പർവ്വതങ്ങളിലെ ലോക സുന്ദരിയെ കാണാൻ ഒരു യാത്ര

SHARE

ലോകത്തെ ഏറ്റവും മനോഹര പർവ്വതത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ഗുഗിൾ ചെയ്തു നോക്കണം. ഭൂരിഭാഗം റിവ്യൂസിലും പർവ്വതങ്ങളിലെ ലോക സുന്ദരിപ്പട്ടം ചാർത്തി നൽകിയിട്ടുള്ളത് സ്വിസ്സ് ആൽപ്സിലെ മാറ്റർ ഹോൺ പർവ്വതത്തിനാണ്. അത്ര അങ്ങട്ട് സമ്മതിച്ചു കൊടുക്കാത്തവർ പോലും ആദ്യ അഞ്ചു മനോഹര പാർവതങ്ങളിൽ മാറ്റർ ഹോണിനെ ഉൾപ്പെടുത്താതിരുന്നിട്ടുമില്ല.

matterhorn-5

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആ മാറ്റർ ഹോണിനെ അടുത്ത് കാണാനാണ് മനോരമ ഓൺലൈന് വേണ്ടി ഈ യാത്ര.

matterhorn

മാറ്റർ ഹോൺ കാണാൻ തിരിക്കുന്നവർ ആദ്യം എത്തേണ്ടത് മാറ്റർ ഹോണിരിക്കുന്ന സെർമാറ്റ് എന്ന ഗ്രാമത്തിലാണ്. ചുറ്റിനും ആൽപ്സ് മലനിരകൾ അതിരിടുന്ന സ്കി റിസോർട്ട് ഗ്രാമമാണ് സെർമാറ്റ്. സ്വിറ്റസർലന്റിന്റെ തെക്ക് പടിഞ്ഞാറായി ഇറ്റലിയോടും ഫ്രാൻസിനോടും അതിരിടുന്ന വാലിസ് പ്രവിശ്യയിലെ സെർമാറ്റിൽ എത്താൻ ആൽപ്സിലെ മൗണ്ടൻ പാസുകൾ താണ്ടിയോ, ആൽപ്സിനടിയിലൂടെയുള്ള തുരങ്ക പാതകളിലൂടെയോ ആണ് എത്തേണ്ടത്.

tiji-mattom-travel
ടിജി മറ്റം

സ്വിറ്റസർലന്റിന്റെ സാമ്പത്തിക തലസ്ഥാനമായ സൂറിക്കിൽ നിന്നും ഏതാണ്ട് നാലു മണിക്കൂറിൽ കുറയാത്ത കാർ ദൂരമുണ്ട് സെർമാറ്റിലേക്ക്. സ്വിസ്സ് തലസ്ഥാനമായ ബേൺ പിന്നിട്ട്, ബെർണർ അപ്പർ ലാൻഡിലുള്ള കാണ്ടർ സ്റ്റേഗിൽ ഞങ്ങൾ എത്തി. അവിടെ നിന്നും കാർ ട്രെയിനിൽ കയറ്റി ആൽപ്സിനടിയിലൂടെയുള്ള ടണലിലൂടെ വാലീസിലെ ഗൊപ്പെൻ സ്റ്റെയിൻ ഗ്രാമത്തിലെത്താം.

matterhorn-6

ഇതിനെടുക്കുന്ന സമയലാഭത്തിന് ഒരു കാറിന് 29.50 സ്വിസ്സ് ഫ്രാങ്കാണ് ടിക്കറ്റ് നിരക്ക്. ടോൾ പോയന്റുപോലുള്ള സെന്ററിൽ നിന്നും ടിക്കറ്റെടുത് കാർ നേരെ ട്രെയിനിലേക്ക് ഓടിച്ചു കയറ്റാം. പുറകെ നിർത്തിയിട്ടിരിക്കുന്ന ഒരു 50 കാറുകളെങ്കിലും ഞങ്ങൾ കയറിയ ട്രയിനിൽ കണ്ടേക്കും. ആൽപ്സിനടിയിലൂടെയുള്ള തുരങ്കയാത്രയ്ക്കു ഏതാണ്ട് അര മണിക്കൂർ ദൈർഘ്യമുണ്ട്.

