ഇതെന്ത് ടെക്നോളജി? മല തുരന്നുണ്ടാക്കിയ ഈ വീടുകള്‍ അദ്ഭുതം; നൂറ്റാണ്ടുകളുടെ പഴക്കം

mesa-verde-cliff-dwellings
Sopotnicki/Shutterstock
SHARE

അമേരിക്കയിലെ ഏറ്റവും വലിയ സംരക്ഷിത പുരാവസ്തുകേന്ദ്രമാണ് കൊളറാഡോയില്‍ സ്ഥിതിചെയ്യുന്ന മേസാ വെർഡെ ദേശീയോദ്യാനം. അമേരിക്കയിലെ ഏക സാംസ്കാരിക ദേശീയോദ്യാനമായ ഈ പ്രദേശത്ത് പുരാതന മനുഷ്യർ മലയിടുക്കുകളിൽ നിർമ്മിച്ച വീടുകള്‍ സംരക്ഷിക്ക പ്പെട്ടിരിക്കുന്നു.  സി ഇ 600 നും 1300നും ഇടയിലുള്ള കാലയളവില്‍ ഈ പ്രദേശത്ത് ജീവിച്ച പ്യൂബ്ലോ അഥവാ അനാസാസ്സി ജനതയുടെ പൂര്‍വ്വികര്‍ നിര്‍മ്മിച്ച വീടുകളും ഗ്രാമങ്ങളും മറ്റും ഇവിടെ കാണാം.

mesa-verde-cliff-dwellings1
Sopotnicki /Shutterstock

ചരിത്രാന്വേഷണ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു യാത്രയായിരിക്കും ഇത് എന്ന് നിസ്സംശയം പറയാം. ഏകദേശം 52,000 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പാര്‍ക്ക് മുഴുവന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ജീവിച്ചിരുന്ന പൂര്‍വ്വികരുടെ ഹൃദയത്തുടിപ്പുകള്‍ അനുഭവിച്ചറിയാം.

കൃഷി ഉപജീവനമാക്കി ജീവിച്ചിരുന്നവരായിരുന്നു അനാസാസ്സികള്‍. പ്രധാന കൃഷിയും പ്രധാന ആഹാരവും ചോളമായിരുന്നു. മറ്റു മൃഗങ്ങളെ വേട്ടയാടിയും ഇവർ ഭക്ഷണം കണ്ടെത്തിയിരുന്നു. 'പീഠഭൂമി' എന്നര്‍ത്ഥമുള്ള മേസാ പ്രദേശത്തായിരുന്നു അവര്‍ കൃഷി നടത്തിയിരുന്നത്. അതായത് ഇന്ന് ഈ നാഷണല്‍ പാര്‍ക്ക്‌ ഉള്‍ക്കൊള്ളുന്ന പ്രദേശം.

മെസാ വെർഡെ നാഷണൽ പാർക്കിനുള്ളിൽ 40 മൈലിലധികം നീണ്ടുകിടക്കുന്ന മനോഹരമായ റോഡുകളുണ്ട്. സന്ദർശകര്‍ക്കും ഗവേഷണകര്‍ക്കുമായി പ്രത്യേകം ഇടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു പുരാവസ്തു മ്യൂസിയം, 8,500 ഏക്കർ സംരക്ഷിത ഭൂമി എന്നിവയും ഇതില്‍ ഉൾപ്പെടുന്നു.

mesa-verde-cliff-dwellings3
Alexey Kamenskiy/Shutterstock

നൂറ്റാണ്ടുകൾക്കുമുമ്പ് ഈ പ്രദേശത്തെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന നാലായിരത്തില്‍ അധികം പുരാവസ്തു കേന്ദ്രങ്ങളും മലയിടുക്കുകളിലായി 600ഓളം പാര്‍പ്പിടങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്. ക്ലിഫ് പാലസ്സാണ് ഇവയില്‍ ഏറ്റവും വലുത്; 150ഓളം മുറികളും 75ഓളം നടുമുറ്റങ്ങളും ഈ കൊട്ടാരത്തിലുണ്ട്. 100-120 ആളുകൾ ഈ കൊട്ടാരത്തിൽ മാത്രമായി വസിച്ചിരുന്നത്രേ.

കൊളറാഡോയിലെ മാങ്കോസിന് 8 മൈൽ ചുറ്റളവിലാണ് മെസ വെർഡെ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. കൊളറാഡോ, യൂട്ട, അരിസോണ, ന്യൂ മെക്സിക്കോ എന്നിവയുടെ അതിർത്തികൾ സംഗമിക്കുന്ന ഫോർ കോർണേഴ്സ് സ്മാരകത്തില്‍ നിന്നും ഏകദേശം ഒരു മണിക്കൂർ വടക്കുകിഴക്കു ഭാഗത്തേക്ക് യാത്ര ചെയ്‌താല്‍ ഇവിടെയെത്താം.

കോർടെസ് മുനിസിപ്പൽ വിമാനത്താവളം മെസ വെർഡെയിൽ നിന്ന് 22 മിനിറ്റ് അകലെയാണെങ്കിലും ഇവിടേക്കുള്ള വിമാനങ്ങളുടെ എണ്ണം പരിമിതമാണ്. ഏറ്റവും അടുത്തുള്ള രണ്ടാമത്തെ വിമാനത്താവളമായ ഡ്യുറാങ്കോ-ലാ പ്ലാറ്റ കൗണ്ടി എയർപോർട്ടില്‍ നിന്നും ഡാളസ്, ഡെൻ‌വർ, ഫീനിക്സ് എന്നിവിടങ്ങളിലേക്ക് ദിവസേന ഫ്ലൈറ്റുകളുണ്ട്. ഡ്യുറാങ്കോയില്‍ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്താൽ പാര്‍ക്കിലെത്താം.

സുഖകരമായ താപനിലയുള്ള മെയ് അവസാനമോ സെപ്റ്റംബർ ആദ്യമോ ആണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary: mesa verde cliff dwellings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA