ഇവിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

women-traveller
SHARE

എല്ലാവര്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ അത് ഒരു മികച്ച ലോകമായിരിക്കും എന്നതില്‍ സംശയമില്ല, പക്ഷേ നിര്‍ഭാഗ്യവശാല്‍, ചില സ്ഥലങ്ങള്‍ ഇന്നും സ്ത്രീകള്‍ക്ക് അത്ര സുരക്ഷിതമല്ല. അവിടെ പോകാന്‍ കഴിയില്ലെന്നോ പാടില്ലെന്നോ ഇതിനർഥമില്ല. പക്ഷേ ഈ പറയുന്ന രാജ്യങ്ങളിലേക്കു യാത്ര ചെയ്യുമ്പോള്‍ അൽപം കൂടുതൽ മുൻകരുതൽ വേണമെന്നു മാത്രം. 

ഈജിപ്ത്

പ്രശസ്ത ട്രാവല്‍ സൈറ്റായ ട്രിപ്പ് സ്‌കൈസ്‌കാനര്‍ നടത്തിയ സര്‍വേയില്‍, സഞ്ചാരികൾക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്ക് സുരക്ഷാഭീഷണിയുണ്ടാകാനിടയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യം ഈജിപ്താണ്. ഐഎസ് ആക്രമണ സാധ്യത അടക്കമുള്ള പ്രശ്നങ്ങൾ കാരണം  യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ തനിച്ചു യാത്ര ചെയ്യുമ്പോള്‍ ഉപദ്രവിക്കപ്പെടാനിടയുണ്ട്. എന്നാല്‍ ഇത് പുരുഷന്മാരുടെ കാര്യത്തില്‍ കുറവുമാണ്. പുരുഷനോടൊപ്പമോ ഗ്രൂപ്പിന്റെ ഭാഗമായോ പൊതുസ്ഥലങ്ങളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് പല സ്ത്രീയാത്രികരും പറയുന്നു. അതിനാല്‍ ഈജിപ്തിലേ്ക്കുള്ള യാത്ര ഒറ്റയ്ക്കാക്കാതെ ഒരു ചെറിയ ടൂര്‍ ഗ്രൂപ്പില്‍ ചേര്‍ന്നോ ഗൈഡിനൊപ്പമോ ചെയ്യുന്നതായിരിക്കും നല്ലത്. ഈജിപ്തിലെ വസ്ത്രധാരണ രീതികളെ മാനിക്കുന്നതും പ്രധാനമാണ്. ശരീരത്തിന്റെ പരമാവധി ഭാഗം മൂടാന്‍ ശ്രദ്ധിക്കണം. മെട്രോയില്‍ സ്ത്രീകള്‍ക്കുള്ള കോച്ച് ഉപയോഗിക്കുക, ടാക്‌സികള്‍ക്ക് പകരം ഊബറില്‍ യാത്ര നടത്തുക. 

mexico

മെക്‌സിക്കോ

സഞ്ചാരികൾക്കു പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. എന്നാല്‍ കൂട്ട അക്രമങ്ങള്‍, നരഹത്യകള്‍, കവര്‍ച്ചകള്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ നിരക്ക് വർധിക്കുന്നത്, രാജ്യത്തിന്റെ ചില ഭാഗങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നുണ്ട്. കോളിമ, ഗ്വെറേറോ, മൈക്കോവാക്കന്‍, സിനലോവ, തമൗലിപാസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പു നിലവിലുണ്ട്. ബലാത്സംഗം, ഉപദ്രവം, ആക്രമണം എന്നിവയാണ് സ്ത്രീകള്‍ക്കുള്ള അപകടസാധ്യത

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മെക്‌സിക്കോയിലെ റിസോര്‍ട്ടുകള്‍ സുരക്ഷിതമാണ്. മെക്‌സിക്കന്‍ റിസോര്‍ട്ടുകളില്‍ 

അക്രമത്തിനിരയായെന്ന പോസ്റ്റുകൾ നീക്കം ചെയ്തതിന്റെ പേരിൽ 2016 ല്‍ ട്രിപ്പ്അഡൈ്വസര്‍ എന്ന യാത്രാവെബ്സൈറ്റിനെതിരെ നിരവധി  സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നു. തുടർന്ന് ട്രിപ്പ്അഡൈ്വസര്‍ നിലപാടു മാറ്റി. മെക്‌സിക്കോ സന്ദർശനത്തിൽ രാത്രിയില്‍ പുറത്തുപോകാതിരിക്കുക, സാധ്യമെങ്കില്‍ ഗ്രൂപ്പുകളായി യാത്ര ചെയ്യുക, റിസോര്‍ട്ടുകളിലും മറ്റ് ടൂറിസ്റ്റ് ഹബുകളിലും പരമാവധി സമയം ചെലവഴിക്കാം. 

മൊറോക്കോ

morocco

മൊറോക്കോ സന്ദര്‍ശിക്കുന്നത് തീവ്രവാദി ആക്രമണമടക്കമുള്ള ചില അപകടസാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. പക്ഷേ സന്ദര്‍ശകര്‍ക്കുള്ള പ്രധാന അപകടങ്ങള്‍ കവര്‍ച്ച, പോക്കറ്റടി തുടങ്ങിയവയാണ്. പ്രത്യേകിച്ച്, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ മാരാകേഷ്, ഫെസ് തുടങ്ങിയ നഗരങ്ങളില്‍. ഈ പട്ടികയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ശാരീരിക സ്പര്‍ശവും ആക്രമണവും വളരെ കുറവാണെങ്കിലും സ്ത്രീകളെ ചൂഷണം ചെയ്യാനും ഉപദ്രവിക്കാനും സാധ്യതയുണ്ട്. മൊറോക്കോ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നും അധികം ശരീരഭാഗങ്ങള്‍ പുറത്തുകാണാത്തവിധമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും ശുപാര്‍ശ ചെയ്യുന്നു.

കൊളംബിയ

നിലവിൽ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ലഹരിമരുന്ന് കടത്തും കൊള്ളയും തട്ടിക്കൊണ്ടുപോകലും ഏറ്റുമുട്ടലുകളും പോലുള്ള കുറ്റകൃത്യങ്ങൾ കാരണം കൊളംബിയ ഒരു അപകടകരമായ സ്ഥലമായി കണക്കാക്കപ്പെടുന്നു. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ക്ക് ഈ രാജ്യം മോശമാണ്. കാരണം രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങളോട് പുരോഗമനപരമായ മനോഭാവങ്ങളില്ല. ആക്രമിക്കപ്പെടുന്ന സ്ത്രീകളെ നിയമപാലകരോ ആരോഗ്യ പരിപാലന വിദഗ്ധരോ പിന്തുണയ്ക്കുന്നില്ല. കൂടാതെ, ക്യാറ്റ്‌കോളിങ് സാധാരണമാണ്, അതിനാല്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ചുറ്റിനടക്കുകയാണെങ്കില്‍ ഇതു നേരിടേണ്ടിവരും. നിങ്ങള്‍ കൊളംബിയയിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, എല്ലായ്‌പ്പോഴും ജാഗ്രത പുലർത്തണം. വിലപിടിപ്പുള്ള വസ്തുക്കളില്‍ വളരെ ശ്രദ്ധാലുവായിരിക്കുക, ടൂറിസ്റ്റ് ഏരിയകൾ വിട്ടു പോകാതിരിക്കുക, നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷിതവും വിശ്വസിക്കാവുന്നതുമായ ഒരു ഗതാഗത മാര്‍ഗം നിങ്ങള്‍ ബുക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നഗരങ്ങളില്‍ പൊതു ബസുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്നതിനാല്‍ അവ ഒഴിവാക്കുന്നതായിരിക്കും നല്ലത്. 

ഈ രാജ്യങ്ങളെല്ലാം വിനോദസഞ്ചാരികള്‍ക്കായി നിരവധി അദ്ഭുതകരമായ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്, മാത്രമല്ല അവ സന്ദര്‍ശിക്കേണ്ടതുമാണ്. സന്ദര്‍ശിക്കുന്ന ബഹുഭൂരിപക്ഷം വിനോദസഞ്ചാരികളും പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കാതെ മികച്ച ഓര്‍മകളുമായി സുരക്ഷിതമായി വീട്ടിലെത്തുന്നു. എന്നിരുന്നാലും, ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ യാഥാർഥ്യബോധം പുലര്‍ത്തുന്നതും അതില്‍ ഉള്‍പ്പെടുന്ന അപകടസാധ്യതകള്‍ കണക്കിലെടുക്കുന്നതും പ്രധാനമാണ്. നിങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയാണെങ്കില്‍ അങ്ങേയറ്റം ജാഗ്രതയോടെയും അപകടങ്ങളെ നേരിടാനുള്ള ധൈര്യത്തോടെയും കൂടി ആയിരിക്കണം യാത്ര. 

English Summary: Solo Female Travel Tips

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA