ടൂറിസ്റ്റുകൾ കേട്ടറിഞ്ഞെത്തി, തായ്‌ലാൻഡിലെ ഈ മനോഹര നഗരം ലോകപ്രശസ്തമായി !

Pai-thailand-trip
Day2505/Shutterstock
SHARE

തായ്‌ലാന്‍‍ഡ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കുറേ കാര്യങ്ങളുണ്ട്. പ്രകൃതിരമണീയമായ ദ്വീപുകളും ബിക്കിനിയിട്ട വിദേശികള്‍ നിറഞ്ഞ ബീച്ചുകളും ഫുള്‍ മൂണ്‍ പാര്‍ട്ടികളുമെല്ലാമായി ആകെ ബഹളമയവും വര്‍ണ്ണാഭവുമായ അനേകം ദൃശ്യങ്ങള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. എന്നാല്‍ പര്‍വ്വതനിരകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള തായ്‌ലാന്റിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പൈ നഗരത്തിലേക്ക് ഒരിക്കല്‍ യാത്ര പോയാല്‍ പിന്നെ തായ്‌ലാന്റിനെക്കുറിച്ച് മനസ്സിലോര്‍ക്കുമ്പോള്‍ കടന്നുവരുന്ന എല്ലാ ചിത്രങ്ങള്‍ക്കും അതായിരിക്കും ഭാവം!

മ്യാൻമർ അതിർത്തിക്കടുത്തുള്ള വടക്കൻ തായ്‌ലൻഡിലെ മേ ഹോങ് സോൺ പ്രവിശ്യയിലുള്ള ഒരു ചെറിയ പട്ടണമാണ് പൈ. പൈ നദിയിലാണ് ഇത് സ്ഥിതിചെയ്യുന്നത് എന്നതിനാലാണ് പട്ടണത്തിന്ആ പേര് വന്നത്. ഒരു കാലത്ത് ഷാൻ വംശജർ വസിച്ചിരുന്ന ശാന്തമായ ഒരു ചന്തഗ്രാമമായിരുന്നു പൈ. ഇന്ന് പ്രധാനമായും വിനോദസഞ്ചാരമേഖലയെ ആശ്രയിച്ചാണ്‌ ഇവിടത്തെ ആളുകളുടെ ജീവിതം.

ചെലവു കുറവായതിനാല്‍ പ്രധാനമായും ഹിപ്പികളുടെയും ബാക്ക്‌പാക്കർമാരുടേയും പ്രിയപ്പെട്ട സ്ഥലമായാണ് പൈ അറിയപ്പെടുന്നത്. മനോഹരമായ കാലാവസ്ഥയും ചൂടുനീരുറവകളും അതിശയകരമായ പ്രകൃതിയുമെല്ലാം ചേര്‍ന്ന് സ്വപ്നസമാനമായ അന്തരീക്ഷമാണ് ഇവിടം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുക. രാജ്യത്തെ പ്രധാന ടൂറിസം സ്പോട്ടുകളില്‍ നിന്നും വിഭിന്നമായി അധികനിരക്കില്ലാത്ത ഗസ്റ്റ് ഹൗസുകള്‍, സുവനീർ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവയും സ്പാകളും എലിഫന്റ് ക്യാമ്പുകളുമെല്ലാം പൈയിലുണ്ട്. 

Pai-thailand
Kittichai/Shutterstock

പട്ടണത്തിന് പുറത്ത് വിവിധ താപനിലകളിലുള്ള നിരവധി വെള്ളച്ചാട്ടങ്ങളും പ്രകൃതിദത്ത ചൂടുനീരുറവകളും കാണാം. ഇവിടെയുള്ള ചില റിസോർട്ടുകൾ ഈ ചൂടുനീരുറവകളിലെ വെള്ളം പൈപ്പുകളിലൂടെ സ്വകാര്യ ബംഗ്ലാവുകളിലേക്കും പൊതു കുളങ്ങളിലേക്കും നൽകുന്നു.

മലനിരകളുടെ താഴ‌‌‌‌‌‌്‌‌‌‌വരയിലാണ് പട്ടണം സ്ഥിതിചെയ്യുന്നത്. കാരെൻ, ഹ്‌മോംഗ്, ലിസു, ലാഹു തുടങ്ങിയ മലനിരകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ബേസ് ക്യാമ്പായി ഇവിടം തെരഞ്ഞെടുക്കുന്നു. സഞ്ചാരികള്‍ 'ചൈനീസ് വില്ലേജ്' എന്ന് വിളിക്കുന്ന ഷാന്‍ഡികുന്‍ ഗ്രാമം പൈയുടെ പ്രാന്തപ്രദേശത്തായാണ് നിലകൊള്ളുന്നത്. കൂടാതെ 'തായ് ഗ്രാന്‍ഡ്‌ കാന്യന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോംഗ് ലാന്‍ കാന്യന്‍,  മോ പെങ്, പോംബോക്ക് വെള്ളച്ചാട്ടങ്ങള്‍, ഭീമാകാരമായ വെള്ള ബുദ്ധപ്രതിമ, തം ലോഡ് ഗുഹ എന്നിവയും ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പ്പെടുന്നു. 

ബുധനാഴ്ച്ചകളിലെ ചന്തയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ ദിവസം പ്രാദേശിക ഉല്‍പ്പന്നങ്ങളുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഗോത്രവർഗക്കാരുമെല്ലാം ഇവിടെ ഒത്തുകൂടുന്നു.  

ദൈനംദിന ഫ്ലൈറ്റുകളുള്ള ഒരു വിമാനത്താവളം, ചെറുതും ഇടത്തരവുമായ നിരവധി ആഡംബര റിസോർട്ടുകൾ, 350 ലധികം താമസസൗകര്യങ്ങൾ, തത്സമയ സംഗീത ക്ലബ്ബുകൾ, ബിയർ ബാറുകൾ എന്നിവയെല്ലാം ഇവിടം കൂടുതല്‍ ട്രാവല്‍ ഫ്രണ്ട്ലിയാക്കുന്ന കാര്യങ്ങളാണ്.തായ്‌ലൻഡ് ടൂറിസ്റ്റ് ഭൂപടത്തിൽ ഈയിടെയാണ് പൈ സ്ഥാനം പിടിക്കുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള ടൂറിസ്റ്റ് സീസണിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. സഞ്ചാരികള്‍ക്ക് ചുറ്റി സഞ്ചരിക്കാന്‍ മോട്ടോര്‍ ബൈക്കുകള്‍ വാടകയ്ക്ക് കിട്ടും.

English Summary:Pai, Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA