മണ്ണിനടിയിൽ കണ്ടെത്തി 18 നിലയുള്ള അദ്ഭുത നഗരം‌, നിർമാണം നൂറ്റാണ്ടുകൾക്ക് മുമ്പ്

Travel Turkey
Travel Turkey/Shutterstock
SHARE

ലോകത്ത് പലയിടത്തും ഭൂഗർഭ നഗരങ്ങളും തുരങ്കങ്ങളും അറകളും ഒക്കെ ഉണ്ടെന്ന് എല്ലാവർക്കുമറിയാം. പുരാതന കാലം മുതലേ മനുഷ്യർ ശത്രുക്കളിൽനിന്ന് അഭയം തേടാനും ഭൂഗർഭ ഒളിസങ്കേതങ്ങൾ നിർമിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള. ഭൂമിക്കടിയിലെ നഗരങ്ങളെ പിന്നീടു ഗവേഷകർ കണ്ടെത്തി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങി. ഇന്നുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും താഴ്ചയിലുള്ള ഭൂഗർഭ നഗരം കപ്പഡോഷ്യയിലാണ്.‌

പുരാതന കാലം മുതൽക്കേ ഭൂഗര്‍ഭ അറകള്‍ക്കും തുരങ്കങ്ങള്‍ക്കും പേരുകേട്ട നഗരമാണ് കപ്പഡോഷ്യ. 200 ല്‍ അധികം തുരങ്കങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പരസ്പരബന്ധിതമാണ് ഇവയില്‍ മിക്കതും. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചരിത്രമാണ് ഡെറിന്‍കുയുവിന് പറയാനുള്ളത്. 

Derinkuyu-Underground-City,-Cappadocia1
Maria Studio/Shutterstock

ഡെറിന്‍കുയു 

എഡി 780 നും 1180 നും ഇടയിലുള്ള അറബ്-ബൈസന്റൈൻ യുദ്ധകാലത്ത് അറബികളിൽനിന്ന് രക്ഷനേടാൻ നിർമിച്ചതാണ് ഡെറിന്‍കുയു  ഭൂഗർഭ നഗരം. മൾട്ടി ലെവൽ നഗരമാണിത്. അതായത് ഒരു നഗരത്തിന് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഏകദേശം 250 അടി താഴ്ചയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 20,000 ത്തോളം പേർക്ക് ഒരേ സമയം ഇവിടെ കഴിയാൻ സാധിക്കും. 

18 നിലകളാണ് ഈ അദ്ഭുത നഗരത്തിനുള്ളത്. ഏറ്റവും പ്രധാനമായി വേണ്ടുന്ന ശുദ്ധജലത്തിനും ശുദ്ധവായുവിനും ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മനുഷ്യര്‍ക്കും ഇതിനുള്ളിലെ മൃഗങ്ങള്‍ക്കും ഭൂമിക്കു മുകളിലേക്ക് വരാതെ വര്‍ഷങ്ങളോളം താമസിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഈ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള സംഭരണ ശാലകള്‍, ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാന്‍ ആഴത്തിലുള്ള കിണറുകള്‍, ശുദ്ധവായു കടക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം ഇവിടെ സജ്ജമായിരുന്നു.

1963 ല്‍ ലാണ് ഡെറിന്‍കുയു നഗരം കണ്ടെത്തുന്നത്. പിന്നീട് 1969 ല്‍ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. പല സംസ്കാരങ്ങളും ഇവിട നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂമിക്കടിയിലായിരുന്നു അവയെന്നതാണ് ഏറെ കൗതുകം പകരുന്നത്. യാത്രക്കാര്‍ക്ക് പോകുവാനുള്ള തുരങ്കങ്ങള്‍, കിണറുകള്‍, മീറ്റിങ് റൂമുകള്‍, കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഇടങ്ങള്‍, ചാപ്പലുകള്‍, ശേഖരണ മുറികള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള ഇടം, വൈനും എണ്ണയും ശേഖരിച്ചുവച്ചിരിക്കുന്ന ഇടം എന്നിങ്ങനെ അമ്പരപ്പിക്കുന്ന പ്രത്യേകതകള്‍ നിരവധിയുണ്ട് ഡെറിന്‍കുയുവിന്.

English Summary: Derinkuyu Underground City, Cappadocia

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA