ADVERTISEMENT

ബാലി യാത്ര: 1

 

തീർത്തും അപ്രതീക്ഷിതമായിരുന്നു അത്.എല്ലാ യാത്രകളുമെന്നതു പോലെ ഇതും നിനച്ചിരിക്കാതെ എന്നിലേക്ക് സംഭവിച്ചു പോയ ഒന്നാണ്. യാത്രകൾ.അപരിചിതമായ ഒരു ലോകത്തേക്കുള്ള സഞ്ചാരമാണ്.കേട്ടറിവും വായിച്ചറിവും മാത്രമുള്ള ഒരു ദേശത്തെ കൺകുളിർക്കെ കാണാനും അനുഭവിക്കാനുമുള്ള അവസരങ്ങൾ.വ്യത്യസ്തരായ മനുഷ്യർ, അവരുടെ വിചിത്രങ്ങളായ ആചാരങ്ങൾ, സംസ്കാരം, ഭാഷ. ഇതുവരെ രുചിക്കാത്ത ഭക്ഷണം,മനം മയക്കുന്ന പ്രകൃതി ഭംഗികൾ,

bali-travel1

പുതിയ സൗഹൃദങ്ങൾ,ഓരോ യാത്രയും പകരുന്നത് ഇത്തരത്തിൽ മറക്കാനാകാത്ത അനുഭവങ്ങളും അനുഭൂതികളുമാണ്. അത് ഇന്ത്യയ്ക്കകത്തായാലും വിദേശത്തായാലും. മനസ്സിന്റെ കോണിൽ ആ ഓർമകളങ്ങനെ മായാതെ കിടക്കും.അത് കൊണ്ട് യാത്ര ചെയ്യാനുള്ള അവസരങ്ങളൊരിക്കലും വേണ്ടെന്ന് വയ്ക്കാറില്ല. ഒരാഴ്ച്ച നീണ്ട തായ്‌‌ലൻഡ് യാത്രയ്ക്ക് ശേഷം നാട്ടിൽ വന്നെത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ,അതിനും രണ്ടാഴ്ച മുമ്പായിരുന്നു കുടുംബസമേതം ശ്രീലങ്കയിൽ പോയി വന്നത്.അതിനാൽ പെട്ടെന്ന് മറ്റൊരു യാത്ര എന്നത് എന്റെ മനസ്സിലേയില്ലായിരുന്നു.എന്നിട്ടും സാന്റാ മോണിക്കയിൽ നിന്ന് കാവ്യയും ഗായത്രിയും വിളിച്ച്, ''ബാലിയിലേക്കാണ് അടുത്ത ട്രിപ്പ് പോരുന്നോ " എന്ന് ചോദിച്ചപ്പോൾ , വരുന്നില്ലെന്ന് പറയാൻ തോന്നിയില്ല.

എന്നെങ്കിലുമൊരിക്കൽ കാണേണ്ട ഇടമാണ് ബാലിയെന്ന് പണ്ടേ മനസ്സിൽ കുറിച്ചിരുന്നു. തായ്‌‌ലൻഡ് യാത്രയിൽ ഭാര്യയും മകളും കൂടെയില്ലാത്തതിന്റെ ഒറ്റപ്പെടൽ ഫീൽ ചെയ്തിരുന്നു. അതിനാൽ മകളെയും ഭാര്യയെയും വിളിച്ചു. പക്ഷേ  പ്ലസ് ടു പരീക്ഷ കതകിൽ തട്ടി വിളിക്കുന്നു എന്ന കാരണത്താൽ മകൾ ആദ്യമേ ഒഴിഞ്ഞു. വീട്ടിൽ, മകളെ തനിച്ചാക്കി പോരാൻ വയ്യ എന്നതിനാൽ ഭാര്യയും പിന്മാറി. ബിരുദ പഠന കാലത്തേ മനസ്സിൽ കയറിക്കൂടിയ നാടാണ് ബാലി.

അന്ന് സിലബസിലുണ്ടായിരുന്നു എസ്.കെ. പൊറ്റെക്കാടിന്റെ ബാലിദ്വീപ് എന്ന പുസ്തകം. പരീക്ഷയ്ക്കായി പല തവണ വായിച്ച ഓർമയിൽ ഒരു വട്ടമെങ്കിലും പോകേണ്ട ഇടമായി മനസ്സിൽ കയറിക്കൂടിയ ബാലിയിലേക്ക് ഇപ്പോഴല്ലെങ്കിൽ പിന്നെയെന്നാണ് പോകുക എന്ന വിചാരമായി. അതിനാൽ യാത്രയ്ക്കായി നാലഞ്ചു ദിവസമേ ശേഷിക്കുന്നുള്ളൂ എങ്കിലും  കാവ്യയോടും ഗായത്രിയോടും സമ്മതം മൂളി. യാത്ര പോകാൻ വേണ്ടി ഡ്രെസ്സുകൾ കുത്തിത്തിരുകി വലിയ  ബാഗ് മുറുക്കുന്ന ശീലമൊന്നും എനിയ്ക്കില്ല. അത്തരത്തിൽ കാര്യമായ  ഒരു തയാറെടുപ്പും നടത്താത്തൊരാളാണ് ഞാൻ. പക്ഷേ പോകുന്നിടത്തെ പറ്റി വിവരങ്ങൾ അറിഞ്ഞു വെയ്ക്കാൻ ശ്രമിക്കും. അതിനായി പുസ്തകങ്ങൾ വായിക്കും. ഇൻറർനെറ്റിൽ തിരയും.അവിടേക്ക് മുമ്പ് യാത്ര പോയ പരിചയക്കാരോട് സംസാരിക്കും. അങ്ങനെ സാന്റമോണിക്ക അയച്ചു തന്ന ഐറ്റിനററി നോക്കി ,ഫ്രീ ടൈമിൽ ഗൂഗിളിലും വിക്കിപീഡിയയിലും ഒരുപാട് ചികഞ്ഞാണ് യാത്രയ്ക്ക് ഒരുങ്ങിയത്. ടൂർ മാനേജരായി സാന്റാ മോണിക്കയിൽ നിന്ന് വരുന്നത് അനോഷ് ജോയി ആണെന്നറിഞ്ഞപ്പോൾ സന്തോഷമായി.

bali-travel2

കക്ഷിയോടൊപ്പം നേരത്തേ ചില യാത്ര നടത്തിയ പരിചയമുണ്ട്. ചെല്ലുന്നിടത്ത്, താമസിക്കാനുള്ള റൂമിന്റെ കാര്യത്തിൽ ട്വിൻ ഷെയർ രീതിയാണ്. ഫാമിലി കൂടെയില്ലാത്തതിനാൽ മറ്റാരുടെയെങ്കിലും കൂടെ റൂം ഷെയർ ചെയ്യേണ്ടി വരും.അനോഷിനെ പരിചയമുള്ളതിനാൽ ഒപ്പം മുറി ഷെയർ ചെയ്യാമെന്നും കരുതി. 

2019 നവംമ്പർ 23 ന് രാത്രിയാണ് യാത്ര.

8220 കിലോമീറ്ററപ്പുറത്തുള്ള ഒരു രാജ്യത്തേക്കാണ് ഒരു മണിക്കൂർ കഴിഞ്ഞാൽ  പോകേണ്ടതെന്നുള്ള ടെൻഷനൊന്നുമില്ലാതെ ടി വിയിൽ രാത്രി വാർത്ത  കാണുന്ന  എന്നെ നോക്കി അദ്ഭുതത്തോടെ നിൽക്കുകയായിരുന്നു ഭാര്യയും മകളും.അവരൊക്കെ ഒരു യാത്രക്കൊരുങ്ങുമ്പോൾ രണ്ടാഴ്ച മുമ്പേ കൊണ്ടു പോകേണ്ട സാധനങ്ങളുടെ ലിസ്റ്റ്  തയാറാക്കി സാധനങ്ങൾ ഒരുക്കി വയ്ക്കുന്നവരാണ്.രാത്രി എട്ടരയോടെയാണ് നെടുമ്പാശ്ശേരിയിലേക്ക് ഞാനിറങ്ങിയത്.

ശനിയാഴ്ചയായതിനാൽ റോഡിൽ നല്ല തിരക്കുണ്ട്.അടുത്ത ദിവസം ഞായറാഴ്ച  അവധിദിനമായതിനാൽ വീട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക്.എങ്കിലും ഒമ്പതരയ്ക്ക്  തന്നെ നെടുമ്പാശ്ശേരിയിലെ ടെർമിനൽ മൂന്നിന്റെ എട്ടാം നമ്പർ പില്ലറിനരികിലിറങ്ങി. യാത്രാംഗങ്ങളുടെ മീറ്റിംഗ്‌ പോയിന്റാണത്.അവിടെ ടീം മാനേജർ അനോഷും ഏതാനും യാത്രാംഗങ്ങളുമുണ്ട്.

ഒന്നിച്ച് യാത്ര ചെയ്യുന്നവരെയെല്ലാം ഉൾപ്പെടുത്തി മൂന്ന് നാല് ദിവസം മുമ്പ് ഒരു  വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടായിരുന്നു.അന്നതിലെ അംഗങ്ങളെ  കണ്ടപ്പോൾ മനസ്സിലെ തിരി കെട്ടുപോയതാണ്.ഇരുപത് പേരിൽ പത്തു പേരോളം ഡോക്ടർമാരാണ്. പിന്നെ ഒരു ജഡ്ജിയും ഭാര്യയും. അവരെക്കൂടാതെ  രണ്ടു മൂന്ന് ടീച്ചർമാർ.അവരൊക്കെ തമ്മിൽ നേരത്തേ പരിചയമുള്ളവരും ഒന്നിച്ചു യാത്ര ചെയ്തവരുമാണ്. സംഘത്തിലാരെയും എനിയ്ക്ക് മുൻപരിചയമില്ല.ആ ഗ്രൂപ്പിൽ വലിയൊരു ഒറ്റപ്പെടൽ ഞാൻ  ഭയന്നിരുന്നു.

bali-travel

സത്യം പറയാലോ,ഏതോ മെഡിക്കൽ കമ്പനി അവർക്കായി മരുന്നു കുറിക്കുന്ന ഡോക്ടർമാർക്കായി സ്പോൺസർ ചെയ്ത ഒരു ട്രിപ്പ് എന്ന തോന്നലാണ് വാട്സാപ് ഗ്രൂപ്പ് കണ്ടപ്പോളാദ്യം തോന്നിയത്.എയർപോർട്ടിൽ വച്ച് യാത്രാംഗങ്ങളായ ഡോക്ടർമാരെ കണ്ടു മുട്ടിയപ്പോഴും ആ ചിന്താഗതി മാറിയില്ല.അവിടെ വച്ച് അവരോട് ഒരടുപ്പം തോന്നിയുമില്ല.യാത്ര നിറം മങ്ങും ,ഞാൻ ഒറ്റപ്പെടും എന്ന് എന്തോ ഒരു തോന്നൽ. നെടുമ്പാശ്ശേരി എയർപോർട്ടിന്റെ റൺവേ റിപ്പയറിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയമാണ്.

അതിനാൽ ചില ക്രമീകരണങ്ങളുണ്ട്.പകൽനേരം ഫ്ലൈറ്റ് ലാന്റിംഗ് അധികമൊന്നും അനുവദിക്കുന്നില്ല.രാത്രിയിലാണ് കൂടുതൽ ഫ്ലൈറ്റുകൾ വരുന്നതും പോകുന്നതും.അതു കൊണ്ട് തന്നെ എയർപോർട്ടിലെ ചെക്കിംഗ് സമയം നേരത്തേയാക്കിയിട്ടുണ്ട്.വിദേശത്തേക്ക് പോകുന്നവർക്ക് നാലു മണിക്കൂർ മുമ്പേ ചെക്കിൻ ചെയ്യാം.

അനോഷ് നൽകിയ ടിക്കറ്റുമായി പത്തു മണിയോടെ അകത്തു കയറി. സിംഗപ്പൂർ വിമാനക്കമ്പനിയായ സിൽക് എയറിലാണ് യാത്ര.കൗണ്ടറിൽ വലിയ തിരക്കില്ല.അതിനാൽ എളുപ്പം ബോർഡിംഗ് പാസ് കിട്ടി. എമിഗ്രേഷൻ കൗണ്ടറിലും തിരക്ക് കുറവായിരുന്നു.നടപടി ക്രമങ്ങളും സുരക്ഷാ പരിശോധനയും കഴിഞ്ഞ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോൾ സമയം രാത്രി പത്തേ ഇരുപത്.പുലർച്ചെ ഒന്നേ പത്തിനാണ് ഫ്ലൈറ്റ്. ഏതാണ്ട് മൂന്ന് മണിക്കൂറോളം സമയം ബാക്കിയുണ്ട്.സംഘത്തിലെ മറ്റുള്ളവരെല്ലാം എമിഗ്രേഷൻ കൗണ്ടറിലെത്തിയിട്ടേയുള്ളൂ.

ഡി സി ബുക്സിന്റെ കൗണ്ടറിൽ പോയി ഒരു പുസ്തകം വാങ്ങിയെങ്കിലും വായിക്കാൻ തോന്നിയില്ല.പകരം മൊബൈൽ ഫോണെടുത്ത് ഇൻറർ നെറ്റിൽ ബാലിദ്വീപിനെ സംബന്ധിച്ച  കുറച്ച്  കാര്യങ്ങൾ തിരഞ്ഞു.ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയുടെ പ്രവിശ്യകളിലൊന്നാണ് ബാലി.

bali-travel3

ഇന്ത്യൻ മഹാസമുദ്രത്തിലെ പതിനേഴായിരത്തോളം  ദ്വീപുകൾ ഉണ്ട് ഇന്തോനേഷ്യയുടെ ഭരണപരിധിയിൽ.അതിലൊരു ദ്വീപാണ് ബാലി. ഏതാനും ദശകം മുമ്പ് വരെ കാർഷികവൃത്തിയായിരുന്നു ബാലിയുടെ  പ്രധാന വരുമാനമാർഗം. ഇപ്പോഴത് ടൂറിസമാണ്. ബാലിയുടെ വാർഷിക വരുമാനത്തിന്റെ എൺപത് ശതമാനവും ടൂറിസത്തിൽ നിന്നാണിപ്പോൾ.ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ ഏക ഹിന്ദു പ്രവിശ്യ കൂടിയാണ് ബാലി. ആകെ ജനസംഖ്യ  നാല്പത്തി മൂന്ന് ലക്ഷത്തോളം.അതിൽ എൺപത്തി മൂന്നര ശതമാനത്തിലേറെ ഹിന്ദുക്കൾ.

വീടുകളേക്കാൾ ക്ഷേത്രങ്ങൾ ഉള്ള നാട്.

ബാലിയെ കുറിച്ച് 'ഇങ്ങനെ കുറേ കാര്യങ്ങൾ സെർച്ച് ചെയ്തു കൊണ്ടിരിക്കെയാണ്, രണ്ട് മസിൽ മലകൾ ഇങ്ങോട്ട് വന്ന് സൗഹൃദം കൂടുന്നത്.രമേശേട്ടനും നൗഷിയും ടൂർ സംഘത്തിലെ അംഗങ്ങളാണ് രണ്ടു പേരും.രണ്ടും നല്ല ജിമ്മൻമാർ. നിത്യവും ജിമ്മിൽ പോയി ഉരുട്ടിയെടുത്ത മസിൽ നിറഞ്ഞ കൈകൾ രമേശേട്ടന്റെ തൂക്കം നൂറ്റിയിരുപത്കിലോയെങ്കിലും വരും.നൂറ്റിപ്പത്തിൽ കുറയില്ല നൗഷിയ്ക്ക്.രണ്ടു പേരും ആറടിയിലേറെ പൊക്കമുള്ളവർ.

വാട്സാപ്പ് ഗ്രൂപ്പിൽ ഇരുവരുടെയും പേരും ഫോട്ടോയും കണ്ടതിനാൽ അപരിചിതത്തം തോന്നിയില്ല.എയർപോർട്ടിൽ എമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കി വിമാനം കാത്തു നിൽക്കാനുള്ള  ഒന്നാം നമ്പർ ഗേറ്റിനരികിലിരികെയാണ് ഡ്യുട്ടിഫ്രീ ഷോപ്പ്.അവിടെയൊക്കെ കയറിയാണ് ഇരുവരുടെയും വരവ്.ഒരപേക്ഷയുമായാണ് അവർ വന്ന് പരിചയപ്പെട്ടത് .

എന്റെ പാസ്പോർട്ട് കാണിച്ച് ഡ്യൂട്ടി ഫ്രീയിൽ നിന്ന് ഷിവാസ് റീഗലിന്റെ രണ്ട് ബോട്ടിൽ വാങ്ങാൻ സഹായിക്കണം.മദ്യമോ ബീയറോ സിഗററ്റോ ഒരു കാലത്തും എന്ന ആകർഷിച്ചിട്ടില്ല.ഇതു പിന്നെ ചേതമില്ലാത്ത ഒരുപകാരം. അതിനാൽ കൂടെ പോയി.

നെടുമ്പാശ്ശേരിയിലെയും മറ്റു വിദേശ വിമാനത്താവളങ്ങളിലെയും ഷോപ്പിംഗ്‌ കേന്ദ്രങ്ങൾ കണ്ടിട്ടുള്ളവർക്കറിയാം, നെടുമ്പാശ്ശേരിയിലെ ഇന്റർനാഷനൽ ടെർമിനലിൽ വിൽക്കാനുള്ളത് വെറും മദ്യവും സിഗററ്റും കാഷ്യുനട്ട്സും ചോക്കലേറ്റും മാത്രമാണ്. കുറച്ച് പെർഫ്യൂംസും.വിദേശത്തേക്ക് പോകുന്നവർക്ക് വാങ്ങാനായി നമ്മുടെ നാട്ടിലെ തനത് പ്രോഡക്ടുകൾ ഒന്നും തന്നെയില്ല.അത്തരത്തിൽ അല്പമെന്തെങ്കിലും വില്പനയ്ക്കുള്ളത് ആഭ്യന്തര ടെർമിനലിലാണ്.വിദേശത്തേക്ക് പോകുന്നവർക്കതുകൊണ്ടെന്തു കാര്യം?എന്തായാലും അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് കരുതി ഒപ്പം ഷോപ്പിലേക്ക് പോയി.മദ്യക്കുപ്പികൾ രണ്ടെണ്ണം വാങ്ങിയാൽ ഒരെണ്ണം ഫ്രീ എന്ന ഓഫറൊക്കെയുണ്ട്.ആ തരത്തിൽ ഒമ്പത് കുപ്പികളെങ്കിലും വാങ്ങി ബാലിദിനങ്ങൾ അവിസ്മരണീയമാക്കാനാണ് രമേശേട്ടന്റെയും നൗഷിയുടെയും പരിപാടി.അതിനാണ് എന്നെ കൂട്ടു പിടിച്ചത്.

എന്നാൽ ,ഡ്യൂട്ടിഫ്രിയിലിരിക്കുന്നയാൾ ഉപദേശിച്ചത് , ബാലിയിലേക്ക് കൂടുതൽ കുപ്പികൾ കൊണ്ടു പോകുന്നതിന്  നിയന്ത്രണമുണ്ടാകുമെന്നാണ്.ആളൊന്നിന് ഒരു കുപ്പിയേ അവിടെ കൊണ്ടുപോകാൻ  അനുവദിച്ചേക്കൂ. അതിനാൽ മൂന്നു പേരുടെയും പാസ്പോർട്ടിന് ഓരോന്ന് വീതമായി മൂന്നുകുപ്പികൾ മാത്രം വാങ്ങി.രണ്ടെണ്ണം വാങ്ങിയപ്പോൾ മൂന്നാമത് കിട്ടിയത് ഫ്രീയായിരുന്നു.എന്തായാലും അവർ വന്ന് പരിചയപ്പെട്ടത് ഒരാശ്വാസമായി.മിണ്ടാനും പറയാനും തമാശകൾ ഷെയർ ചെയ്യാനും പറ്റിയ കക്ഷികളാണ്..അതൊരു നല്ല സൗഹൃദ തുടക്കമായിരുന്നു. പെട്ടെന്നവരുമായി അടുത്തു. പിന്നെയും നീണ്ട കാത്തിരിപ്പ്.

ഒടുവിൽ പന്ത്രണ്ടര കഴിഞ്ഞപ്പോഴാണ് ഫ്ലൈറ്റിലേക്കുള്ള എയ്റോ ബ്രിഡ്ജ് തുറന്നത്.നിറയെ യാത്രക്കാരുണ്ട്.വിമാന യാത്രകളിൽ വിന്റോ സീറ്റ് എന്റെ വീക്നെസ് ആണ്.

പതിനായിരക്കണക്കിനടി മുകളിൽ നിന്ന് താഴെ ഭൂമിയിലെ കാഴ്ചകൾ പക്ഷിക്കണ്ണിലെന്ന പോലെ കാണുക എന്തു രസമാണ്.ബോർഡിംഗ് പാസ് നൽകുമ്പോൾ വിന്റോ സീറ്റ് പ്രത്യേകം ചോദിച്ചു വാങ്ങിയിരുന്നു.ഭാഗ്യത്തിന് ,സിൽക് എയറിന്റെ വലതോരം ചേർന്ന്, വിമാനച്ചിറകുകൾ കാഴ്ച മറക്കാത്ത ഒരു വിൻഡോ  സീറ്റ് തന്നെ കിട്ടി.രാത്രി സമയം ഒന്നേ പത്തിന് തന്നെ  ഫ്ലൈറ്റ് പൊങ്ങി.പാതിരാത്രി കഴിഞ്ഞെങ്കിലും ഉറങ്ങാതെ ആകാശത്തു നിന്ന് ഭൂമിയെ നോക്കി കാണുകയായിരുന്നു.കര പിന്നിട്ട് ,കടലിന് മുകളിലൂടെ മേഘങ്ങൾക്കും മുകളിലുള്ള  ഇരുട്ടിലൂടെ തുഴഞ്ഞ് വിമാനം കുതിക്കുകയായിരുന്നു.സിംഗപ്പൂരിലേക്ക്.അവിടുന്ന് നാളെ പുലർച്ചെ കണക്ഷൻ ഫ്ളൈറ്റാണ് ബാലിയിലേക്ക്.

(തുടരും) 

English Summary: Bali Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com