മഴവില്ലു പോലൊരു ഗ്രാമം

മഴവിൽ ഗ്രാമം
SHARE

തായ്‌വാന്‍ ഡേയ്‌സ് 

അദ്ധ്യായം 10

സണ്‍മൂണ്‍ ലേക്കില്‍ നിന്ന് മടങ്ങുമ്പോള്‍, ലക്ഷ്യസ്ഥാനമായ തായ്‌പേയ് സിറ്റി എത്തുന്നതിനു മുമ്പ് ടാക്‌സിയുടെ ഡ്രൈവര്‍ ചാങ്  ചോദിച്ചു, 'മഴവില്‍ ഗ്രാമം കാണണോ' എന്ന്. എനിക്കത് എന്താണെന്ന് മനസ്സിലായില്ല. ഉടനടി ഗൂഗിള്‍ പരതി. മനോഹരമയ ഒരു കലാഗ്രാമമാണ് അത് എന്നു മനസ്സിലായി. 'തീര്‍ച്ചയായും കാണണ'മെന്ന് ഞാന്‍ പറഞ്ഞു.

മഴവിൽ ഗ്രാമം

തായ്‌പേയില്‍ നിന്ന് 132 കി.മീ ദുരെയുള്ള തായ്ചുങ് എന്ന നഗരത്തിലാണ് മഴവില്‍ ഗ്രാമം അഥവാ റെയിന്‍ബോ വില്ലേജ് ഉള്ളത്. തായ്‌പേയ്‌യോട് കിടപിടിക്കുന്ന വന്‍ നഗരമാണ് തായ്ചുങ് എന്നു പറയാം. 20-ാം നൂറ്റാണ്ടിന്റെ പകുതിയിലുണ്ടായ വ്യവസായവല്‍ക്കരണം ലോകത്തിലെ അതിസമ്പന്ന രാജ്യമാക്കി തായ്‌വാനെ മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 35,000 ചതുരശ്ര കി.മീ വിസ്തീര്‍ണ്ണം ഉള്ളുവെങ്കിലും 23 വന്‍നഗരങ്ങളാണ് തായ്‌വാനിലുള്ളത്.

തായ്ചുങ്ങിന്റെ നഗരമദ്ധ്യത്തില്‍ ഒരിടത്ത് ചാങ് കാര്‍ നിര്‍ത്തി. മുന്നില്‍ ഒരു ബഹുവര്‍ണ്ണ മതില്‍. അതിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഓടുമേഞ്ഞ വീടുകളുടെ ചുവരുകളും വര്‍ണ്ണമയം.

മഴവിൽ ഗ്രാമം

ഇതാണ് മഴവില്‍ഗ്രാമം. ഹ്യുവാങ്‌ യുങ്ഫു എന്ന കലാകാരന്റെ തൂലികയില്‍ വിരിഞ്ഞ ഗ്രാമം. ലോകത്ത് ഒരിടത്തും ഇതിന് സമാനമായ കലാഗ്രാമമില്ല എന്നുള്ളത് നിസ്തര്‍ക്കമാണ്. എന്നുതന്നെയുമല്ല, നഗരവല്‍ക്കരണത്തിനെതിരെയുള്ള ഒരു വ്യക്തിയുടെ ആത്മരോഷത്തിന്റെയോ ഉള്ളുലഞ്ഞ സങ്കടത്തിന്റെയോ സാക്ഷിപത്രമായും നമുക്കീ ഗ്രാമത്തെ കാണാം.

ഇനി ഒരല്പം ചരിത്രം. 1924ല്‍ ഹോങ്കോങ്ങിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ഹ്യുവാങ് യുങ്ഫു ജനിച്ചത്. ചെറുപ്പത്തിലേ യുങ്ഫു നന്നായി വരയ്ക്കുമായിരുന്നു. എന്നാല്‍ ചിത്രകാരനായി ജീവിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. അതുകൊണ്ട് പട്ടാളത്തില്‍ ചേര്‍ന്നു. പിന്നിട് തായ്‌വാന്റെ വീരപുത്രനായി മാറിയ 

ചിയാങ് കായ്‌ഷെക്കിന്റെ കീഴിലാണ് യുങ്ഫു തന്റെ പട്ടാളജീവിതം ആരംഭിച്ചത്. പടത്തലവനായ കായ്‌ഷെക്ക് തായ്‌വാനിലേക്ക് പലായനം ചെയ്തപ്പോള്‍ യുങ്ഫുവും തായ്‌വാനിലെത്തി. നൂറുകണക്കിന് പട്ടാളക്കാരും കുടുംബാംഗങ്ങളും കായ്‌ഷെക്കിന്റെ നേതൃത്വപാടവത്തില്‍ ആകൃഷ്ടരായി തായ്‌വാനിലെത്തിയിരുന്നു. അവരെയെല്ലാം താമസിപ്പിക്കാനായി കായ്‌ഷെക്ക് തായ്‌വാന്റെ വിവിധ പ്രദേശങ്ങളില്‍ സെറ്റില്‍മെന്റുകള്‍ പണിതു. 

മഴവിൽ ഗ്രാമം

അക്കാലത്ത് തായ്ചുങ് ഒരു ചെറിയ ഗ്രാമമായിരുന്നു. യുങ്ഫുവിനും കുടുംബത്തിനും താമസസ്ഥലം ലഭിച്ചത് ഈ ഗ്രാമത്തിലാണ്. സഹപ്രവര്‍ത്തകരായ 1200 പേരും അവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എല്ലാപേര്‍ക്കും കായ്‌ഷെക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. അങ്ങനെ 1200 പേരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന വലിയ ഗ്രാമമായി ഈ പ്രദേശം മാറി.

മഴവിൽ ഗ്രാമം

ഇക്കാലമായപ്പോഴേക്കും തായ്‌വാനില്‍ വ്യവസായ വിപ്ലവം ആരംഭിച്ചിരുന്നു. ഇന്നത്തെ ചൈന എന്താണോ, അതായിരുന്നു. അക്കാലത്ത് തായ്‌വാന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. വന്‍നഗരങ്ങളും അംബരചുംബികളും ഉയര്‍ന്നു തുടങ്ങി.

മഴവിൽ ഗ്രാമം

തായ്ചുങ്ങും ഗ്രാമപദവി വിട്ട് നഗരമായി. നഗരമദ്ധ്യത്തിലെ യുങ്ഫുവിന്റെ ഗ്രാമത്തിനു ചുറ്റും നഗരം തഴച്ചുവളര്‍ന്നു. വന്‍ നഗരത്തിനു നടുവിലെ ഗ്രാമം ഭൂമാഫിയയുടെ കണ്ണില്‍ പെട്ടു. അപ്പാര്‍ട്ടുമെന്റുകള്‍ പണിയാനായി ഗ്രാമം വാങ്ങി വീടുകള്‍ പൊളിച്ചു കളയാന്‍ അവര്‍ തിടുക്കപ്പെട്ടു. അതിനായി ഗ്രാമവാസികളെ പണം നല്‍കി ഭൂമാഫിയ പ്രലോഭിപ്പിച്ചു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി. മാഫിയയോട് പിടിച്ചുനില്‍ക്കാനാവാതെ ഗ്രാമവാസികള്‍ വീടുകള്‍ വിറ്റ് നഗരവാസികളായി മാറിത്തുടങ്ങി.

ഏതാനും മാസങ്ങള്‍ കൊണ്ട് ഗ്രാമം ശോഷിച്ചു. ആകെ 11 വീടുകള്‍ മാത്രം അവശേഷിച്ചു. അതില്‍ ഒരു വീട് യുങ്ഫുവിന്റേതായിരുന്നു.

പ്രലോഭനങ്ങളിലും ഭീഷണിയിലും വീഴാതെ നിന്ന 11 വീട്ടുകാര്‍ നിരന്തരം ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിനിരയായി. എപ്പോഴെങ്കിലും താനും ഗ്രാമം വിട്ട് പോകേണ്ടി വരുമെന്ന് യുങ്ഫുവിന് മനസ്സിലായി. വര്‍ഷങ്ങളോളം താമസിച്ച ഗ്രാമം വിട്ടു പോകുന്നതിന്റെ വേദനയും രോഷവും അദ്ദേഹം പ്രകടിപ്പിച്ചത് ചിത്രങ്ങളിലൂടെയാണ്. ഗ്രാമത്തിലെ 11 വീടുകളുടെയും ചുവരുകളും മതിലും നിറയെ അദ്ദേഹം വര്‍ണ്ണങ്ങള്‍ വാരിവിതറി. മനുഷ്യര്‍, മൃഗങ്ങള്‍, വാഹനങ്ങള്‍, വൃക്ഷങ്ങള്‍ - ഇങ്ങനെ അസംഖ്യം രൂപങ്ങള്‍ ചിത്രങ്ങളായി ചുവരുകളില്‍ നിറഞ്ഞു.

ഇതിനിടെ ,അവശേഷിച്ചിരുന്ന 10 വീട്ടുകാരും ഭൂമാഫിയയുടെ  ഭീഷണിയ്ക്കു വഴങ്ങി വീടുകള്‍ വിട്ടു പോയിരുന്നു. ആ ഗ്രാമത്തില്‍ യുങ്ഫു തനിച്ചായി. പടിയിറങ്ങേണ്ടി വരുന്ന ദിവസവും കാത്ത് യുങ്ഫു ഗ്രാമത്തില്‍ പെയിന്റിങ്ങുകളോടൊപ്പം കഴിയവേ, അവിടുത്തെ പ്രാദേശിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അപ്രതീക്ഷിതമായി ഗ്രാമം കണ്ടു. അവര്‍ കൗതുകത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നിട്ട് മഴവില്‍ ഗ്രാമത്തെക്കുറിച്ചും യുങ്ഫു മുത്തച്ഛനെയും പറ്റി ലോകത്തെ അറിയിച്ചു.അതോടെ, മഴവില്‍ ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായി. ഭൂമാഫിയ അന്തംവിട്ടു നിന്നു. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ മഴവില്‍ വര്‍ണങ്ങളുള്ള ഗ്രാമവും യുങ്ഫു മുത്തച്ഛനും നിറഞ്ഞു നിന്നു.

തായ്‌വാനിലെ ഭരണകൂടവും ഇക്കാര്യങ്ങള്‍ അറിഞ്ഞു. അധികാരികള്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ തങ്ങളുടെ തീരുമാനം ഇങ്ങനെ വ്യക്തമാക്കി- 'ഈ ഗ്രാമം ഇങ്ങനെ തന്നെ നിലനിര്‍ത്തണം. ഭൂമാഫിയയോട് വര്‍ണങ്ങളുടെ ഭാഷയില്‍ ഏറ്റുമുട്ടിയ വന്ദ്യവയോധികന് ഇതൊരു സ്മാരകമാവണം...'

96 വയസ്സായ യുങ്ഫു മുത്തച്ഛന്‍ ഇപ്പോഴും ഗ്രാമത്തിലുണ്ട്. പ്രതിവര്‍ഷം 10 ലക്ഷം പേര്‍ സന്ദര്‍ശിക്കുന്ന കലാഗ്രാമമായി റെയിന്‍ബോ വില്ലേജ് മാറിക്കഴിഞ്ഞു. ഇവിടെ ഓരോ ഇഞ്ചും നിറങ്ങളാണ്. ചുവരിലും തറയിലും, മതിലിലും, എന്തിന് വൃക്ഷങ്ങള്‍ പോലും നിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്നു.

സുവനീര്‍ ഷോപ്പ്, കുട്ടികളെ പെയിന്റിങ് പഠിപ്പിക്കുന്ന സ്‌കൂള്‍ എന്നിവയും ഈ ചെറുഗ്രാമത്തിലുണ്ട്. സുവനീര്‍ഷോപ്പില്‍ യുങ്ഫു മുത്തച്ഛന്‍ ഇരിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാം. അതിന് ചെറിയൊരു ഫീസുണ്ടെന്നു മാത്രം. ആ തുക കലാഗ്രാമത്തിന്റെ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്നു. കാരണം, റെയിന്‍ബോ വില്ലേജില്‍ പ്രവേശനം സൗജന്യമാണ്.

യുങ്ഫു മുത്തച്ഛൻ

നഗരവാരിധി നടുവില്‍ നിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന റെയിന്‍ബോ വില്ലേജ് ഒരു അത്ഭുതസൃഷ്ടി തന്നെയാണ്. കയ്യൂക്കും പണവുമുള്ള ഭൂമാഫിയയോട് ഏറ്റുമുട്ടാനാവാതെ, തന്റെ രോഷവും വേദനയും പെയിന്റിങ്ങുകളിലൂടെ പ്രകടിപ്പിച്ച് യുങ്ഫു മുത്തച്ഛന്‍ നേടിയ ചരിത്രവിജയം മനുഷ്യന്റെ നന്മകളുടെ വിജയം കൂടിയാണ്.

തായ്ചുങില്‍ നിന്ന് നിറഞ്ഞ മനസ്സോടെയാണ് പുറപ്പെട്ടത്. 12 ദിവസം നീണ്ട തായ്‌വാന്‍ യാത്രയില്‍ ഏറ്റവുമധികം സന്തോഷം തോന്നിയത് റെയിന്‍ബോ വില്ലെജിലെത്തിയപ്പോഴാണ് എന്ന കാര്യത്തില്‍ സംശയമില്ല. നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട്, റെയിന്‍ബോ വില്ലേജിലെ സുവനീര്‍ ഷോപ്പിലിരിക്കുന്ന 96 കാരന്റെ മുഖം മനസ്സില്‍ നിന്നു മാറുന്നില്ല.

സന്ധ്യയോടെ തായ്‌പേയിലെ വാസസ്ഥലത്ത് തിരിച്ചെത്തി. ഒരു ദിവസം കൂടി ബാക്കിയുണ്ട്. തായ്‌വാനില്‍. പിറ്റേന്ന്, നമ്മുടെ സ്വന്തം നേതാജി സുഭാഷ്ചന്ദ്രബോസ് വിമാനാപകടത്തില്‍ മരണമടഞ്ഞു എന്നു വിശ്വസിക്കപ്പെടുന്ന തായ്‌പേയിലെ പഴയ എയര്‍പോര്‍ട്ട് സന്ദര്‍ശിക്കണം, കൂടാതെ മെട്രോ ട്രെയിനില്‍ കയറണം, പിന്നെ നഗരത്തിലെ മറ്റു ചില ഭാഗങ്ങളിലും പോകണം കുടുംബസുഹൃത്തായ ധന്യയും അവളുടെ മലയാളികളായ കൂട്ടുകാരും രാവിലെ എന്നെ കാത്തിരിക്കും എന്നറിയിച്ചിട്ടുണ്ട്. ധന്യ ജോലി ചെയ്യുന്ന നാഷണല്‍ തായ്‌വാന്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുന്നതും പിറ്റേന്നത്തെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

വൈകീട്ട് കുളി കഴിഞ്ഞ് വോക്കിങ് സ്ട്രീറ്റിലെത്തി, 'ആഹാരാന്വേഷണം' ആരംഭിച്ചു. ബീഫ്ബാ ര്‍ബെക്യുവിലാണ് അന്വേഷണം അവസാനിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ബ്രഡ് കൂടി വാങ്ങിയതോടെ ഡിന്നര്‍ കുശാലായി 

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA