ഐസിനുള്ളിൽ നിന്നും ചൂണ്ടയിട്ടു മീൻ പിടിക്കാം! മിനസോട്ടയിലെ ചില രസികന്‍ സ്ഥലങ്ങള്‍

fishing
Kevin Kopf/Shutterstock
SHARE

പുഴയില്‍ നിന്നും കടലില്‍ നിന്നും തോട്ടില്‍ നിന്നുമൊക്കെ മീന്‍ പിടിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഐസിനുള്ളില്‍ നിന്ന് മീന്‍ പിടിച്ചിട്ടുണ്ടോ? ഐസില്‍ നിന്നും ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ ആഗ്രഹമുണ്ടോ? അതിനായുള്ള ചില കിടുക്കന്‍ തടാകങ്ങള്‍ യുഎസിലെ മനോഹര നഗരമായ മിനസോട്ടയിലുണ്ട്! 

ശൈത്യകാലത്താണ് സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ഈ അനുഭവം ലഭ്യമാവുക. അതിനായി ഇക്കാലങ്ങളില്‍ നിരവധി ഐസ് ഫിഷിംഗ് ടിപ്പുകള്‍ ഇവിടെ ഉണ്ടാകും. ചൂണ്ടയിടാന്‍ പോകും മുന്നേ ഓരോ പ്രദേശത്തും എന്തുതരം മീനാണ് കാണുന്നത്, അവരുടെ സ്വഭാവസവിശേഷതകള്‍ തുടങ്ങിയവ അറിഞ്ഞിരിക്കണം. വാള്‍ഐ, പെര്‍ച്ച്, പൈക്ക് തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും ഇങ്ങനെ പിടിക്കാനാവുക. 

fishing1
Holly Kuchera/Shutterstock

ഓരോരോ മത്സ്യങ്ങള്‍ക്കും ഓരോ രീതിയാണ്. ശൈത്യകാല കുടിയേറ്റം നടത്തുന്ന വാള്‍ഐ പോലെയുള്ള മത്സ്യങ്ങളെ അല്‍പ്പം തന്ത്രപരമായി വേണം പിടിക്കാന്‍. തടാകത്തിന്‍റെ ആഴം കുറഞ്ഞ അറ്റത്ത് നിന്ന് തുടങ്ങി ആഴമേറിയ ഭാഗത്തേക്ക് ഐസ് തുരന്നു പോയാലേ ഇവയെ പിടിക്കാന്‍ പറ്റൂ. അതിരാവിലെ ഇവ ആഴമേറിയ ഭാഗങ്ങളിലായിരിക്കും ഉണ്ടാവുക. പകല്‍ മുഴുവന്‍ ഇവ കരഭാഗത്തേക്ക് നീങ്ങുന്നു. സന്ധ്യാസമയവും ഇവയെ പിടിക്കാന്‍ അനുയോജ്യമാണ്. 

അല്‍പ്പം അക്രമം കൂടുതല്‍ ഉള്ളവരാണ് പൈക്കുകള്‍. വേഗതയും ഇവയ്ക്ക് കൂടുതലാണ്. മിനസോട്ടയുടെ വടക്കുകിഴക്കൻ ഭാഗങ്ങളില്‍ ഭീമാകാരന്മാരായ പൈക്കുകളെ കാണാം. മിനസോട്ടയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന മധ്യമേഖലയിൽ ധാരാളം ചെറിയ പൈക്കുകളെയും കാണാം. മത്സ്യബന്ധനം മൂലം ഇവയുടെ എണ്ണം കുറഞ്ഞു വരികയാണ്.  

പെർച്ച് മീൻപിടിത്തത്തിനാവട്ടെ, അധികൃതര്‍ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ലൈസൻസിന് പ്രതിദിനം 20 പെർച്ച് വരെ പിടിക്കാം, ഒപ്പം ഒരുസമയത്ത് 40 എണ്ണം മീനുകളെ വരെ കൈവശം വയ്ക്കാനും പറ്റും. മിനസോട്ടയിലുടനീളമുള്ള നിരവധി തടാകങ്ങളിൽ ഈ മീനുകളെ കാണാം.

ഏറ്റവും മികച്ച രീതിയില്‍ മത്സ്യബന്ധനം നടത്താനായി ഡാര്‍ക്ക് ഹൌസ് ഐസ് ഫിഷിംഗ് രീതിയാണ് അവലംബിക്കുന്നത്. മീന്‍ പിടിക്കുന്ന ഇടത്തെ കൃത്രിമ ലൈറ്റുകള്‍ ഓഫാക്കി പകരം പ്രകൃതിദത്തമായ വെളിച്ചം ഉപയോഗിക്കുന്ന രീതിയാണിത്. ഇതിനായി ഡാര്‍ക്ക്‌ ഹൗസുകളുണ്ട്. ഡാര്‍ക്ക്‌ ഹൗസ് ഫിഷിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

കൂടാതെ മീന്‍പിടിക്കുന്നവര്‍ക്ക് തണുപ്പില്‍ നിന്നും ഹിമപാതത്തില്‍ നിന്നുമൊക്കെ രക്ഷ നേടാന്‍ സഹായിക്കുന്ന ഐസ് ഹൗസുകളും ഇവിടെയുണ്ട്. ഇവ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് ലഭിക്കും. ഇതിനായി വേറെയും പ്രത്യേകം ലൈസന്‍സ് എടുക്കണമെന്നു മാത്രം. ഐസ് ഫിഷിംഗ് റിസോര്‍ട്ടുകളിലെ താമസവും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. 

മീന്‍പിടിത്തം നടത്താനുള്ള ലൈസന്‍സ് മിനസോട്ടയില്‍ ഉടനീളം ലഭ്യമാണ്. മാര്‍ച്ച് ഒന്നുമുതല്‍ അടുത്ത ഫെബ്രുവരി 28 വരെയാണ് ഓരോ ലൈസന്‍സിന്‍റെയും കാലാവധി. 

കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ട് വേണം മീന്‍പിടിത്തത്തിന് പോകാന്‍ എന്നതാണ് ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രധാരണം, ആവശ്യമായ ഉപകരണങ്ങള്‍, ഓരോ പ്രദേശത്തെയും ഐസിന്‍റെ ഘനം എന്നിവയെല്ലാം ശ്രദ്ധിക്കണം.

English Summary:Top Tips For Ice Fishing In Minnesota

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA