മാവേലിയുമൊത്ത് നടുക്കടലിൽ ഒരു ഓണം

onam-celebration1
SHARE

കൊറോണ ലോകത്തെ സ്തംഭിപ്പിച്ചപ്പോൾ കടലിൽ ജോലി ചെയ്തിരുന്നവരെയും രൂക്ഷമായി ബാധിച്ചു. നാലും ആറും മാസത്തെ ജോലിക്കായി കയറിയ പലരും ഒരുവർഷം പിന്നിട്ടിട്ടും തിരിച്ചിറങ്ങാൻ കഴിയാത്ത അവസ്ഥയായി. അത്തരമൊരു സന്ദർഭത്തിലാണു പതിവില്ലാത്തൊരു കാര്യം ‘ചൈന ഡോൺ’ എന്ന ചരക്കുകപ്പലിലെ ക്യാപ്റ്റൻ ബിനോയ് കണ്ണൻ ചെയ്തത്.

onam-celebration.3

നിർദിഷ്ഠ പാതയിൽനിന്നു മാറി കപ്പലിനെ കൊച്ചിയിൽ അടുപ്പിച്ചു. ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവർ അവിടെ സൈൻഓഫ് ചെയ്തപ്പോൾ കൊച്ചിക്കാരനായ ക്യാപ്റ്റൻ ജയ്പോൾ സെബാസ്റ്റ്യനും ചീഫ് എൻജിനീയർ ഷൈൻ വിശ്വംഭരനും ഉൾപ്പെടെ ഞങ്ങൾ 10 മലയാളികൾ ജോലിക്കുകയറി. പിന്നീടു കൊച്ചിയെ ‘ക്രൂ ചേഞ്ചിങ് ഹബ്’ ആക്കി മാറ്റിയ തീരുമാനം ആയിരുന്നു അത്. നേരത്തേ ഗൾഫിലെ ഫുജൈറയും സിംഗപ്പൂരും ആയിരുന്നു ഇന്ത്യൻ കപ്പൽ ജോലിക്കാരുടെ ട്രാൻസിറ്റ് ഹബുകൾ. ചൈനാ ഡോണിനെ പിന്തുടർന്ന് ഒട്ടേറെ കപ്പലുകൾക്ക് ഇപ്പോൾ കൊച്ചിയാണു ട്രാൻസിറ്റ് ഹബ്. 

22 ജോലിക്കാരിൽ 10 പേരും മലയാളികളാണ് എന്നതിനാൽ കുടുംബാന്തരീക്ഷമായിരുന്നു കപ്പലിൽ. സിംഗപ്പൂർ, മലേഷ്യ , ഓസ്ട്രേലിയ എന്നിങ്ങനെ ചുറ്റിക്കൊണ്ടിരുന്ന കപ്പൽ ചൈനയിലേക്കു പോകാനുള്ള സന്ദേശം ലഭിച്ചതോടെ ഞങ്ങൾ ആശങ്കയിലായി. എങ്കിലും ക്യാപ്റ്റനും ചീഫ് എൻജിനീയറും പകർന്ന ആത്മവിശ്വാസം പകർന്നതോടെ പിരിമുറുക്കം അയഞ്ഞു. 

china-dawn

കപ്പലിൽ ആദ്യ ആഘോഷം നടന്നത് സ്വാതന്ത്ര്യദിനത്തിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലെ ഓളപ്പരപ്പിൽ വീശിയടിച്ച കാറ്റിൽ ത്രിവർണ പതാക പാറിച്ചപ്പോൾ സല്യൂട്ട് അടിക്കാൻ ചൈനീസ് സഹപ്രവർത്തകരും ഒപ്പംകൂടി. പിന്നീടാണ് ഓണാഘോഷത്തെക്കുറിച്ചുള്ള ആലോചന തുടങ്ങിയത്. കപ്പൽ ഫുജൈറയിലേക്കായിരുന്നു യാത്ര. ഓണാഘോഷത്തിനു വേണ്ട സാമഗ്രികൾ അവിടെനിന്നു സംഘടിപ്പിക്കാമെന്നു ഞങ്ങൾ കണക്കുകൂട്ടി.

