ആയിരക്കണക്കിന് പാമ്പുകള്‍ക്കൊപ്പം അപൂര്‍വ ചരിത്രാവശിഷ്ടങ്ങള്‍ സൂക്ഷിച്ച മ്യൂസിയം

snake
Representative Image
SHARE

മ്യൂസിയം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ചരിത്രാവശിഷ്ടങ്ങളും പഴയ കാലത്തിന്‍റെ ഓര്‍മകളുമെല്ലാമാണ്. എന്നാല്‍ മൃഗങ്ങളും പാമ്പുകളുമെല്ലാം നിറഞ്ഞ ഒരു മ്യൂസിയത്തെക്കുറിച്ച് സങ്കല്‍പിച്ചു നോക്കൂ. ടൂറിസം, പരിസ്ഥിതി സംരക്ഷണം, വിനോദം എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന അത്തരമൊരു ഇടമാണ് ചൈനയിലെ ലുഷുൻ സ്നേക്ക് മ്യൂസിയം.

ലുഷുൻ തായാങ് വാലി പ്രദേശത്തുള്ള മ്യൂസിയം സെന്‍ററിനുള്ളിലാണ് ലുഷുൻ സ്നേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഏഷ്യയില്‍ത്തന്നെ പാമ്പുകൾക്കായുള്ള ഏറ്റവും വലിയ മ്യൂസിയമാണിത്. ലുഷുൻ മ്യൂസിയം, ഗാർഡൻ, മൃഗശാല, സ്‌നേക്ക് മ്യൂസിയം, ഫ്രണ്ട്‌ഷിപ്പ് ടവർ, സിവേറ്ററി ടവർ എന്നിവ ഉൾക്കൊള്ളുന്നതാണ് ലുഷുൻ മ്യൂസിയം സെന്‍റര്‍.  

സ്നേക്ക് മ്യൂസിയത്തിന്‍റെ  അടിസ്ഥാനദര്‍ശനം ‘പ്രകൃതിയിലേക്ക് മടങ്ങുക’ എന്നതാണ്. ജയന്റ് ടര്‍ട്ടില്‍ സോണ്‍, ക്രോക്കഡൈല്‍ സോണ്‍, സ്നേക്ക് സോണ്‍, പ്രെഷ്യസ് അനിമല്‍ സോണ്‍, സ്പെസിമെന്‍ സോണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഈ പാമ്പ് മ്യൂസിയത്തിലുണ്ട്. ഏകദേശം 30 ലധികം യാങ്‌സി മുതലകളും ആയിരക്കണക്കിന് പാമ്പുകളുമുള്ള മ്യൂസിയത്തിൽ ഭീമൻ ആമകൾ, മുതലകൾ, ജല പാമ്പുകൾ, വിഷപ്പാമ്പുകൾ, പൈത്തണുകൾ, ഭീമൻ സലമാണ്ടറുകൾ, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, സമുദ്ര ഉരഗങ്ങൾ എന്നിവയെയെല്ലാം സംരക്ഷിച്ചിരിക്കുന്നു. 

snake1
Markus Haberkern/Shutterstock

ഫ്രണ്ട്ഷിപ്പ് ടവറിനെ അഭിമുഖീകരിച്ച് നിലകൊള്ളുന്ന ലുഷുൻ മ്യൂസിയത്തിൽ മൂന്ന് എക്സിബിഷൻ തീമുകളുണ്ട്. മുൻകാല രാജവംശങ്ങളുടെ സാംസ്കാരിക അവശിഷ്ടങ്ങൾ, ഡാലിയൻ പ്രാദേശിക ചരിത്ര-സാംസ്കാരിക അവശിഷ്ടങ്ങള്‍, സിൻജിയാങ് മമ്മി എന്നിങ്ങനെയാണവ. 

സാഗോ, ഓറിയന്‍റൽ ചെറി, സൈപ്രസ് മരങ്ങൾ, ഫീനിക്സ് മരങ്ങൾ, ഡസൻ വിലയേറിയ പൂക്കൾ എന്നിങ്ങനെ വിലയേറിയ ഇരുനൂറിലധികം സസ്യങ്ങൾ ലുഷുൻ ഗാർഡനിൽ ഉണ്ട്. 

1917 ൽ സ്ഥാപിതമായ ലുഷുൻ സ്‌നേക്ക് മ്യൂസിയം അതിനടുത്ത വര്‍ഷത്തിലാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. 1945 ൽ മ്യൂസിയത്തിന്‍റെ നിയന്ത്രണം നേടിയ സോവിയറ്റ് യൂണിയൻ, അതിന്‍റെ പേര് ലുഷുൻ ഈസ്റ്റേൺ കൾച്ചർ മ്യൂസിയം എന്നാക്കി. 1951 ന്‍റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ മ്യൂസിയത്തിന്‍റെ നിയന്ത്രണം ചൈനീസ് സർക്കാരിന് കൈമാറി. 1955 ഓടെ ലുഷുൻ മ്യൂസിയമെന്ന് വീണ്ടും പേരുമാറ്റി. 

വിലയേറിയ വെങ്കലവസ്തുക്കൾ, സിൻജിയാങ് പുരാവസ്തുക്കൾ, പെയിന്റിങ്ങുകൾ, സെറാമിക്സ് എന്നിവയും  ചൈനീസ് മ്യൂസിയങ്ങളിൽ സാധാരണമല്ലാത്ത വിദേശ പുരാവസ്തുക്കളുടെ ഒരു ശേഖരവും ഇവിടെയുണ്ട്. മികച്ച രീതിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യൻ ഗാന്ധാര ശില്പമാണ് അവയില്‍ ഒന്ന്.

1980 കളുടെ അവസാനത്തില്‍ സാംസ്കാരിക പൈതൃക മന്ത്രാലയവും  പ്രവിശ്യ, നഗര സർക്കാരുകളും ചേര്‍ന്ന് മ്യൂസിയത്തിന്‍റെ നവീകരണത്തിനും വിപുലീകരണത്തിനുമായി രണ്ട് ദശലക്ഷം യുവാൻ ചെലവഴിച്ചിരുന്നു. 1999-2000 ൽ മുനിസിപ്പൽ സർക്കാർ ലുഷുൻ മ്യൂസിയം പുനർനിർമാണ പ്രവർത്തനങ്ങൾ തുടർന്നു. മോഷണ വിരുദ്ധ അലാം, ഫയർ അലാം തുടങ്ങിയവ അടങ്ങുന്ന സുരക്ഷാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുപ്പത് ദശലക്ഷം യുവാൻ വീണ്ടും ചെലഴിക്കുകയുണ്ടായി. ഈ മ്യൂസിയത്തില്‍ പ്രതിവർഷം 200,000 സന്ദർശകര്‍ എത്തുന്നു എന്നാണു കണക്ക്. കൂടുതല്‍ വിദേശ, ആഭ്യന്തര സഞ്ചാരികളെയും അതിഥികളെയും ആകർഷിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് മ്യൂസിയം ഇപ്പോള്‍. 

English Summary: Lvshun Snake Museum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA