ADVERTISEMENT

ലോകസഞ്ചാരികളെ പ്രത്യേകിച്ച് ലോകോത്തര ഫോട്ടോഗ്രാഫർമാരെ ഏറ്റവുമധികം ആകർഷിക്കുന്ന തീരദേശ സഞ്ചാരയിടമാണ് സഫോക്ക് കോസ്റ്റ്. പ്രകൃതരമണീയതയുടെ ഉദാത്തയിടമായ സഫോക്ക് തീരദേശം സഞ്ചാരയിടം എന്നതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. സഫോക്ക് കോസ്റ്റിലെ ജോലിക്കിടയില്‍ മുന്നില്‍ തെളിഞ്ഞ കാഴ്ച കണ്ട് ഇവിടുത്തെ നിർമാണത്തൊഴിലാളികൾ ഞെട്ടിയിരിക്കുകയാണ്. ഏഴാം നൂറ്റാണ്ടില്‍ നിർമിച്ചതെന്നു കരുതുന്ന ഇരുന്നൂറോളം കല്ലറകൾക്കുമേല്‍ മണലില്‍ കൊത്തിവച്ച പോലെ പ്രേത രൂപങ്ങള്‍ തെളിഞ്ഞു വന്നിരിക്കുന്നു!

ആംഗ്ലോ-സാക്സൺ സമൂഹത്തിന്‍റെ ശ്മശാനം

സഫോക്കിലെ ലോസ്റ്റോഫ്റ്റിനടുത്തുള്ള ഓൾട്ടണില്‍ സ്ഥിതിചെയ്യുന്ന 1,500 വർഷം പഴക്കമുള്ള ഈ സെമിത്തേരി കര്‍ഷകരായ ഒരു വിഭാഗം ആംഗ്ലോ-സാക്സൺ സമൂഹത്തിന്‍റെ ശ്മശാനമായിരുന്നു. കാലപ്പഴക്കം കാരണം അസ്ഥികൂടങ്ങള്‍ ദ്രവിച്ച് അവ കിടന്നിരുന്ന അതേ ആകൃതിയില്‍ മണ്ണ് രൂപപ്പെട്ടതാണ് ഈ രൂപങ്ങള്‍ തെളിയാന്‍ കാരണമായത്. അസിഡിറ്റി കൂടിയ ഈ മണ്ണില്‍ എല്ലുകള്‍ പോലും ശേഷിക്കുന്നില്ല. എല്ലാം പൊടിഞ്ഞ് മണ്ണോടു മണ്ണായി. ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലമായതിനാല്‍, എല്ലുകൾ കിടന്നിരുന്നിടത്തെ മണ്ണിൽ പതിഞ്ഞ പാട് മായാതെ അങ്ങനെതന്നെ കിടന്നിരുന്നു.

ആകെ 17 ശവംദഹിപ്പിക്കലും 191 മറവുചെയ്യലുകളുമാണ് ഇവിടെ നടന്നിട്ടുള്ളതെന്നു ഖനനം നടത്തിയ ആർക്കിയോളജിക്കൽ സൊല്യൂഷൻസ് ലിമിറ്റഡിലെ ആൻഡ്രൂ പീച്ചി പറയുന്നു. നിരവധി വസ്തുക്കളും ഇവിടെനിന്നു ഖനന സംഘം കണ്ടെത്തി. കുന്തിരിക്കം, ഗ്ലാസ് മുത്തുകൾ, വെള്ളിനാണയങ്ങള്‍, റിസ്റ്റ് ക്ലാസ്പ്സ്, കോപ്പർ-അലോയ് ബ്രൂച്ചുകൾ, ചെറിയ ഇരുമ്പ് കത്തികൾ എന്നിവ അവയിൽ പെടുന്നു. പല ശവക്കുഴികളിലും മൺപാത്രങ്ങൾ, വാൾ, ഇരുമ്പ് കുന്തമുന, പരിച എന്നിവയടക്കം വിവിധ ആയുധങ്ങളും ഉണ്ടായിരുന്നു.

ആഭരണങ്ങളും നിധികളുമൊക്കെ അടക്കം ചെയ്ത് ശവസംസ്കാരം

ആറും ഏഴും നൂറ്റാണ്ടുകളിലെ രണ്ട് ശ്മശാനങ്ങൾ ഉൾക്കൊള്ളുന്ന പ്രശസ്തമായ രാജകീയ ആംഗ്ലോ-സാക്സൺ ശ്മശാനമായ സട്ടൺ ഹൂവിൽ നിന്ന് 40 മൈൽ അകലെയാണ് ഈ സെമിത്തേരി. ആഭരണങ്ങളും നിധികളുമൊക്കെ അടക്കം ചെയ്ത് ശവസംസ്കാരം നടത്തിയവരായിരുന്നു അവര്‍. അവരുടെ ഒരു സെമിത്തേരിയിൽ ഒരു കപ്പൽ പോലും ഉണ്ടായിരുന്നു. സട്ടൺ ഹൂവിൽനിന്ന് കണ്ടെത്തിയ കരകകൗശല വസ്തുക്കൾ സ്കാൻഡിനേവിയൻ, ഫ്രാങ്കിഷ് സംസ്കാരങ്ങളുടെ വ്യക്തമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. ചില ഇനങ്ങൾക്കാവട്ടെ, കിഴക്കൻ മെഡിറ്ററേനിയനിലെ ബൈസന്റൈൻ സാമ്രാജ്യവുമായി ബന്ധമുണ്ട്.

ആംഗ്ലോ-സാക്സൺ രാജ്യമായ ഈസ്റ്റ് ആംഗ്ലിയയിലെ രാജാവായിരുന്ന റെയ്ഡ്വാൾഡിന്‍റെ അന്ത്യവിശ്രമ കേന്ദ്രമാണ് സട്ടൺ ഹൂ എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ ഇംഗ്ലിഷ് കൗണ്ടികളായ നോർഫോക്ക്, സഫോക്ക് എന്നിവ ഉൾപ്പെടുന്നതായിരുന്നു ഈസ്റ്റ് ആംഗ്ലിയ. സട്ടൺ ഹൂവിലെപ്പോലെത്തന്നെ ഓൾട്ടണിലെ സെമിത്തേരി ഉപയോഗിച്ചിരുന്ന സമൂഹത്തിനും ഈ പറഞ്ഞ സംസ്കാരങ്ങളുമായി ബന്ധമുണ്ടായിരിക്കാം എന്നാണു കരുതുന്നത്.

സഞ്ചാരികൾക്കും കാണാം ഖനന ഉൽപന്നങ്ങൾ

സാധാരണ ഇത്തരത്തിൽ കിട്ടുന്ന ഖനന ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് എപ്പോഴും കാഴ്ചയ്ക്കായി കിട്ടണമെന്നില്ല. എന്നാൽ സഫോക്ക് കൗണ്ടി കൗൺസിലിന്‍റെ തീരുമാനപ്രകാരം, ഇവിടെനിന്നു ലഭിച്ച എല്ലാ കരകൗശല വസ്തുക്കളും വിശകലനത്തിന് വിധേയമാക്കും. അതിനുശേഷം കൂടുതൽ ഗവേഷണം നടത്തുകയും എല്ലാ കണ്ടെത്തലുകളും സൂക്ഷ്മമായി രേഖപ്പെടുത്തുകയും ചെയ്യും. സഫോക്ക് കൗണ്ടി കൗൺസിലിന്‍റെ ആർക്കിയോളജി വിഭാഗത്തില്‍ ഇവ ശേഖരിക്കും. ക്രമേണ, ഈ ഇനങ്ങൾ മറ്റ് ഗവേഷകർക്കും പ്രാദേശിക മ്യൂസിയങ്ങൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശിപ്പിക്കും. അങ്ങനെയാണെങ്കിൽ സഫോക്കിലെ ടൂറിസത്തിന് പുതിയൊരു മുതൽക്കൂട്ടാകും ഈ ചരിത്ര വസ്തുക്കൾ.

English Summary: 1,500 year old cemetery discovered near Suffolk coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com