'കുട്ടിയുടുപ്പ്' ധരിച്ചെത്തിയ യുവതിയ്ക്ക് മ്യൂസിയത്തില്‍ വിലക്ക്; വിവാദം

1600676718943
SHARE

വസ്ത്രധാരണത്തിന്റെ പേരില്‍ മലയാളി അഭിനേത്രി സൈബര്‍ ആക്രമണം നേരിട്ട സംഭവമാണല്ലോ ഇപ്പോള്‍ ചർച്ചാവിഷയം. നടിക്കു പിന്തുണയുമായി മറ്റു നടിമാരും എത്തിയിരുന്നു. നമ്മുടെ നാട്ടില്‍ മാത്രമാണിതെന്ന് കരുതണ്ട. ഫാഷന്റയും സ്റ്റൈലിന്റെയും പറുദീസ എന്നറിയപ്പെടുന്ന പാരീസില്‍ നിന്നും ഇറക്കംകുറഞ്ഞ വസ്ത്രമിട്ടതുമായി ബന്ധപ്പെട്ടൊരു വാര്‍ത്ത വന്നിട്ടുണ്ട്. 'മോഡേണ്‍' വസ്ത്രം ധരിച്ചെത്തിയ ഇരുപത്തിരണ്ടു വയസ്സുകാരിയെ പാരിസീലെ ഒരു മ്യൂസിയത്തില്‍ പ്രവേശിപ്പിച്ചില്ല. അതിന് അധികൃതര്‍ ചൂണ്ടിക്കാണിച്ച ന്യായം ആ പെണ്‍കുട്ടി ധരിച്ച വസ്ത്രമായിരുന്നു. ആയിരക്കണക്കിന് വിദേശികള്‍ സന്ദര്‍ശനത്തിന് എത്തുന്ന സ്ഥലമാണു പാരിസ് നഗരം. ഫ്രാന്‍സിലുള്ള മൊത്തം ജനങ്ങള്‍ക്കും അപമാനമാണ് മ്യൂസിയം അധികൃതരെന്നു യുവതി തുറന്നടിച്ചു.

ഫ്രാന്‍സിലെ പ്രശസ്തമായ മുസിദ ഓസേ മ്യൂസിയത്തിലാണ് ഈ കേട്ടാല്‍ മൂക്കത്ത് വിരല്‍വയ്‌ക്കേണ്ട സംഭവം നടന്നിരിക്കുന്നത്. ലോകപ്രശസ്തരായ കലാപ്രതിഭകളുടെ സൃഷ്ടികള്‍ മ്യൂസിയത്തിന്റെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.ഇതില്‍ ഏറ്റവും വിരോധാഭാസമെന്ന് പറയാവുന്ന കാര്യം സ്ത്രീസ്വാതന്ത്ര്യവും സ്ത്രീ ശരീരവും പ്രമേയമാക്കിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച ഇവിടെ പ്രദര്‍ശിപ്പിച്ചത്. അതിനുപിന്നാലെയാണ് ഒരല്‍പ്പം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ഒരു പെണ്‍കുട്ടിയോട് മ്യൂസിയം അധികൃതര്‍ ഈ പ്രവൃത്തി ചെയ്തതത്.

france-

ചിത്രപ്രദര്‍ശനം കാണാന്‍ ജയേന്‍ ഹുവറ്റ് എന്ന യുവതി കൂട്ടുകാരിയോടൊപ്പമാണ് മ്യൂസിയത്തിലെത്തിയത്. ഫാഷനില്‍ തല്‍പരയായ ഹുവറ്റ് താന്‍ പുതിയായി വാങ്ങിയ വസ്ത്രം ധരിച്ചാണ് എത്തിയത്. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഹുവെറ്റിനെ മ്യൂസിയത്തിന്റെ മുന്നില്‍ തടഞ്ഞു. 'ഇത്തരം വേഷം' ധരിച്ച് മ്യൂസിയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. താന്‍ എന്തു ധരിക്കണമെന്നു താന്‍ തീരുമാനിക്കുമെന്നു പറഞ്ഞ യുവതി മ്യൂസിയത്തിന്റെ ഭാരവാഹികളെ വിളിക്കാനും ആവശ്യപ്പെട്ടു. ഇതോടെ സംഭവം കേട്ടുനിന്നവര്‍ ഹുവറ്റിന് അനുകൂലമായും പ്രതികൂലമായും ഇരുവശങ്ങളില്‍ അണിചേര്‍ന്ന് തര്‍ക്കം തുടങ്ങി.കാര്യങ്ങള്‍ കയ്യാങ്കളിയിലേക്കു നീങ്ങുമെന്നു മനസ്സിലായപ്പോള്‍ മ്യൂസിയം അധികൃതര്‍ ഹുവറ്റിനോട് ഗൗണിനു മുകളില്‍ ഒരു ജാക്കറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തിരിച്ച് വീട്ടിലെത്തിയ ശേഷം യുവതി മ്യൂസിയത്തില്‍ തനിക്കു നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രതിഷേധത്തിന് ഇടയാക്കിയ ചിത്രം ധരിച്ചുള്ള സെല്‍ഫിയും പോസ്റ്റ് ചെയ്തു. ഹുവറ്റിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവതരംഗമുണ്ടായി. അതേസമയം, കുറേയാളുകള്‍ തെറിവിളിയും കമന്റുമായി ഹുവറ്റിനെ പിന്തുണച്ചവരെയും ആക്രമിച്ചു. എത്ര പുരോഗമിച്ചാലും പലരും സ്ത്രീകളെ ഇപ്പോഴും വെറും 'വില്‍പനച്ചരക്കായിട്ടാണ്' കാണുന്നതെന്ന് വിമര്‍ശനങ്ങള്‍ക്കു മറുപടിയായി ഹുവറ്റ് കുറിച്ചു. സംഭവം വിവാദമാവുകയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെ മ്യൂസിയം അധികൃതര്‍ മാപ്പു പറയേണ്ടി വന്നു. ലോകത്തെവിടെയാണെങ്കിലും സ്ത്രീകളെ അവരുടെ വസ്ത്രധാരണത്തിന്റെ പേരില്‍ മോശമായി ചിത്രീകരിക്കുന്നതിന്റെ ഏറ്റവും പുതിയ സംഭവമാണ് ഹൈ മോഡേണ്‍ എന്ന് വമ്പ് പറയുന്ന പാരിസ് നഗരം കാണിച്ചുതന്നിരിക്കുന്നത്.

ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തവും പാരീസിലെ ഹോട്ട് ടൂറിസ്റ്റ് പ്ലേസുമാണ് മ്യൂസി ഡി ഓര്‍സെ മ്യൂസിയം. ഒരു കാലത്ത് റെയില്‍വേ സ്റ്റേഷനായിരുന്ന ഈ മനോഹരമായ മ്യൂസിയത്തില്‍ ഇപ്പോള്‍ ഇംപ്രഷനിസ്റ്റ് കലയുടെ അതിശയകരമായ ശേഖരവും 1848നും 1914നും ഇടയില്‍ സൃഷ്ടിച്ച മറ്റ് ആകര്‍ഷണങ്ങളുമുണ്ട്. പ്രധാനമായും ഫ്രഞ്ച് കലകളാണ് മ്യൂസിയത്തില്‍ ഉള്ളത്, അതില്‍ പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, ഫര്‍ണിച്ചര്‍, ഫോട്ടോഗ്രഫി എന്നിവ ഉള്‍പ്പെടുന്നു. വാന്‍ഗോവ് അടക്കമുള്ള പ്രഗത്ഭരായ ചിത്രകാരന്‍മാരുടെ സൃഷ്ടികളും മ്യൂസിയത്തിന്റെ വിശേഷണങ്ങളില്‍ ചിലത് മാത്രം. ലോകപ്രസിദ്ധമായ നഗ്നചിത്രങ്ങളായ ഗുസ്താവ് കോര്‍ബറ്റ്‌സിന്റെ ഗ്രാഫിക് ഒറിജിന്‍ ഓഫ് ദി വേള്‍ഡ്, എഡ്വാര്‍ഡ് മനേറ്റിന്റെ ഒളിമ്പിയ തുടങ്ങിയ ചിത്രങ്ങളും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മികച്ച സന്ദര്‍ശക സര്‍ക്കുലേഷനും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്ന മ്യൂസിയം 2009 നും 2011 നും ഇടയില്‍ ഇംപ്രഷനിസ്റ്റ് ഗാലറികളും കഫേയും ഉള്‍പ്പെടെ അതിന്റെ ഇന്റീരിയറിന്റെ ചില ഭാഗങ്ങള്‍ പുതുക്കിപ്പണിതു. പാരീസിലെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയങ്ങളിലൊന്നാണ് മ്യൂസി ഡി ഓര്‍സെ.സാധാരണയായി പ്രതിവര്‍ഷം മൂന്ന് ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു.

English Summary : Paris museum refuses entry to woman in low-cut dress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA