ADVERTISEMENT

ഓഫ്‌റോഡുകളും കോടമഞ്ഞു പുതഞ്ഞു കിടക്കുന്ന മലനിരകളും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും പോകേണ്ട ഒരു സ്ഥലമാണ് വയനാട്ടിലെ മുനീശ്വരന്‍ കുന്ന്. ഏറ്റവും മുകളിലെത്തിയാല്‍ കാണാനാവുന്നത് വയനാടിന്‍റെ വടക്കുകിഴക്ക്‌ ഭാഗത്തിന്‍റെ ഏകദേശം പൂര്‍ണ്ണമായ കാഴ്ചയാണ്. സാഹസിക സഞ്ചാരികളെ സംബന്ധിച്ചാണെങ്കില്‍ പറുദീസ എന്നുതന്നെ പറയാം. കണ്ണിനുല്‍സവമേകുന്ന കാഴ്ചകളും മനോഹരമായ കാലാവസ്ഥയും ചേര്‍ന്ന് സ്വര്‍ഗ്ഗീയാനുഭൂതി പകരുന്ന ഈ പ്രദേശത്തെ വാഗമണ്ണിനോടുപമിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചാല്‍ മനസ്സിലാകും.

മാനന്തവാടിക്കടുത്തായി തലപ്പുഴയിലാണ് മുനീശ്വരന്‍ കുന്ന്. മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ വരുമ്പോൾ തലപ്പുഴ ടൗൺ കഴിയുമ്പോൾ വലത്തേക്ക് തിരിഞ്ഞാല്‍ മുനീശ്വരൻ കുന്നിലേക്കെത്താം. ഇതിനായി തലപ്പുഴയില്‍ നിന്നും ഏകദേശം അഞ്ചുകിലോമീറ്റര്‍ പോയാല്‍  മക്കിമല എന്ന ട്രൈബല്‍ സെറ്റില്‍മെന്റില്‍ എത്തും. ഇവിടെ നിന്നുമാണ് മുനീശ്വരന്‍ കുന്ന് കയറുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് ഈ കുന്ന് സ്ഥിതിചെയ്യുന്നത്‌. 

wayanad-wagamon-6

കല്ലും വന്മരങ്ങളും നിറഞ്ഞ കാട്ടുപാതയിലൂടെയുള്ള ഈ യാത്ര അല്‍പ്പം സാഹസികത നിറഞ്ഞതാണ്‌. എവിടെ നോക്കിയാലും കാണുന്ന തേയിലത്തോട്ടങ്ങളുടെ കാഴ്ച അതിമനോഹരമാണ്. ഇടയ്ക്ക് കാട്ടാനകളെയും കണ്ടുമുട്ടിയേക്കാം. അതിന്‍റെ മുന്നറിയിപ്പെന്നോണം വഴി നീളെ ആനപ്പിണ്ടങ്ങള്‍ കാണാം. 

മുകളിലെത്തിയാല്‍ പിന്നെ എവിടെ നോക്കിയാലും പച്ചപ്പുമാത്രമാണ് കാണാന്‍ കഴിയുക. പുല്‍മേടുകള്‍ നിറഞ്ഞ മലനിരകളും കോടമഞ്ഞു പുതച്ച സമീപപ്രദേശങ്ങളുമെല്ലാം കണ്ടങ്ങിരിക്കുമ്പോള്‍ മലകയറി വന്നതിന്‍റെ ക്ഷീണമെല്ലാം മറന്നുപോകും! ശിവന്‍റെ ചെറിയൊരു പ്രതിഷ്ഠയും ഇവിടെ കാണാം. ഈ കുന്നിന് മുനീശ്വരന്‍ കുന്നെന്നു പേരുവരാന്‍ കാരണം ഈ പ്രതിഷ്ഠയാണ്.

wayanad-wagamon-2

രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശന സമയം. വൈകുന്നേരമാണെങ്കില്‍ മനോഹരമായ സൂര്യാസ്തമനവും കാണാം.  രാത്രി ഇവിടെ താങ്ങാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടെന്റ് സൗകര്യവും ഉണ്ട്. ട്രക്കിങ്ങും ഫുഡും അടങ്ങിയ പാക്കേജുകൾ ലഭ്യമാണ്.

English Summary: Muneeswaran Hills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com