ADVERTISEMENT

‘യാത്രകൾ ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നുവച്ച് എടുത്തോപിടിച്ചോ എന്നുപറഞ്ഞ് യാത്ര പുറപ്പെടുന്നൊരാളല്ല.’– തന്റെ യാത്രാപ്രേമത്തെപ്പറ്റി അഭിനേത്രി മഞ്ജുപിള്ളയുടെ മുഖവുര ഇങ്ങനെയാണ്. ഒരമ്മയെന്ന നിലയ്ക്ക്, ഭാര്യയെന്ന നിലയ്ക്ക്, ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഒക്കെ കുറേ കാര്യങ്ങൾ പ്ലാൻ ചെയ്ത് മാത്രമേ എവിടെയെങ്കിലും പോകാൻ സാധിക്കൂ. എന്നാൽ ഭർത്താവ് സുജിത്ത് ഇരുന്നയിരിപ്പിലൊക്കെ എങ്ങോട്ടെങ്കിലും പോയാലോ എന്നു ചോദിക്കുന്ന ആളാണെന്നും തന്നെകൊണ്ട് അങ്ങനെ പറ്റില്ലെന്നും മഞ്ജു പിള്ള പറയുന്നു.

മലയാളികൾക്ക്, പ്രത്യേകിച്ച് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു പിള്ള; വീട്ടിലെ ഒരംഗത്തെപ്പോലെ. മഞ്ജുവിനു യാത്രകൾ പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള അവസരം കൂടിയാണ്. കാണാത്തയിടങ്ങൾ കാണാനും പുതിയ രീതികളും കാര്യങ്ങളും ആസ്വദിക്കാനുമാണല്ലോ യാത്രകൾ. അപ്പോൾ കൂടുതൽ കൂടുതൽ യാത്രകൾ നടത്തുക, ലോകത്തെ അറിയുക. 

manju-pillai-travel3

ഫ്രണ്ട്സിനൊപ്പം യാത്ര പോകാനാണ് കൂടുതൽ ഇഷ്ടം

ഫാമിലിയോടൊപ്പമുള്ളതിനേക്കാൾ എൻജോയ്മെന്റ് ഫ്രണ്ട്സിനൊപ്പമുള്ള ട്രിപ്പുകളിലാണെന്ന് മഞ്ജു പിള്ള. ‘എനിക്ക് കൂടുതൽ ഫ്രീയായി ആസ്വദിച്ച് യാത്രകൾ ചെയ്യണമെങ്കിൽ കൂട്ടുകാർക്കൊപ്പം തന്നെ പോകണം. എന്നുകരുതി കുടുംബത്തിനൊപ്പം ഇതൊന്നും ഇല്ലെന്നല്ല. എന്നാൽ രണ്ടും രണ്ടാണ്. ഫാമിലിക്കൊപ്പമാകുമ്പോൾ ഭർത്താവിന്റെയും മകളുടെയും കാര്യങ്ങൾ കൂടി നോക്കണം. അവരുടെ വസ്ത്രം, ഭക്ഷണം, ആരോഗ്യം അങ്ങനെ ഒരൽപം ടെൻഷൻ പിടിച്ച കാര്യമായിരിക്കും. എൻജോയ്മെന്റിന് കുറവൊന്നുമുണ്ടാകില്ല. എന്നാലും എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടുന്നത് ഫ്രണ്ട്സിനൊപ്പം പോകുമ്പോഴാണ്.

manju-pillai-travel6

അതെന്റെ ഭർത്താവിനും മോൾക്കും നല്ലപോലെ അറിയാം. അതുകൊണ്ടുതന്നെ അവർ എനിക്ക് ആ കാര്യത്തിൽ ഫുൾ സപ്പോർട്ടാണ്. ഫ്രണ്ട്സിനൊപ്പം യാത്രചെയ്യുമ്പോൾ എനിക്ക് എന്നെ മാത്രം നോക്കിയാൽ മതി. ഫ്രീയായി ടെൻഷനൊന്നുമില്ലാതെ നടക്കാം. അങ്ങനെ യാത്ര ചെയ്യുന്ന ഫ്രണ്ട്സ് സർക്കിൾ എനിക്കുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളുണ്ട്. അവരുമായി ഒത്തിരി യാത്രപോകാറുമുണ്ട്. അത് പ്രത്യേകിച്ചൊരു സ്ഥലമെന്നൊന്നുമില്ല, ഞങ്ങൾക്ക് ഇഷ്ടമുള്ളയിടത്തൊക്കെ പോകും. അവർക്കൊപ്പമാണ് ഞാൻ ഏറ്റവും കൂടുതൽ യാത്രകൾ നടത്തിയിട്ടുള്ളത്. 

manju-pillai-travel11

സിനിമാ ഫീൽഡിൽ സുഹൃത്തുക്കൾ കുറവാണെങ്കിലും എപ്പോഴും കൂട്ടുകൂടാനും യാത്ര പോവാനും കുക്കു പരമേശ്വരൻ, സുബി, ശ്രീലക്ഷ്മി, രശ്മി എന്നിവർ ഒപ്പമുണ്ടാകും. ഞങ്ങൾ കുറെയേറെ യാത്രകൾ ഒരുമിച്ച് നടത്തിയിട്ടുണ്ട്. കുറച്ചു സമയം ഞങ്ങൾക്ക് വേണ്ടി മാത്രം ചെലവിടണം എന്നു തോന്നിയാൽ ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടും. അല്ലെങ്കിൽ തിരക്ക് ഒട്ടുമില്ലാത്ത, ആരുമറിയാത്ത ഏതെങ്കിലും റിസോർട്ടിൽ കൂടും. ഞങ്ങൾ ഈ അടുത്ത് യാത്ര നടത്തിയത് ഗോവയിലേക്ക് ആയിരുന്നു. ഗോവ ഫിലിം ഫെസ്റ്റിവൽ കണ്ടാസ്വദിച്ചു. എട്ടുദിവസത്തെ യാത്രയായിരുന്നു അത്. ഞങ്ങൾ നാലുപേരും ശരിക്കും എൻജോയ് ചെയ്തു. 

manju-pillai-travel7

വിദേശരാജ്യങ്ങളിലെ ട്രാഫിക് നിയമങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി

സ്റ്റേജ് പരിപാടികൾക്കും അല്ലാതെയുമെല്ലാം നിരവധി വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, യുഎഇ, സിംഗപ്പൂർ. അവിടെയൊക്കെ എന്നെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം ട്രാഫിക് നിയമങ്ങളാണ്. വിദേശരാജ്യങ്ങളെല്ലാം നിയമങ്ങൾ കർശനമായി പാലിക്കുന്നവരാണ്. എന്നാൽ എന്നെ ആകർഷിച്ചത് റോഡിലെ നിമയപാലനം തന്നെയാണ്. നമ്മുടെ നാട്ടിൽ ചിലപ്പോൾ യു ടേൺ ഒക്കെ അശ്രദ്ധമായി എടുക്കും. എന്നാൽ അവിടെയൊന്നും അങ്ങനെയല്ല, യു ടേൺ എടുക്കേണ്ട സ്ഥലത്തല്ലാതെ അവർ തിരിയുകയില്ല.

manju-pillai-travel10

അതിപ്പോ ഒരു കിലോമീറ്റർ അപ്പുറത്താണെങ്കിൽ പോലും. അതുപോലെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് ലൈൻ കീപ്പിങ്. വാഹനങ്ങൾ നിരനിരയായി കൃത്യമായി അകലം പാലിച്ചുപോകുന്നു. ട്രാക്ക് മാറുന്നതിനു പോലും അവർ കറക്ടായി നിയമം പാലിക്കുന്നു. മലയാളികൾ പോലും അവിടെ ചെന്നാൽ കൃത്യമായി ഇതൊക്കെ ചെയ്യാറുണ്ട്. എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ചെയ്യാൻ പറ്റുന്നില്ലെന്ന് ആലോചിക്കുമ്പോൾ വിഷമം തോന്നും. കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിദേശ രാജ്യം വെനീസാണ്.

നമ്മുടെ കുട്ടനാട് പോലെതോന്നും. ഒരു വ്യത്യാസം മാത്രം, ഇവിടെ പാടങ്ങളും മറ്റുമാണെങ്കിൽ അവിടെ മുഴുവൻ കെട്ടിടങ്ങളാണ്. എങ്കിലും വല്ലാത്തൊരു ഭംഗിയാണ് ആനാടിന്. ഗൊണ്ടോളയെന്ന വള്ളത്തിലൂടെയുള്ള യാത്ര ഗംഭീരമാണ്. 

ജീവീതത്തിൽ മറക്കാനാവാത്ത ചാർ ധാം യാത്ര

ഹൈറ്റ്സ് പേടിയുള്ള, മൈഗ്രേനുള്ളൊരാൾ കേദാർനാഥ് യാത്ര നടത്തിയെന്ന് തനിക്കു തന്നെ വിശ്വസിക്കാനാവില്ലെന്ന് മഞ്ജു. ‘ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഏറ്റവും വലിയ അനുഭവമാണ് ചാർ ധാം യാത്ര. എന്റെ ഫ്രണ്ട്സിനൊപ്പമുള്ള യാത്രയായിരുന്നു അത്. ആറുമാസമെടുത്ത് പ്ലാൻ ചെയ്ത് നടത്തിയ യാത്രയായിരുന്നു അത്. സുഹൃത്തായ കാർത്ത്യായനിചേച്ചിയാണ് ഈ സജഷൻ മുന്നോട്ട് വച്ചത്. ചേച്ചി പലപ്പോഴായി ഹിമാലയം യാത്രകൾ നടത്തിയിട്ടുള്ളയാളാണ്. അങ്ങനെ ഇവിടെനിന്ന് ഹരിദ്വാർ, ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരിനാഥ്, ഋഷികേശ് അങ്ങനെയായിരുന്നു റൂട്ട്. 

manju-pillai-travel4

കേദാർ, ബദരിനാഥ് ഒക്കെ വയസ്സാകുമ്പോൾ പോകേണ്ട സ്ഥലങ്ങളാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ അങ്ങനെയല്ല, നമുക്ക് നല്ല ആരോഗ്യമുള്ളപ്പോൾ പോകേണ്ട സ്ഥലങ്ങളാണിതൊക്കെ. ആ യാത്രയിൽ ഗംഗയുടെ പല മുഖങ്ങൾ കണ്ടു. പലയിടത്തും പല ഭാവത്തിലാണ് ഗംഗ.

manju-pillai-travel2

കേദാറിലേയ്ക്കൊക്കെ കയറിയെത്തണമെങ്കിൽ നല്ല ആരോഗ്യം വേണം. കുത്തനെയുള്ള കയറ്റങ്ങളാണ്. മാത്രമല്ല, കുതിരയുമല്ല, കഴുതയുമല്ലാത്ത മൃഗത്തിന്റെ പുറത്തിരുന്നുമെല്ലാം യാത്ര ചെയേണ്ടിവരും. കുറച്ചുദൂരം ഞാനും ആ മൃഗത്തിന്റെ പുറത്ത് കയറിയെങ്കിലും താഴെ വീണു പരുക്കുപറ്റി. രാവിലെ തുടങ്ങുന്ന നടത്തം രാത്രിയൊക്കെയാവും തീരുന്നത്. എന്നിട്ടും ഒരുവിധം നടന്ന് മുകളിലെത്തി. 

manju-pillai-travel8

കൊടുംതണുപ്പാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതിരാവിലെ സൂര്യൻ ഉദിച്ചുവരുന്നത് കാണാൻ അതിമനോഹരമാണെന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. സ്വർണനിറത്തിലുള്ള ആ കാഴ്ച മനസ്സിൽ നിന്നും ഒരിക്കലും മായില്ല. വെളുപ്പിന് അഞ്ച് മണിയ്ക്ക് അമ്പലത്തിനകത്ത് കയറിയതിനുശഷം സൂര്യോദയം കാണാൻ പുറത്തിറങ്ങിയ താൻ അവിടെ നിന്ന് പൊട്ടികരഞ്ഞുവെന്നും ആ കാഴ്ച തനിക്ക് വിവരിച്ചുതരാനാകില്ലെന്നും മഞ്ജു പറയുന്നു.

കേദാർനാഥ് അമ്പലത്തിനകത്തെ ശിവലിംഗം സാധാരാണ ശിവലിംഗങ്ങളിൽ നിന്നു വ്യത്യസ്തമായി പരന്നിട്ടാണ്. മാത്രമല്ല നമുക്ക് മറ്റെവിടെയും ശിവലിംഗത്തെ സ്പർശിക്കാനാവില്ല. എന്നാൽ ഇവിടെ ശിവലിംഗത്തെ തൊടാം, കെട്ടിപ്പിടിച്ച് നിന്ന് പ്രാർഥിക്കാം എത്രനേരം വേണമെങ്കിലും. ഞാൻ ആദ്യമായിട്ടാണ് ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ച് കരയുന്നത്. എന്തിനാണ് ഞാൻ കരഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ അത് വല്ലാത്തൊരനുഭവമായിരുന്നു.

manju-pillai-travel1

കുറേനേരം അവിടെ ചെലവഴിച്ചിട്ടാണ് ഞാൻ താഴോട്ട് ഇറങ്ങുന്നത്. ആ സമയം തിരിഞ്ഞുനോക്കുമ്പോൾ നമ്മളെ തിരിച്ചുവിളിക്കുന്ന ഒരു ശക്തിയുണ്ട്.ഒരു പ്രത്യേക മാനസികാവസ്ഥയാണത്.അത് ശരിക്കും ഫീൽ ചെയ്യും. ശരിക്കും പറഞ്ഞാൽ സ്വർഗ്ഗത്തിലെത്തിയിട്ട് തിരിച്ചുപോരുന്ന അവസ്ഥ. എപ്പോൾ തോന്നിയാലും കേദാറിലേയ്ക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അങ്ങേയറ്റം കഷ്ടപ്പാടും യാതനയും സഹിച്ചേ ആ യാത്ര പൂർത്തിയാക്കാനാവു. അതുകൊണ്ട് തന്നെ ഒരിക്കലും മറക്കില്ല ഞാൻ ആ യാത്ര. അതുപോലെ എന്റെ സ്വപനയാത്ര കൈലാസത്തിലേക്കാണ്. എന്റെ ആരോഗ്യം പോകും മുമ്പ് ആ യാത്ര പൂർത്തിയാക്കാനാകണം എന്നാണെന്റെ പ്രാർഥന.

കേദാറിലും ബദരീനാഥിലുമൊക്കെ പോകുന്നത് ഒരു വേറിട്ട അനുഭവം തന്നെയാണ്. എന്നാൽ അതിലേക്കെത്താൻ കുറേയേറെ യാതനകൾ അനുഭവിക്കേണ്ടിവരുമെന്നും പലതും നേരിടാനുള്ള ധൈര്യത്തോടെവേണം ഈ യാത്രകൾക്ക് തയ്യാറാകേണ്ടതെന്നും മഞ്ജു പറയുന്നു. വഴിയരികിൽ കിടന്നുറങ്ങാനും തയാറാകണം.

manju-pillai-travel

ചിലപ്പോൾ പ്രാഥമിക കാര്യങ്ങൾ പോലും പെരുവഴിയിൽ ചെയ്യേണ്ടിവരുമെന്ന മാനസികാവസ്ഥ ഉണ്ടായിരിക്കണം. ഞങ്ങൾ 12 സ്ത്രീകൾ ചേർന്നായിരുന്നു ആ യാത്ര. അതുകൊണ്ട് അധികം ബുദ്ധിമുട്ടുണ്ടായില്ല. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുടെ വ്യത്യാസം അതാണ്. താമസിക്കാനൊന്നും വൃത്തിയുള്ള ഒരിടം കിട്ടില്ല. ഒത്തിരി അലഞ്ഞിട്ടാണ് ഞങ്ങൾക്ക് കിടക്കാനൊരു സ്ഥലം കിട്ടിയത്. എന്നിരുന്നാലും ആ യാത്രയുടെ ഒടുവിൽ കിട്ടുന്ന സന്തോഷം അതൊന്ന് വേറെ തന്നെയാണ്.

അടുത്ത വർഷം ഒരു ഹിമാലയം ട്രിപ്പ് പോകാൻ ഈ വർഷം പ്ലാൻ ചെയ്ത് തുടങ്ങിയതാണ്. പക്ഷേ കൊറോണ കാരണം എങ്ങനെയാണ് അത് സാധ്യമാവുക എന്നറിയില്ല. എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ വേണമല്ലോ ഇങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ തയ്യാറാക്കേണ്ടത്. ശരിക്കും ഈ വർഷം ശ്രീലങ്ക അല്ലെങ്കിൽ മോസ്കോ പോകണമെന്ന് പ്ലാൻ ചെയ്തിരുന്നതാണ്. സമയം ഇനിയും മുന്നോട്ട് കിടക്കുകയല്ലേ. പതിയെ എല്ലായിടത്തും പോകണം. നമ്മുടെ നാട്ടിൽ തന്നെ കണ്ടുതീരാത്ത കുറേയെറെ സ്ഥലങ്ങളുണ്ട്. അതും കാണണം.

English Summary: An Experience of a Lifetime actress Manju Pillai Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com