ADVERTISEMENT

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സ്റ്റേറ്റായ അലാസ്കയെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ഈ നാട് പ്രകൃതിഭംഗിയിലും ഒട്ടും പിന്നിലല്ല. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ സ്ഥലമാണ് അലാസ്ക. സംസ്ഥാനത്തിന്‍റെ ഭൂരിഭാഗവും ആർട്ടിക് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത് എന്നതാണ് പ്രധാനകാരണം. ഇക്കാരണം കൊണ്ടുതന്നെയാണ് അലാസ്ക സഹസികസഞ്ചാരികളുടെ സ്വപ്നഭൂമിയാകുന്നതും വിശാലമായ വനങ്ങൾക്കും തണുത്തുറഞ്ഞ തുന്ദ്ര പ്രദേശത്തിനും പുറമെ, അമേരിക്കയിലെ ഏറ്റവും ഉയർന്ന പത്ത് പർവതശിഖരങ്ങളും ഇവിടെയുണ്ട്. ഭൂമിശാസ്ത്രപരമായി നോക്കിയാലും അദ്ഭുതം തന്നെയാണ് ഇവിടം. ഭൂവിഭാഗങ്ങളുടെയും ജീവജാലങ്ങളുടെയും വൈവിധ്യം തന്നെ ആരെയും അമ്പരപ്പിക്കും. മുപ്പത് ലക്ഷം തടാകങ്ങളും 29 അഗ്നിപർവ്വതങ്ങളും അലാസ്കയിലുണ്ട്!

ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം, ബറിംഗ് കടൽ എന്നീ മൂന്നു സമുദ്രങ്ങളുടെയും തീരങ്ങള്‍ പങ്കിടുന്ന ഏക സംസ്ഥാനമാണ് അലാസ്ക. ദിനം മുഴുവന്‍ സൂര്യപ്രകാശം കിട്ടുന്നതും അതേപോലെ 24 മണിക്കൂറും ഇരുട്ട് മൂടിക്കിടക്കുന്നതുമായ ഇടങ്ങള്‍ ഇവിടെയുണ്ട്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതമായ ദീനാലി പർവ്വതവും അലാസ്കയിലാണ് സ്ഥിതിചെയ്യുന്നത്.

alaska-travel
xavitorrents/shutterstock

മത്സ്യബന്ധനം, പ്രകൃതിവാതകം, എണ്ണ എന്നിവയാണ് അലാസ്കയുടെ പ്രധാനവരുമാനമാര്‍ഗ്ഗങ്ങള്‍. വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥ ഈ കാരണം പ്രതിശീർഷ വരുമാനം വളരെ കൂടുതലാണ്. അതേപോലെ തന്നെ മറ്റൊരു പ്രധാന വരുമാനമാര്‍ഗ്ഗമാണ് വിനോദസഞ്ചാരവും; സംസ്ഥാനത്തിന്‍റെ പകുതിയിലേറെ പരന്നുകിടക്കുന്ന ഫെഡറൽ ഉടമസ്ഥതയിലുള്ള പൊതു ഭൂമിയില്‍ നിരവധി ദേശീയ വനങ്ങൾ, പാർക്കുകൾ, വന്യജീവി അഭയകേന്ദ്രങ്ങള്‍ എന്നിവയുമുണ്ട്. 

തെക്കുകിഴക്കൻ അലാസ്കയിലെ പുരാതനമായ മഴക്കാടുകൾ, ദീനാലി നാഷണൽ പാർക്കിലെ ക്യാമ്പിങ്ങ്, പ്രിൻസ് വില്യം സൗണ്ടിലെ മഞ്ഞുമലകൾക്കിടയിലൂടെയുള്ള കയാക്കിംഗ് എന്നിവ വിനോദസഞ്ചാരികള്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്ന അമൂല്യമായ മറ്റു ചില അനുഭവങ്ങളാണ്. ദീനാലിയുടെ മുകളിലേക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന പര്യവേഷണ യാത്രകളും ഉണ്ട്. അലാസ്കയില്‍ മാത്രം കാണുന്ന പ്രത്യേകതരം ചെന്നായ്, തിമിംഗലം, കരടി എന്നിവ പോലുള്ള വന്യജീവികളെ കാണാനുള്ള അവസരവും ലഭിച്ചേക്കാം.

നോര്‍ത്തേന്‍ ലൈറ്റ്സ്!

ജീവിതകാലത്ത് ഒരിക്കല്‍ മാത്രം ലഭിച്ചേക്കാവുന്ന മറ്റൊരു സൗഭാഗ്യവും അലാസ്കയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്- നോര്‍ത്തേന്‍ ലൈറ്റ്സ്! ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് അഗ്നിജ്വാല കണക്കെ ചുവപ്പ്, പച്ച, നീല നിറങ്ങളില്‍ മിന്നി മറയുന്ന പ്രകാശത്തിന്‍റെ ചില്ലുചീളുകള്‍. അഭൗമമായ ഈ പ്രകൃതിപ്രതിഭാസം ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കാത്ത ലോകസഞ്ചാരികള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. അലാസ്കയിലെ ഫെയര്‍ബാങ്സില്‍ ഈ മനോഹരകാഴ്ച വ്യക്തമായി കാണാം.

വേനൽക്കാലമാണ് അലാസ്ക സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വേനൽക്കാലം ഹ്രസ്വമാണെങ്കിലും,  വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയായതിനാല്‍ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. മെയ് പകുതി മുതൽ സെപ്റ്റംബർ പകുതി വരെയാണ് ഈ സമയം. 

ഇന്ത്യയിൽ നിന്ന്, അലാസ്കയിലേക്ക് ധാരാളം കണക്റ്റിംഗ് ഫ്ലൈറ്റുകള്‍ ഉണ്ട്.  യുഎസ്എയിലേക്കോ കാനഡയിലേക്കോ പറന്ന് അലാസ്ക വരെ ക്രൂയിസ് സവാരി ബുക്ക് ചെയ്യാം. മിക്ക ഇന്ത്യൻ വിനോദ സഞ്ചാരികളും കാനഡയിൽ നിന്നും ജലമാര്‍ഗ്ഗമാണ് അലാസ്കയിലേക്ക് യാത്ര ചെയ്യുന്നത്.

English Summary: Alaska travel guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com