ഫുജൈറയിലെത്തിയ കപ്പലിന് ആവശ്യത്തിന് സാമഗ്രികളും വാങ്ങി കൊറിയയിലേക്കുള്ള എണ്ണയും കയറ്റി ഞങ്ങൾ വീണ്ടും അറബിക്കടലിലേക്ക്.

onam-celebration.2

കപ്പലിലെ പരിമിതികളിൽനിന്ന് മഹാബലിക്കു വേണ്ട കുടയും ആഭരണങ്ങളും മെതിയടിയും കിരീടവുമൊക്കെ നിർമിച്ചെടുത്തു. സദ്യവട്ടത്തിനുള്ള ഒരുക്കങ്ങളുമായി മറ്റു ചിലർ. വാഴയില വരെ ഫുജൈറയിൽനിന്നു വാങ്ങിയിരുന്നു. പൂക്കളത്തിന്റെ ചുമതല മറ്റു ചിലർക്ക്. തിരുവാതിര ഒറ്റ ദിവസം കൊണ്ട് 6 പേരെ പഠിപ്പിച്ചെടുത്തു.

onam-celebration

ഉത്രാടസന്ധ്യയിൽ തിരുവോണസദ്യവട്ടങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണു കപ്പലിൽ അനൗൺസ്മെന്റ് ഉയർന്നത്. എല്ലാവരും റിക്രിയേഷൻ റൂമിൽ എത്തുകയെന്ന്. അവിടെ ഞങ്ങളെക്കാത്തിരുന്നത് മറ്റൊരു അദ്ഭുതം. കപ്പലിലുണ്ടായിരുന്ന 2 ചൈനക്കാർ ഉൾപ്പെടെ 22 പേർക്കും ക്യാംപ്റ്റനും ചീഫ് എൻജിനീയറും ചേർന്നു വാങ്ങിച്ച ഓണക്കോടി സമ്മാനിച്ചു. പലരുടെയും കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. ഒരു നിമിഷമെങ്കിലും മനസ്സ് നാട്ടിലേക്കു മടങ്ങി.

തിരുവോണത്തിനു പുലർച്ചെ തന്നെ ഒരുക്കങ്ങൾ തുടങ്ങി. പത്തു മണിയോടെ 18 കൂട്ടം കറികളും അടപ്രഥമനും സേമിയ പായസവും ഉൾപ്പെടെ സദ്യ റെഡി. മുണ്ടുടുക്കാൻ അറിയാത്ത മറ്റു ദേശക്കാരെ മുണ്ടുടുപ്പിച്ചും മാവേലിയാകാൻ സ്വയം സന്നദ്ധനായ ജാർഖണ്ഡുകാരനെ വേഷം കെട്ടിച്ചും എല്ലാവരും ഓണമൂഡിലേക്ക് എത്തി. 

കപ്പലിൽ നോൺ വെജിറ്റേറിയൻ ഭക്ഷണ മാത്രം കഴിച്ചു ശീലിച്ചിരുന്നവർ സദ്യയ്ക്ക് ഇത്ര രുചിയോ എന്ന് അത്ഭുതം കൂറി. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതും അവർക്കു പുതുമയായി. പിന്നീട് ഊഞ്ഞാലാട്ടവും വടംവലിയും ഉറിയടിയും ഓണത്തല്ലും ഒളിച്ചുകളിയുമൊക്കെയായി ഒരിക്കലും തിരിച്ചുകിട്ടാത്ത ഓണം അനുഭവങ്ങളിലായി ഞങ്ങൾ. ഇനി അവശേഷിക്കുന്നത് തിരുവാതിരകളിയാണ്. എണ്ണക്കപ്പലായതിനാൽ നിലവിളക്ക് തെളിയിക്കാൻ നിർവാഹമില്ല. പക്ഷേ പ്രകൃതി ഞങ്ങൾക്കൊപ്പം നിന്നു. പടിഞ്ഞാറെ ചക്രവാളത്തിലെത്തിയ സൂര്യന്റെ ചുവപ്പുനിറം ഒരായിരം തിരിയിട്ട നിലവിളക്കുപോലെ ഞങ്ങൾക്കു മുന്നിൽ എരിഞ്ഞുകത്തി.

English Summary : Onam Celebrations in China Dawn Ship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA