ADVERTISEMENT

ഭൂമിയില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍, ആ താഴ്ചയത്രയും കാണാവുന്ന രീതിയില്‍ ഒരു ചില്ലുപാലം. ആകാശത്തിനും ഭൂമിക്കുമിടയില്‍ അന്തരീക്ഷത്തിലൂടെ നടക്കുന്നതു പോലെയുള്ള, ഭീതിജനകവും എന്നാല്‍ ത്രസിപ്പിക്കുന്നതുമായ ആ അനുഭൂതിയാണ് ഗ്രാൻഡ് കാന്യോൺ സ്കൈവാക്ക് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 

അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥിതി ചെയ്യുന്നതും ലോകപ്രശസ്തവുമായ ഗ്രാൻഡ് കാന്യോണിന്‍റെ പടിഞ്ഞാറു വശത്ത് കൊളറാഡോ നദിക്കടുത്തായി അരിസോണയിലെ ഈഗിൾ പോയിന്‍റിലാണ് ചില്ലുകൊണ്ട് നിര്‍മ്മിച്ച നടപ്പാതയുള്ള ഗ്രാൻഡ് കാന്യോൺ സ്കൈവാക്ക്. കുതിരലാടത്തിന്‍റെ ആകൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.  സമുദ്രനിരപ്പില്‍ നിന്നും 4,770 അടി (1,450 മീറ്റർ) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ മനുഷ്യനിര്‍മ്മിത മഹാത്ഭുതം കാണാന്‍ പ്രതിവര്‍ഷം പത്തു ലക്ഷത്തിലധികം സന്ദര്‍ശകരാണ്‌ എത്തുന്നത്. 

ഹുവാലപായ് ഇന്ത്യൻ ഗോത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള ഈ പാലം 2007 മാർച്ച് 28 നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംരംഭകനായ ഡേവിഡ് ജിന്നിന്‍റെ തലയിലായിരുന്നു മലയിടുക്കില്‍ ഒരു ചില്ലുപാലം എന്ന ആശയം ആദ്യമായി ഉദിച്ചത്. പിന്നീട് ആർക്കിടെക്റ്റ് മാർക്ക് റോസ് ജോൺസന്‍റെ സഹായത്തോടെ, ആ ആശയം പൂര്‍ത്തീകരിക്കുകയായിരുന്നു.

നടക്കുന്ന ഭാഗത്ത് 3.10 മീറ്റര്‍ വീതിയും 21 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. സെന്റ്-ഗോബെയ്ൻ ഡയമന്‍റ്  ലോ അയണ്‍ ഗ്ലാസിന്‍റെ നാല് പാളികൾ ഉപയോഗിച്ചാണ് സ്കൈവാക്കിന്‍റെ ഡെക്ക് നിർമ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന വായുമര്‍ദ്ദം താങ്ങാനാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഈ പാലത്തിന് ഒരേസമയം ഒരു ചതുരശ്രമീറ്ററിന് 490 കിലോഗ്രാം എന്ന കണക്കില്‍ ഭാരം താങ്ങാനാവും. മാത്രമല്ല, റിക്ടര്‍ സ്കെയിലില്‍ 8.0 വരെ കാണിക്കുന്ന ഭൂകമ്പം താങ്ങാനും ഇതിനാകും. 

ഒരു സമയം 91കിലോഗ്രാം വീതം ഭാരമുള്ള 822 ആളുകള്‍ക്ക് ഈ പാലത്തിലൂടെ നടക്കാന്‍ കഴിയുമെന്നാണ് പറയുന്നതെങ്കിലും ഒരു തവണ 120 പേര്‍ക്കാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്.

സ്കൈവാക്കിനു പുറമേ ആംഫിതിയേറ്ററിലെ നേറ്റീവ് അമേരിക്കൻ നൃത്തങ്ങൾ, നേറ്റീവ് അമേരിക്കൻ ഗിഫ്റ്റ് ഷോപ്പ്, ഈ പ്രദേശത്തെ തദ്ദേശീയ ഗോത്രവർഗ്ഗക്കാരായ ഹുവാലപായ്, പ്ലെയിൻസ്, ഹോപി, നവാജോ, ഹവാസുപായ് തുടങ്ങിയവരുടെ ചരിത്രാവശിഷ്ടങ്ങള്‍ നിറഞ്ഞ മലയിടുക്കുകളിലെ പുരാതന പാര്‍പ്പിടങ്ങള്‍ എന്നിവയും ഈഗിള്‍ പോയിന്‍റില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന മറ്റു കാര്യങ്ങളാണ്.ഗ്രാൻഡ് കാന്യോൺ വെസ്റ്റ് എയർപോർട്ട് ടെർമിനൽ വഴിയോ ലാസ് വെഗാസിൽ നിന്ന് 120 മൈൽ (190 കിലോമീറ്റർ) ഡ്രൈവ് ചെയ്തോ ഇവിടെയെത്താം. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വിസിറ്റര്‍ സെന്‍ററില്‍ അന്വേഷിച്ചാല്‍ സഞ്ചാരികള്‍ക്കായുള്ള വിവിധ പാക്കേജുകളെക്കുറിച്ച് അറിയാം.  സ്കൈവാക്ക് ടിക്കറ്റിംഗ് സെന്ററിലെത്തി ടിക്കറ്റ് കാണിക്കുമ്പോള്‍ അവിടെ നിന്നും സഞ്ചാരികളെ ഗ്ലാസ് ബ്രിഡ്ജിലേക്ക് പോകുന്ന ഷട്ടിൽ ബസ്സിലേക്ക് നയിക്കും. ബസ് പോകുന്ന വഴിയിൽ മനോഹരമായ മലനിരകളുടെയും പാറക്കൂട്ടങ്ങളുടെയും കാഴ്ചകള്‍ ആസ്വദിക്കാം.

പേഴ്സണല്‍ ക്യാമറകൾ അനുവദിക്കാത്തതിനാൽ സ്കൈവാക്ക് സന്ദർശനത്തിന്റെ പ്രൊഫഷണൽ ഫോട്ടോഗ്രാഫുകൾ വാങ്ങാന്‍ ഗിഫ്റ്റ് ഷോപ്പുകളും സ്കൈവാക്കിലുണ്ട്.

English Summary: Grand Canyon Skywalk 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com