സ്വര്‍ണ്ണം പോലെ തിളങ്ങുന്ന ജെല്ലിഫിഷുകള്‍ക്കൊപ്പം നീന്തണോ? ഇങ്ങോട്ട് പോരൂ!

Jellyfish-Lake1
SHARE

പസഫിക് സമുദ്രത്തിലെ അഞ്ഞൂറിലധികം ദ്വീപുകളുള്ള പലാവിലെ കൊറോ നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ഒരു പാറ ദ്വീപാണ് ഈൽ മാൽക്ക് ദ്വീപ്. സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഗോൾഡൻ ജെല്ലിഫിഷുകളുടെ ആവാസ കേന്ദ്രമായ ജെല്ലിഫിഷ് തടാകം ഇവിടെയാണുള്ളത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ കൊറോ സ്റ്റേറ്റ് റോക്ക് ഐലന്‍റ് സതേൺ ലഗൂണിന്‍റെ ഭാഗമാണ് ജെല്ലിഫിഷ് തടാകം.

ഒരു കാലത്ത് സമുദ്രത്തോടു ചേര്‍ന്ന് സ്ഥിതിചെയ്തിരുന്നതും പിന്നീട് സ്വതന്ത്രവുമായി മാറിയ 70 ഉപ്പുവെള്ളതടാകങ്ങളില്‍ ഒന്നാണ് ഇത്. വെറും കാല്‍ മൈലില്‍ താഴെ നീളവും നൂറടി ആഴവുമുള്ള ഒരു കൊച്ചു തടാകമാണിത്. ജെല്ലിഫിഷ് തടാകത്തിൽ ഏഴു ലക്ഷത്തോളം ഗോൾഡൻ ജെല്ലിഫിഷുകള്‍ ഉണ്ടെന്നാണ് കണക്ക്. പണ്ട് 10 മുതൽ 20 ദശലക്ഷം വരെ ജെല്ലിഫിഷുകളുണ്ടായിരുന്ന തടാകത്തില്‍  2005 ആയതോടെ ഇവയുടെ സംഖ്യ 30 ദശലക്ഷമായി ഉയർന്നു.

Jellyfish-Lake

പിന്നീട് എൽ നിനോയുടെ ഫലമായി 2016 ആയപ്പോഴേക്കും ഈ സംഖ്യ ഗണ്യമായി കുറഞ്ഞു. ജല താപനിലയിലെ വർദ്ധനവ് ആൽഗകളുടെ കുറവിന് കാരണമായതും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. മനുഷ്യരുടെ ഇടപെടല്‍ ആയിരുന്നു മറ്റൊരു കാരണം. ആളുകള്‍ ഉപയോഗിക്കുന്ന സണ്‍സ്ക്രീനില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ജലത്തെ മലിനമാക്കുകയും ഈ സുന്ദരജീവികളെ കൊല്ലുകയും ചെയ്തു. 

പിന്നീട് പലാവു റിപ്പബ്ലിക് ഇടപെട്ട് ഇവയുടെ സംരക്ഷണത്തിനായി 2017 മെയ് മാസത്തിൽ തടാകം അടച്ചു. ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിന്‍ കീഴിലായിരുന്നു പിന്നീട് ഈ തടാകം. ജെല്ലിഫിഷുകളുടെ എണ്ണം കൂടി എന്ന് ഉറപ്പുവരുത്തിയ ശേഷം 2019 തുടക്കത്തിൽ തടാകം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. 2018 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ജെല്ലിഫിഷ് ജനസംഖ്യ 630,000 ആയിരുന്നു. ഇത് ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്.

ഈ തടാകത്തില്‍ ഉള്ള ജെല്ലിഫിഷുകള്‍ അപകടകാരികളല്ല എന്നതാണ് മറ്റൊരു കാര്യം. ഇവ മനുഷ്യരെ കടിക്കില്ല. അതിനാല്‍ ഇവയ്ക്കൊപ്പം നീന്തുന്നതിനു സൂര്യപ്രകാശം പിന്തുടരുന്ന ജെല്ലികൾ എല്ലാദിവസവും തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്ക് ഭാഗത്തേക്ക് നീന്തുന്നു. സഞ്ചാരികള്‍ക്ക് അവയോടൊപ്പം നീന്താം. ജെല്ലികളെ ഉപദ്രവിക്കാതെ മെല്ലെ തൊടാം! അവയെ നശിപ്പിക്കുന്ന സണ്‍സ്ക്രീനുകളും സ്കൂബ ഡൈവിങ്ങും തടാകത്തിനുള്ളില്‍ അനുവദനീയമല്ല.

കോറോ നഗരത്തിലൂടെയാണ് തടാകത്തിലെത്താൻ എളുപ്പവഴി. ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടായ പലാവു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഫിലിപ്പീൻസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വിമാനങ്ങള്‍ ലഭ്യമാണ്.

English Summary: Jellyfish Lake Palau

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA