ADVERTISEMENT

നദിയില്‍ ഒളിപ്പിച്ചു വച്ച ആയിരം ശിവലിംഗങ്ങള്‍. ഒപ്പം പാറകളില്‍ മനോഹരമായ കൊത്തുപണികളും. പ്രകൃതി ഒരുക്കുന്ന പച്ചപ്പും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തില്‍ അങ്ങനെയൊരു പ്രദേശത്ത് ഇരിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ. എത്ര മനോഹരമായ അനുഭവമായിരിക്കും, അല്ലേ? കംബോഡിയയിലെ ചരിത്രമുറങ്ങുന്ന അങ്കോറിന്‍റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമായ കബാൽ സ്‌പീൻ നദിയാണ് സഞ്ചാരികള്‍ക്കായി ഈ സുന്ദരമായ അനുഭവം ഒരുക്കിവച്ചിരിക്കുന്നത്.

കുലെയ്ൻ പർവതങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി ഫ്നോം കുലെൻ ദേശീയ ഉദ്യാനത്തിനുള്ളിലാണ് ഈ സ്ഥലം. നഗരകേന്ദ്രത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. മനോഹരമായ കംബോഡിയൻ ഗ്രാമപ്രദേശങ്ങളും വിശാലമായ നെൽവയലുകളുമെല്ലാം കടന്നുള്ള യാത്ര തന്നെ അവിസ്മരണീയമായ അനുഭവമാണ്. പതിയെ ഡ്രൈവ് ചെയ്ത് വേണം പോകാന്‍.  ബാന്റേ ശ്രീ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ഒരു റോഡിലൂടെ കാര്‍ പാര്‍ക്കിംഗിലെത്തിയ ശേഷം ഏകദേശം 2 കിലോമീറ്റർ കാട്ടിനുള്ളിലൂടെ കയറ്റം കയറി നടക്കണം. വഴിയില്‍ വെള്ളച്ചാട്ടവും കൊത്തുപണികളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ സ്ഥലമെത്തി എന്ന് മനസിലാക്കാം. കംബോഡിയ സന്ദര്‍ശിക്കുമ്പോള്‍ ഒരുദിവസം മുഴുവന്‍ മാറ്റി വെച്ചാലേ ഇവിടം മുഴുവനായും കണ്ടു തീര്‍ക്കാനാവൂ.

Kbal-Spean
Mhao Studio/Shutterstock

നദീതീരത്തിലെയും തീരങ്ങളിലെയും മണൽക്കല്ലുകളില്‍ നിരവധി കൊത്തുപണികൾ കാണാം. നദിയിലെ അതിപ്രശസ്തമായ ശിവലിംഗങ്ങള്‍ കാരണം 'ആയിരം ലിംഗങ്ങളുടെ നദി' എന്നാണ് കബാല്‍ സ്പീന്‍ അറിയപ്പെടുന്നത്. ഖെമറിലെ ‘ബ്രിഡ്ജ് ഹെഡ്’ എന്നും ഇവിടം വിശേഷിപ്പിക്കപ്പെടുന്നു. ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ലക്ഷ്മി, രാമന്‍, ഹനുമാൻ എന്നീ ഹൈന്ദവദേവതകള്‍, പശുക്കള്‍, തവളകള്‍ മുതലായ  ജീവികള്‍, വിവിധ ഹിന്ദു പുരാണകഥകള്‍ എന്നിവയും ഈ കൊത്തുപണികളില്‍ കാണാം.

1969 ൽ എത്‌നോളജിസ്റ്റായ ജീൻ ബോൾബെറ്റ് ആണ് ഈ പ്രദേശം കണ്ടെത്തിയത്. അദ്ദേഹത്തിന് ഈ സ്ഥലം കാണിച്ചുകൊടുത്തത് ഒരു സന്യാസിയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഉദയാദിത്യവർമ്മൻ രണ്ടാമൻ രാജാവിന്‍റെ കാലത്താണ് ഈ പ്രദേശം ഇങ്ങനെ രൂപപ്പെടുത്തിയെടുത്തതെന്ന് ഇവിടെയുള്ള ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന സൂര്യവർമ്മൻ ഒന്നാമന്‍റെ ഒരു മന്ത്രിയായിരുന്നത്രേ 1,000 ലിംഗങ്ങൾ എന്ന ആശയത്തിന് പിന്നില്‍. ഈ പ്രദേശത്ത് താമസിച്ചിരുന്ന സന്യാസിമാർ ആയിരുന്നു ശിവലിംഗങ്ങള്‍ കൊത്തിയെടുത്തത്. എ.ഡി 1059-ൽ ഉദയാദിത്യവർമ്മൻ രണ്ടാമൻ രാജാവ് ഇവിടെ ഒരു സ്വർണ്ണ ലിംഗം സമർപ്പിച്ചുവെന്നും പരാമർശമുണ്ട്. അങ്കോറിലേക്ക് ഒഴുകുന്ന സീം റീപ് നദി, ഈ ലിംഗങ്ങളാൽ അനുഗ്രഹീതമാണെന്നും വിശ്വസിക്കപ്പെടുന്നു. 

രാവിലെ 8 മുതൽ വൈകുന്നേരം 3 വരെയാണ് സന്ദര്‍ശകര്‍ക്കായുള്ള സമയം. കാല്‍നടയായി യാത്ര ചെയ്യേണ്ടതിനാല്‍ മികച്ച ഒരു  സ്പോർട്സ് ഷൂ തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. പ്രവേശന കവാടത്തിൽത്തന്നെ രുചികരമായ കംബോഡിയൻ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകൾ കാണാം. ഈ യാത്രയില്‍ തന്നെ സന്ദര്‍ശിക്കാവുന്ന മറ്റൊരു സ്ഥലമാണ് ഫ്നോം കുലെൻ നാഷണൽ പാർക്ക്. 

ജൂലൈ മുതൽ ഡിസംബർ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary: Kbal Spean the mystery waterfall 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com