matterhorn-1

അങ്ങനെ വാലീസിലെ ഗൊപ്പെൻ സ്റ്റെയിനിൽ എത്തി. അവിടെ നിന്ന് കാറോടിച്ചാലും, സെർമാറ്റിന്റെ താഴ്‌വാരത്തുള്ള റ്റെഷ് എന്ന ഗ്രാമം വരെയേ കാറിൽ എത്താൻ പറ്റൂ. കാരണം സെർമാറ്റ് കാർ ഫ്രീ സോണാണ്. കാറുകൾക്ക് പ്രവേശനം ഇല്ല. ചെറിയ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമേ ഇവിടെ അനുമതിയുള്ളു. ആൽപ്സ് ഗ്രാമങ്ങൾ ഒട്ടു മിക്കതും തന്നെ ഇങ്ങനെയാണ്. ഇത്തരം പരിസ്ഥിതി സൗഹാർദ നിരോധനങ്ങളിലൂടെ, ആൽപ്സിന് സംരക്ഷണ കവചം ഒരുക്കുകയാണ് ഇവിടുത്തെ ജനങ്ങളും, ഭരണ സംവിധാനങ്ങളും.   

matterhorn-9

റ്റെഷിലെ മാറ്റർ ഹോൺ കാർ ടെർമിനലിൽ ഒരേ സമയം 2100 കാറുകൾക്ക് പാർക്ക് ചെയ്യാം. ഒരു ദിവസത്തേക്ക് 16 ഫ്രാങ്കാണ് മുടക്കേണ്ടത്. റ്റെഷിലെ പാർക്കിംഗ് ലോട്ടിൽ കാർ പാർക്ക് ചെയ്ത്, അവിടെ നിന്ന് തന്നെ ഷട്ടിൽ ട്രെയിനിൽ 12 മിനിറ്റ് കൊണ്ട്  അഞ്ചു കിലോമീറ്റർ അകലെയുള്ള സെർമാറ്റിൽ എത്താം. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 8.20 ഫ്രാങ്കാണ് ടിക്കറ്റ് പ്രൈസ്. റ്റെഷിൽ നിന്നുള്ള ട്രെയിനിൽ സെർമാറ്റും മാറ്റർഹോണും കാണാൻ വന്നവരുടെ തിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ പൊതുഗതാഗത സർവീസിന്റെ പ്രവർത്തനം. സെർമാറ്റ് സ്റ്റേഷനിലിറങ്ങി ബുക്കിങ് ഡോട്ട് കോം വഴിയെടുത്ത അപ്പാർട്മെന്റിൽ വൈകുന്നേരത്തോടെ ഞങ്ങൾ എത്തി. ത്രി ബെഡ് റൂം അപാർട്മെന്റിന്റെ ബാൽക്കണിയിലിരുന്നാൽ, ദൂരെ മാറ്റർഹോൺ വ്യക്തമായി കാണാം. അന്തിവെയിൽ മാറ്റർഹോണിനെ പ്രത്യേകം ഫോക്കസ് ചെയ്‌തെന്നപോലെ പ്രകാശം പരത്തി. സായം വെയിൽ മാഞ്ഞപ്പോൾ, ചന്ദ്രികയെത്തി മാറ്റർഹോണിന് മുകളിൽ സ്ഥാനം പിടിച്ചു.

matterhorn-3

കോവിഡിനോടുള്ള ലോകരാജ്യങ്ങളുടെ പോരാട്ടത്തിന് ഐക്യധാർഢ്യം പ്രകടിപ്പിച്ചു സെർമാറ്റ് ടുറിസം, അടുത്തിടെ മാറ്റർഹോണിൽ വിവിധ രാജ്യങ്ങളുടെ പതാകകളുടെ ലൈറ്റ് ഷോ നടത്തിയിരുന്നു. ഇന്ത്യൻ ത്രിവർണ പതാകയും അന്ന് മാറ്റർ ഹോണിന് മുകളിൽ തിളങ്ങിയിരുന്നു.

matterhorn-8

മാറ്റർ ഹോണിനെ കണ്ട്കൊണ്ട് സെർമാറ്റിൽ അന്ന് അന്തിയുറങ്ങി.

മാറ്റർഹോൺ കാണാനുള്ള യാത്രയിൽ ഇപ്പോൾ നമ്മൾ നിൽക്കുന്നത് സെർമാറ്റിലെ ഗോർണർ ഗ്രാട്ട് ട്രെയിൻ സ്റ്റേഷനിലാണ്. അടുത്തലക്ഷ്യം ഗോർണർ ഗ്രാട്ട് ആണ്. സമുദ്രനിരപ്പിൽ നിന്നും 4478 മീറ്റർ ഉയരത്തിലുള്ള മാറ്റർഹോണിന്റെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാൻ 3089 മീറ്റർ ഉയരത്തിലുള്ള ഗോർണർ ഗ്രാട്ടിൽ എത്തുകയാണ് ഇനി വേണ്ടത്.

ഗോർണർ ഗ്രാട്ടിലേക്ക് ട്രെയിനിൽ പോകാം. പാളങ്ങൾക്ക് നടുവിൽ പൽചക്രങ്ങളും പിടിപ്പിച്ച ട്രാക്കിലൂടെയാണ് ട്രെയിനുകൾ മലകൾ കയറി പോകുന്നത്. ഇരു വശത്തേക്കുമുള്ള യാത്രയ്ക്ക് 118 സ്വിസ്സ് ഫ്രാങ്ക്, ഏതാണ്ട് 9600 രൂപയാവും. 35 മിനിട്ടുള്ള ഗോർണർ ഗ്രാട്ടിലേക്കുള്ള യാത്രയ്ക്ക് സീസൺ അനുസരിച്ചാണ് ചാർജ്. യൂറോപ്പിലെ വേനൽകാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ടിക്കറ്റിന് ഏറ്റവും കൂടുതൽ കാശ് മുടക്കേണ്ടത്. രാവിലത്തേക്ക് പകരം, ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് ടിക്കറ്റെടുത്താലും ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. പക്ഷേ രാവിലെ കഴിഞ്ഞാൽ, മാറ്റർഹോൺ മേഘാവൃതമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതുകൊണ്ട്, ടിക്കറ്റെടുക്കാൻ വേറെ ഒന്നും പരിഗണിച്ചില്ല.

matterhorn-10

ട്രെയിനിൽ സീറ്റുകൾ ഒന്നും ഒഴിവില്ലാത്ത വിധം തിരക്ക്. കൊറോണ കാലമായത് കൊണ്ട് യൂറോപ്പിൽ നിന്നുതന്നെയുള്ള സഞ്ചാരികളായിരുന്നു അധികവും. പുറത്തേക്ക് നോക്കിയാൽ എങ്ങോട്ടാണ് നോക്കേണ്ടതെന്ന് യാത്രികനെ കൺഫ്യൂഷനാക്കുന്നവിധമാണ് പ്രകൃതി രമണീയത. യാത്രയിൽ ഇടയ്ക്കിടയ്ക്ക് മാറ്റർഹോൺ വന്നും പോയുമിരുന്നു. സെർമാറ്റിൽ നിന്നു അഞ്ചാമത്തെ സ്റ്റേഷനാണ് 9.4 കിലോമീറ്റർ അകലെയുള്ള ഗോർണർ ഗ്രാട്ട്. വർഷം മുഴുവൻ ട്രെയിൻ സർവീസ് ഉള്ളതിനാൽ, വിന്ററിലും ഈ ട്രെയിനിൽ ഇതുവഴി പോകാം. അപ്പോൾ സമ്മറിൽ കണ്ടതുപോലാകില്ല പ്രകൃതി. മഞ്ഞിൽ മുങ്ങിക്കുളിച്ചു മറ്റൊരു ഭംഗി. ട്രക്കിങ്ങിൽ താത്പര്യമുള്ളവർ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ ഇറങ്ങി ഗോർണർ ഗ്രാട്ടിലേക്ക് നടന്നു പോവുന്നുണ്ടായിരുന്നു.

matterhorn-7

മാറ്റർഹോൺ കാണാനിറങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് സെർമാറ്റിനെയും മാറ്റർ ഹോണിനെയും പറ്റിയുള്ള കാലാവസ്ഥാ പ്രവചനങ്ങളാണ്. വെയിലുള്ള ദിവസമെന്നും മാറ്റർഹോണിനെ മൂടുന്ന മേഘങ്ങൾ ഇന്ന് രാവിലെ ഉണ്ടാവില്ലെന്നതും ഉറപ്പാക്കി മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഈ ട്രിപ്പ് പ്ലാൻ ചെയ്‌തത്‌. മാറ്റർ ഹോണിലേക്ക് കാലേകൂട്ടി ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നത് ഭാഗ്യം പോലിരിക്കും. ഒത്താൽ ഒത്തു.

matterhorn-11

ആൽപ്‌സ് മലനിരകളിൽ മാറ്റർ ഹോണിന് സൗന്ദര്യം കൊണ്ട് മാത്രമല്ല പ്രത്യേകത. തോളോട് തോൾ ചേർന്ന് നിൽക്കുന്ന പർവ്വതങ്ങളാണ് ആൽപ്‌സ് പർവ്വതനിരകളിൽ എല്ലായിടത്തുമെങ്കിൽ, മാറ്റർ ഹോണിന് തൊട്ടടുത്ത് തലയെടുപ്പുള്ള പർവ്വതങ്ങൾ ഒന്നുമില്ലാത്തത്, പൂരത്തിന് തിടമ്പേറ്റുന്ന കൊമ്പന്റെ ഗാംഭീര്യം കൂടി പ്രകൃതി കനിഞ്ഞു മാറ്റർ ഹോണിന് നൽകിയിരിക്കുന്നു. ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്ന പർവ്വതമായതു കൊണ്ട് തെളി മേഘങ്ങളും, വർഷ മേഘങ്ങളും മാറ്റർ ഹോണിനെ ചുറ്റിപറ്റി എപ്പോഴും നിൽക്കും. മേഘങ്ങളുടെ ഇവിടോട്ടുള്ള വരവും, പോക്കും കാലാവസ്ഥ നിരീക്ഷകർക്ക് പ്രവചനാതീതവുമാണ്. അതുകൊണ്ട് തന്നെ മൂന്ന് ദിവസങ്ങൾക്ക്‌ മുമ്പുള്ള പ്രവചനങ്ങൾക്കാണ് ഇവിടെ ആധികാരികത.

ഗോർണർ ഗ്രാട്ടിൽ ഞങ്ങൾ എത്തുമ്പോൾ കൊറോണ കാലമായിട്ടും നല്ല തിരക്കുണ്ട്. ഓരോ ട്രെയിനിലും വരുന്നവരെ കൂടാതെ, നേരത്തെ വന്നവരും അവിടെ തമ്പടിച്ചിട്ടുണ്ട്. മാറ്റർഹോണിന്റെ സൗന്ദര്യം കാണാനുള്ള യാത്ര മിക്കവർക്കും ഒരു പകൽ മുഴുവൻ നീളുന്ന ട്രിപ്പാണ്. ഒരു തിരക്കും ആർക്കുമില്ല.

matterhorn-4

ഗോർണർ ഗ്രാട്ടിൽ ട്രെയിനിറങ്ങി പുറത്തേക്കിറങ്ങുമ്പോൾ ചുറ്റിനും മായാ കാഴ്ചകളാണ്. ഇതിലെ താരം മാറ്റർ ഹോൺ ആണെങ്കിലും, ആൽപ്സിലെ 29 ഓളം പർവ്വതങ്ങളെ ഇവിടെ ചുറ്റിനും കാണാം. ആൽപ്സിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്ലേസിയറും ഇവിടെ തന്നെ. ഹിമപാളികളെ ഏറ്റവും അടുത്ത് കാണാമെന്ന സൗകര്യവും ഗോർണർ ഗ്രാട്ടിൻറെ പ്രത്യേകതയാണ്.

കാലാവസ്ഥ പ്രവചനത്തിൽ പറഞ്ഞപോലെ ഞങ്ങൾ എത്തുമ്പോൾ മാറ്റർ ഹോണിനെ, മേഘ വൃന്ദങ്ങളില്ലാതെ വ്യക്തമായി കാണാം. പലരും ആദ്യമായാണ് ഇവിടെ വരുന്നത്. അതിന്റെ ത്രില്ല് എല്ലാവരിലുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫിക്ക് പശ്ചാത്തലമായ പർവ്വതത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോഷൂട്ടിലാണ് ഏവരും തന്നെ. പ്രശസ്തമായ ടോബ്ളറോണെ ചോക്ലേറ്റിന്റെ ലോഗോ, മാറ്റർ ഹോണായതിനാൽ, ആ ചോക്ലേറ്റും പിടിച്ചു ഫോട്ടോയ്ക്ക് പോസുചെയ്യുന്നവരെയും കണ്ടു. ഇടയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററുകൾ പലവട്ടം പറന്നു.

മാറ്റർ ഹോണിൻറെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലേശം ചെരിഞ്ഞു അറ്റം കുർത്തുള്ള പിരമിഡ് രൂപമാണ്. അതിന് കൂടുതൽ ചാരുത പകരാനെന്ന വിധം, മാറ്റർ ഹോണിൻറെ തൊട്ടരികിലൊന്നും ആ പൊക്കത്തിനൊപ്പമുള്ള പർവ്വതങ്ങൾ ഇല്ലാത്തത് മാറ്റർ ഹോണിൻറെ തലയെടുപ്പ് പിന്നെയും ഇരട്ടിപ്പിച്ചു. ആൽപ്‌സ് കിഴടക്കാനെത്തുന്ന പർവ്വതാരോഹകർക്കു മറ്റ് പർവ്വതങ്ങളെക്കാൾ ദുഷ്‌കരവും, മരണകെണികൾ ഒരുക്കുന്നതും മാറ്റർ ഹോൺ ആണെന്നാണ് കണക്കുകൾ.

matterhorn-12

നാല് വശങ്ങളിൽ കിഴക്കും, വടക്കും നിന്നുള്ള കാഴ്ച്ചകളിലാണ് മാറ്റർ ഹോണിന് ഏറ്റവും സൗന്ദര്യം. ഗോർണർ ഗ്രാട്ടിൽ നിന്ന് നോക്കിയാൽ കാണുന്നതും ഈ സൗന്ദര്യമാണ്. ഇവിടെത്തി മാറ്റർ ഹോണിനെ നേരിട്ട് കാണുമ്പോൾ ഒന്നുകൂടി മനസ്സിൽ ഉറപ്പിക്കും മറ്റ് പർവ്വതങ്ങൾക്കൊന്നുമില്ലാത്ത എന്തോ ഒരു പ്രത്യേകത ഈ മാറ്റർ ഹോണിനുണ്ട്.

മുകളിലേക്കുള്ള കാഴ്ചകൾ മറച്ചു. മാറ്റർ ഹോണിനെ വലം ചുറ്റിക്കൊണ്ടിരുന്ന മേഘങ്ങൾ വിട്ടുപോയെക്കുമെന്ന് കാറ്റിന്റെ ഗതി കാഴ്ചക്കാർക്ക് പ്രതീക്ഷ നൽകിയെങ്കിലും, മേഘങ്ങൾ പൂവാലരിലും കഷ്ടമായി അവിടെത്തന്നെ തങ്ങി നിന്നു. അധികം പ്രതീക്ഷ വേണ്ടെന്ന സൂചന നൽകി മേഘങ്ങളുടെ ഒരു നീണ്ട ജാഥ ആൽപ്സിലെ മറ്റ് പർവ്വതങ്ങളിൽ  നിന്നും മാറ്റർ ഹോണിനെ ലക്ഷ്യമാക്കി നീങ്ങുന്നതും ഇതിനിടയിൽ കണ്ടു. 

ഗോർണർ ഗ്രാട്ടിലാണ് സ്വിസ്സ് ആൽപ്സിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ. ലോഡ്ജിങ്ങും, റസ്റ്ററന്റ് സൗകര്യവും ഇവിടെയുണ്ട്. ഇവിടെ ടെറസിൽ ഇരുന്ന് മാറ്റർ ഹോൺ കണ്ട് ഭക്ഷണം കഴിക്കാം. ഉച്ചഭക്ഷണം ഇവിടുന്ന് കഴിച്ചു. ഹോട്ടലിനു സമീപത്തായി ഒരു ചെറിയ കപ്പേളയുമുണ്ട്. അവിടെയും കയറി. ഇതിനിടയിൽ ഒരു വരയാട് വെള്ളം തേടി എത്തി. കാഴ്ച്ചക്കാർക്ക് ചിത്രം പകർത്താൻ ആവശ്യത്തിന് സമയം നൽകി വെള്ളംകുടിച്ചു കൊണ്ട് വരയാട് പതുക്കെ സ്ഥലം വിട്ടു.

മേഘങ്ങൾ അപ്പോഴും മാറ്റർ ഹോണിനെ കാഴ്ച്ചയിൽ നിന്നും മറച്ചു നിന്നപ്പോൾ, ഗോർണർ ഗ്രാട്ട് സ്റ്റേഷനിൽ നിന്നും ഒരു സ്റ്റോപ്പ് താഴെയുള്ള റോട്ടൻബോഡനിലേക്ക് ട്രെയിനിറങ്ങി. അവിടെയുള്ള റിഫെൽ ലേക്കാണ് അടുത്ത ലക്ഷ്യം. മാറ്റർ ഹോണിൻറെ പ്രതിബിംബം പൂർണരൂപത്തിൽ ഇവിടെ ജലത്തിൽ  പകർത്താനാവുമെന്നതാണ് ഈ തടാകത്തിനെ പ്രശസ്തമാക്കുന്നത്. 

തടാകത്തിനു ചുറ്റും ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലെ ഗ്യാലറി പോലെ പ്രകൃതി തന്നെ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത് കൊണ്ട്, ഒട്ടേറെപ്പേർ ഇവിടെയിരുന്ന് മാറ്റർ ഹോണിൻറെ മനോഹാരിത ആസ്വദിക്കുന്നുണ്ട്, ചിത്രങ്ങളും പകർത്തുന്നു. തടാകക്കരയിലിരുന്ന് നോക്കുമ്പോൾ മാറ്റർ ഹോണിന് വേറൊരു ആംബിയൻസാണ്. ജലവും, പച്ചപ്പും നൽകുന്ന മറ്റൊരു ചാരുത.

എല്ലാവരുടെയും പ്രതീക്ഷ, മേഘങ്ങൾ ഒഴിഞ്ഞു മാറ്റർഹോൺ തെളിയുമെന്നാണ്. അതിനായാണ് മിക്കവരുടെയും കാത്തിരുപ്പ്. റിഫെൽ തടാകത്തിൽ നിന്നും അര കിലോമീറ്ററോളം നടന്നാൽ ഗോർണർ ഗ്ലേസിയറിനെ അടുത്തുകാണാമെന്നത് കൊണ്ട് അങ്ങോട്ട് വിട്ടു. പതിറ്റാണ്ടുകളായി ഉരുകാതെ കിടക്കുന്ന മഞ്ഞുപാളികൾ വർഷങ്ങൾ കഴിയുന്തോറും ആഗോള തപനം മൂലം കുറഞ്ഞു വരികയാണെന്നാണ് കണക്കുകൾ പറയുന്നത്. 

മാറ്റർഹോൺ കാണാനുള്ള യാത്രയ്ക്കിടയിൽ  ഗ്ലേസിയറിൽ നിന്നുള്ള കുളിർകാറ്റ് ഏറ്റിരിക്കുമ്പോളാണ് ആൽപ്സ് മ്യുസിക് അകലെ നിന്നും കേട്ടത്. ശ്രദ്ധിച്ചപ്പോൾ റിഫെൽ തടാകകരയിൽ നിന്നുമാണ് ആൽപോൺ എന്ന ഉപകരണം ഉപയോഗിച്ചുള്ള സംഗീതം ഉയരുന്നത്. എട്ട് പേരുള്ള സംഗീത ഗ്രുപ്പിൽ ഒരു യുവതിയും, ബാക്കിയെല്ലാം പുരുഷന്മാരുമാണ്. 

തിരക്കുള്ള ദിവസ്സങ്ങളിൽ ഗോർണർ ഗ്രാട്ടിലെത്തുന്ന ടുറിസ്റ്റുകളെ ആകർഷിക്കാൻ സെർമാറ്റ് ടുറിസമാണ് ആൽപ്സിന്റെ തനത് വാദ്യസംഗീത ഗ്രുപ്പിനെ അയച്ചിരിക്കുന്നത്. ഗോർണർ ഗ്രാട്ട് റെയിൽവേയുടെ വിവിധ സ്റ്റേഷനുകളിലും, റിഫെൽ ലേക്ക് പോലെ ആളുകൾ കൂടുന്നിടത്തും ദിവസ്സം മുഴുവൻ സംഗീതം ഒരുക്കുകയാണ് ഈ മ്യുസിക് ട്രൂപ്പിന്റെ ചുമതല.

നീണ്ട കുഴലുപോലുള്ള വാദ്യോപകരണം മാറ്റർ ഹോണിനെ നോക്കിയാണ് അവർ വായിക്കുന്നത്. മഴ പെയ്യിക്കാൻ സംഗീതം ഒരുക്കുന്നപോലെ, മാറ്റർ ഹോണിനെ ചുറ്റിയുള്ള മേഘങ്ങൾ ഒഴിഞ്ഞു പോകാനാണോ ഇവരുടെ ആൽപ്‌സ് സംഗീതം?  എന്തായാലും അവരുടെ സംഗീതത്തിലും വിട്ടു പോകാതെ മേഘങ്ങൾ  മാറ്റർ ഹോണിനെ കാഴ്ച്ചയിൽ മറച്ചു തന്നെ നിന്നു. മ്യുസിക് അവസാനിപ്പിച്ച് വാദ്യോപകരണം ഊരിയെടുത്തു ബാഗിലാക്കി അടുത്ത സെന്ററിലേക്ക് അവർ യാത്രയായി. 

റിഫെൽ തടാകകരയിൽ എത്ര കാത്തിരുന്നാലും ഇനി മാറ്റർ ഹോണിനെ പൂർണമായി കാണില്ലെന്ന് ഉറപ്പായതോടെ, താഴെയുള്ള റിഫെൽബെർഗ് സ്റ്റേഷനിലേക്ക്, മാറ്റർ ഹോണിനെ കണ്ടുകൊണ്ട് ഞങ്ങൾ  നടന്നു. ആ നടത്തത്തിൽ മേഘങ്ങളോട് അതേവരെ തോന്നിയ അനിഷ്ടം കാര്യമില്ലാത്തതാണെന്നാണ് തോന്നിയത്. 

വെറുതെ മേഘങ്ങളെ കുറ്റം പറയണ്ട. ഈ പർവത സുന്ദരിയെ കണ്ടാൽ ആർക്കാണ് വിട്ടുപോകാൻ പറ്റുക? 

മാറ്റർ ഹോൺ എന്ന നാണംകുണുങ്ങിയായ പർവത സുന്ദരി, മേഘങ്ങളുടെ മൂടുപടം എടുത്തണിഞ്ഞു സ്വയം ഒളിച്ചിരിക്കുകയാണ്. രാവിലെ ആ മുഖാവരണം ഒന്ന് മാറ്റിയപ്പോൾ, മാറ്റർ ഹോണിനെ അതിന്റെ പൂർണതയിൽ കാണാനായത് ഈ യാത്രയുടെ സുകൃതം എന്നേ ഇപ്പോൾ തോന്നുന്നുള്ളൂ.

മനോരമ ഓൺലൈനിന് വേണ്ടി സ്വിറ്റസർലന്റിലെ ഗോർണർ ഗ്രാട്ടിൽ നിന്നും ടിജി മറ്റം.

English Summary: Travel to Matterhorn Mountain in Switzerland

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA