദിക ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇവിടെ നിന്നുതന്നെ മനോഹരമായ നീലജലാശയത്തിനു നടുവിലൂടെ കെട്ടിയ മരപ്പാലത്തിലൂടെ സൈക്കിള്‍ ഓടിക്കുന്ന വേദികയുടെ വീഡിയോയും കാണാം. 

മനോഹരമായ ഓറഞ്ചു പൂക്കളുള്ള വെളുത്ത ഫ്രോക്കണിഞ്ഞ് മേശയ്ക്ക് മുകളില്‍ ഇരിക്കുന്ന ചിത്രവും വേദിക കഴിഞ്ഞ മാസം പങ്കു വച്ചിരുന്നു.

കടലിലേക്ക് നീണ്ടുകിടക്കുന്ന മരപ്പലകകള്‍ പാകിയ മുന്‍വശത്തോട് കൂടിയ മനോഹരമായ റിസോര്‍ട്ടിന്‍റെ സ്വപ്നസമാനമായ അന്തരീക്ഷത്തില്‍ മുടിയിഴകളെ തഴുകുന്ന കാറ്റിനൊപ്പം നൃത്തം ചെയ്ത് ഒഴുകി നീങ്ങുന്നതാണ് മറ്റൊരു വീഡിയോ.

സുന്ദരമായ കടൽത്തീരങ്ങളും പച്ചപ്പും നിറഞ്ഞ സ്വകാര്യ ദ്വീപിൽ സ്ഥിതി ചെയ്യുന്ന അയാഡ റിസോര്‍ട്ട് മാലദ്വീപിലെ പ്രധാനപ്പെട്ട ഒരു ലക്ഷ്വറി റിസോര്‍ട്ടാണ്. വിശാലമായ റെസ്റ്റോറന്റുകൾ, സ്വകാര്യ ഇൻഫിനിറ്റി പൂളുകളുള്ള വലിയ വില്ലകൾ, സ്പാകള്‍ എന്നിവയെല്ലാം ഇതിനെ സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ പ്രിയസ്ഥലമാക്കി മാറ്റുന്നു. സഞ്ചാരികള്‍ക്കായി വാട്ടർ-സ്പോർട്സ്, മറ്റു ജനവാസമുള്ള ദ്വീപുകളിലേക്കുള്ള ഉല്ലാസയാത്രകള്‍, സണ്‍സെറ്റ് ക്രൂയിസ്, ഫിഷിംഗ് ട്രിപ്പുകള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

View this post on Instagram

#Paradise 🐳🐬🐠🌊🌈 #Maldives

A post shared by Vedhika (@vedhika4u) on

മാലദ്വീപിന്‍റെ തെക്ക് ഭാഗത്തുള്ള ഗാഫു ധാലു അറ്റോളിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മാലദ്വീപിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നായാണ് ഈ അറ്റോൾ അറിയപ്പെടുന്നത്.

മൗറീഷ്യസ്

വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്‌പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.

മാലദ്വീപ്

യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് മാലദ്വീപ്. അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള  യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്.

വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗം അതുകൊണ്ടു തന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേൽക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. ഇന്ത്യയിൽ നിന്നുള്ളവരെ സംബന്ധിച്ചു ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങളെല്ലാമുള്ള  മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്പര്യം പോലെ അവ താമസത്തിനായി തിരഞ്ഞെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA