താമസം നടുകടലിൽ, മത്സ്യം വിൽക്കാനായി കരയിലെത്തും, അദ്ഭുതമാണ് ഈ ജനതയുടെ ജീവിതം

Sabah-Malaysia
muhd fuad abd rahim/shutterstock
SHARE

ഊണും ഉറക്കവും ഉണര്‍വ്വുമെല്ലാം കടലിനു നടുവില്‍. ബജാവു വിഭാഗത്തില്‍പ്പെട്ട നാടോടിജനതയുടെ ജീവിതം തലമുറകളായി കടലിന്‍റെ കനിവിലാണ്. സമുദ്രജലമാണ് അവരുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. ഇടയ്ക്ക് വിപണനാവശ്യങ്ങള്‍ക്കും അവശ്യസാധനസേവനങ്ങള്‍ക്കും വേണ്ടി മാത്രം കരയിൽ കാലെടുത്തുവയ്ക്കുന്നവരാണ് ഇക്കൂട്ടര്‍.

കടലിനു നടുവിലാണ് പലപ്പോഴും ഇക്കൂട്ടര്‍ ജനിച്ചു വീഴുന്നത് തന്നെ. വളരെ ചെറുപ്പം മുതല്‍ക്കേ ജലവുമായി സൗഹൃദത്തിലാകുന്ന ബജാവു കുട്ടികള്‍ കാലക്രമേണ മികച്ച നീന്തല്‍ വിദഗ്ധരായി മാറുന്നു. ആഴങ്ങളിലേക്ക് ഊളിയിടാനും മത്സ്യങ്ങളെ പിടിക്കാനും അവര്‍ക്ക് പ്രത്യേക സാമര്‍ത്ഥ്യം തന്നെ ഉണ്ടാകും. 

Sabah-Malaysia3
Reza Zaenong/Shutterstock

ഇന്തോനേഷ്യ, മലേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ, ഫിലിപ്പൈൻസ്, സോളമൻ ദ്വീപുകൾ, തിമോർ-ലെസ്റ്റെ തുടങ്ങിയ ഇടങ്ങളിലായി പരന്നുകിടക്കുന്ന ജൈവസമൃദ്ധമായ കോറല്‍ ട്രയാംഗിള്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്താണ് ഇവര്‍ ജീവിക്കുന്നത്. ഏകദേശം നാല് ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയില്‍ സ്രാവുകൾ, ആമകൾ, ട്യൂണ, തിമിംഗലങ്ങൾ, റീഫ് ഫിഷ് തുടങ്ങിയ, വൈവിധ്യമാർന്നതും അപൂര്‍വ്വവുമായ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഉഷ്ണമേഖലാ സമുദ്രപ്രദേശമാണ് ഇവിടം. 

ലോകത്ത് അറിയപ്പെടുന്ന പവിഴ ഇനങ്ങളിൽ 76% ഉള്ളത് ഈ പ്രദേശത്താണ്.ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവും കൊയ്‌ലകാന്തും അടക്കം  മൂവായിരത്തിലധികം ഇനം മത്സ്യങ്ങൾ ഇവിടെ വസിക്കുന്നു. ലോകത്തിലെ ഏഴ് സമുദ്ര കടലാമ ഇനങ്ങളിൽ ആറെണ്ണവും ഇവിടെയാണ്‌ ഉള്ളത്.

ഇവിടെ കാണപ്പെടുന്ന പല ജീവിവർഗങ്ങളും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയാണ്. പക്ഷേ, അതൊന്നും ബജാവു ജനതയെ മത്സ്യബന്ധനം നടത്തുന്നതിൽ നിന്ന് തടയുന്നില്ല. ഇത് ഇത്തരം ജീവികള്‍ വീണ്ടും നശിക്കാന്‍ കാരണമാകുന്നു. മത്സ്യബന്ധനത്തിനായി ബജാവു ജനത ഉപയോഗിക്കുന്ന ഡൈനാമൈറ്റ്, സയനൈഡ് പോലെയുള്ള വസ്തുക്കളും ഇത്തരം ജീവികളെ അപകടത്തിലാക്കുന്നു. 

Sabah-Malaysia1

തലമുറകളായി കുന്തം ഉപയോഗിച്ചാണ് പ്രധാനമായും ഇവരുടെ മീന്‍പിടിത്തം, അതില്‍ അവര്‍ ഏറെ പ്രഗത്ഭരാണ് താനും. നീരാളികള്‍ പോലുള്ളവയെ കടലിനടിയില്‍ നീന്തിച്ചെന്നു പിടിക്കാനും അവര്‍ മിടുക്കരാണ്. വില്‍ക്കുമ്പോള്‍ കൂടുതല്‍ വില ലഭിക്കും എന്നതിനാല്‍ മത്സ്യങ്ങളെ ജീവനോടെ പിടിച്ചെടുക്കാനാണ് ഇവര്‍ കൂടുതലും ശ്രമിക്കുന്നത്. തങ്ങൾ പിടിക്കുന്ന മത്സ്യം ഹോങ്കോംഗ് ആസ്ഥാനമായുള്ള മത്സ്യബന്ധന കമ്പനികൾക്ക് വിൽക്കുന്നതിലൂടെ ഇവര്‍ ധാരാളം പണം സമ്പാദിക്കുന്നു. 

കൂടുതല്‍ മത്സ്യങ്ങളെ പിടിക്കുന്നതിനായി കമ്പനികള്‍ ഇവര്‍ക്ക് രാസവസ്തുക്കളും മത്സ്യബന്ധന ഉപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം കമ്പനികളുടെ കടം വീട്ടാന്‍ ആവശ്യമായ രീതിയില്‍ മത്സ്യബന്ധനം നടത്താന്‍ പലപ്പോഴും ബജാവുകള്‍ക്ക് കഴിയാറില്ല. അതിനുവേണ്ടി അമിതമായ മത്സ്യബന്ധനം നടത്താന്‍ അവര്‍ നിര്‍ബന്ധിതരാവുന്നതും ജീവികളുടെ നാശത്തിനു വഴിയൊരുക്കുന്നു. 

സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ച് പഠിപ്പിച്ചാൽ ബജാവുകള്‍ പ്രകൃതിസംരക്ഷണത്തിനു മുന്‍ഗണന നല്‍കുമെന്ന പ്രതീക്ഷയില്‍ കൺസർവേഷൻ ഇന്റർനാഷണൽ പോലുള്ള നിരവധി സംഘടനകൾ ഇവര്‍ക്കിടയില്‍ ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നുണ്ട്.

പരമ്പരാഗതമായി തങ്ങളുടെ ജീവിതകാലം മുഴുവൻ ബോട്ടുകളിലായിരുന്നു ബജാവു ജനതയുടെ ജീവിതം. തങ്ങള്‍ പിടിച്ച മത്സ്യം വിൽക്കാൻ മാത്രമേ അവർ കരയിലെത്തുമായിരുന്നുള്ളൂ. ലെപ ലെപ എന്ന് വിളിക്കുന്ന പ്രത്യേക തരം ബോട്ടുകളിലാണ് ഇവരുടെ താമസം. ഇത് മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കും. പിന്‍വശം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നു, മധ്യഭാഗം ഉറങ്ങാനും ബോട്ടിന്‍റെ മുൻവശം മത്സ്യബന്ധനത്തിനുമായി ഉപയോഗിക്കുന്നു.

എന്നാൽ ഇപ്പോള്‍ കരയില്‍ താമസത്തിനായി വീടുകൾ ഉണ്ടാക്കുന്നത് അവരുടെ ഇടയില്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കരയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊയ്‌ക്കാല്‍ വീടുകളാണ് ഇവയില്‍ കൂടുതലും. പകുതി കരയിലും പകുതി ജലത്തിലുമായി കിടക്കുന്ന ഇത്തരം വീടുകളില്‍ നിന്ന് ബജാവുകള്‍ പൂര്‍ണ്ണമായും കരയിലേക്ക് താമസം മാറുന്ന കാലം വിദൂരമല്ല. 

കൂടാതെ, ഇന്തോനേഷ്യൻ സർക്കാർ തന്നെ മുന്‍കയ്യെടുത്ത് നിരവധി ബജാവുകളെ കരയിലെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനിറങ്ങുമ്പോൾ പല അന്താരാഷ്ട്ര അതിർത്തികളും കടക്കുന്നതിനാല്‍ പലപ്പോഴും മറ്റു രാജ്യങ്ങളുമായി തര്‍ക്കങ്ങള്‍ ഉണ്ടാവാനും കാരണമാകാറുണ്ട്. കരയിലുള്ള ജീവിതമാകട്ടെ, പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്‌ ഇവര്‍ക്ക്. സ്വന്തം സംസ്കാരമനുസരിച്ച് മറ്റു ജനവിഭാഗങ്ങളുമായി ഇടപഴകി ജീവിക്കാന്‍ അവര്‍ പഠിച്ചിട്ടില്ല, മാത്രമല്ല അവരുടെ രീതികള്‍ മറ്റു വിഭാഗക്കാര്‍ക്ക് സ്വീകാര്യവുമല്ല.

ബജാവു കുട്ടികൾ കൂടുതലും അടുത്തുള്ള ചില നഗരങ്ങളിലെ ബോട്ടുകളിൽ ജോലി തേടിപ്പോവുകയാണ്. പ്രായപൂർത്തിയാകുമ്പോഴേക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തങ്ങളുടെ ബജാവു ജീവിതം ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ് അവര്‍. അങ്ങനെയാണെങ്കില്‍ കടലില്‍ ജീവിക്കുന്ന അവസാനത്തെ ബജാവുകള്‍ ഇപ്പോള്‍ ഈ വിഭാഗത്തില്‍ ജീവിച്ചിരിപ്പുള്ള മുതിര്‍ന്നവരായ ആളുകളായിരിക്കും.

English Summary: Bajau Malaysian Land Built Homes Ocean

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA