ADVERTISEMENT

കാലങ്ങളായി നിരവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമായിട്ടുള്ളവയാണ് അഗ്നിപര്‍വ്വതങ്ങള്‍. ലോകമെമ്പാടുമായി 1,500 ഓളം അഗ്നിപർവ്വതങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. അവയില്‍ പലതിലും ഉണ്ടായ പൊട്ടിത്തെറികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. 

 

അഗ്നിപര്‍വ്വതങ്ങള്‍ തീ വര്‍ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്ന നിരവധി ചിത്രങ്ങളുണ്ട്. ഓറഞ്ച്, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ തീയും ഒഴുകിയിറങ്ങുന്ന ലാവയുമെല്ലാമായിട്ടാണ് ആ കാഴ്ച നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ നീല നിറമുള്ള തീജ്വാലകളും ലാവയുമെല്ലാം പുറത്തുവിടുന്ന ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

 

Kawah-Ijen3
Nattee Chalermtiragool/Shutterstock

സജീവമായ അഗ്നിപർവ്വതങ്ങളുടെ ആധിപത്യമുള്ള ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് നീലത്തീ തുപ്പുന്ന ആ അഗ്നിപര്‍വ്വതം സ്ഥിതിചെയ്യുന്നത്. അഗ്നിപർവ്വത സ്‌ഫോടന ഫലമായിത്തന്നെ രൂപപ്പെട്ട ജാവയിലാണ് മിക്ക അഗ്നിപർവ്വതങ്ങളും കാണപ്പെടുന്നത്. വലുപ്പത്തില്‍, ലോകത്തിലെ ദ്വീപുകളില്‍ വച്ച് പതിമൂന്നാം സ്ഥാനമുള്ള ജാവയിൽത്തന്നെയാണ് നീല ലാവ വിതറുന്ന കവ ഇജെൻ അഗ്നിപർവ്വതവുമുള്ളത്.

 

സജീവമായ 'സോൾഫതാര' അഥവാ നാച്ചുറല്‍ വോള്‍ക്കാനിക്ക് സ്റ്റീം വെന്റുകളുടെ സാന്നിദ്ധ്യമാണ് ഈ നീലനിറത്തിനു കാരണം. ഇതില്‍ നിന്നും വരുന്ന വാതകങ്ങളില്‍ ഉയർന്ന അളവിൽ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അഗ്നിപർവ്വതത്തിലെ വിള്ളലുകളിൽ നിന്ന് പുറത്തേക്ക് വരുന്ന ഈ വാതകങ്ങൾ ഓക്സിജൻ സമ്പുഷ്ടമായ അന്തരീക്ഷ വായുവുമായി സമ്പർക്കം പുലർത്തുമ്പോൾ അവ കത്തുകയും നീല ജ്വാലയ്ക്ക് കാരണമാവുകയും ചെയ്യുന്നു. 

 

ഈ വാതകങ്ങളില്‍ ഒരു ഭാഗം ദ്രാവക സൾഫറായി ഘനീഭവിക്കുകയും താഴേക്ക് ഒഴുകുകയും ചെയ്യുന്നു, ഇത് നീല ലാവയായി കാണപ്പെടുന്നു. പകൽ മുഴുവൻ കത്തുന്നുണ്ടെങ്കിലും രാത്രിയിലാണ് ഇത് ഏറ്റവും നന്നായി കാണാനാവുക. അതിനാൽ, നീലത്തീ കാണാന്‍ എത്തുന്ന മിക്ക സന്ദർശകരും അസ്തമയശേഷമാണ് യാത്രക്കായി തെരഞ്ഞെടുക്കുന്നത്.

 

ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗർത്ത തടാകവും ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്. ഉയർന്ന അളവിൽ അലിഞ്ഞുചേര്‍ന്ന ലോഹങ്ങളുടെ സാന്നിദ്ധ്യം മൂല നീലകലർന്ന മനോഹരമായ പച്ച നിറമാണ് തടാകത്തിലെ ജലതിനുള്ളത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള വാതകങ്ങൾ വെള്ളവുമായി പ്രതിപ്രവർത്തിക്കുമ്പോള്‍ അതിന്‍റെ പി.എച്ച് മൂല്യം 0.5 കുറയുന്നു. 

 

നിലവില്‍ ഇവിടം സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ക്കായി നിരവധി അവസരങ്ങളുണ്ട്. ടൂര്‍ കമ്പനികളും മറ്റും ഇവിടേക്ക് ട്രെക്കിംഗ് യാത്രകള്‍ ഒരുക്കുന്നുണ്ട്‌.  വര്‍ഷം മുഴുവന്‍ ഇവിടെ ട്രെക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്. ട്രെക്കിംഗിനായി പ്രത്യേകം നിശ്ചയിക്കപ്പെട്ട ഒരു പാത ഇല്ലാത്തതിനാലും അഗ്നിപര്‍വ്വതം സജീവമായതിനാലും ഒരു പ്രാദേശിക ഗൈഡിനെ കൂടെ കൂട്ടുന്നതാണ് സുരക്ഷിതം. രാത്രിസമയങ്ങളിലുള്ള യാത്ര, പകല്‍സമയത്തെ അസഹ്യമായ ചൂട് കുറയ്ക്കാന്‍ സഹായിക്കും. 

അഗ്നിപർവ്വതം സന്ദർശിക്കാൻ പോകുമ്പോള്‍ ഗ്യാസ് മാസ്കും സുരക്ഷാഗിയറും കൂടെ കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.

English Summ,ary: Indonesia's Blue Fire Volcano, Kawah Ijen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com