ADVERTISEMENT

കാറ്റടിക്കുമ്പോള്‍ മണിനാദം മുഴക്കുന്ന 'വിന്‍ഡ് ചൈമു'കള്‍ ഇന്ന് മിക്ക വീടുകളിലും സാധാരണമാണ്. കാറ്റു വീശുന്ന ദിശയില്‍ തൂക്കിയിട്ടാല്‍ കര്‍ണ്ണാനന്ദകരമായ സംഗീതം പൊഴിക്കുന്ന ഇതിന്‍റെ ഒരു ഭീമന്‍ രൂപമാണ് യുകെയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൂന്നു മീറ്ററോളം ഉയരത്തില്‍, ഗാല്‍വനൈസ് ചെയ്ത 320 സ്റ്റീല്‍ പൈപ്പുകള്‍ 21 പാളികളിലായി പ്രത്യേക രീതിയില്‍ ക്രമീകരിച്ച് നിര്‍മിച്ച ഈ സംഗീത ഉപകരണം ഓരോ തവണ കാറ്റു വീശുമ്പോഴും ആ പ്രദേശം മുഴുവന്‍ കേള്‍ക്കാവുന്ന സുന്ദരമായ മണിനാദം മുഴക്കും!

ഒരു മരത്തിന്‍റെ ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ നിര്‍മ്മിതിക്ക് 'സിംഗിംഗ് റിംഗിങ്ങ് ട്രീ' എന്നാണു പേര്. ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ പെന്നൈൻ ഹിൽ റേഞ്ചിലാണ് ഈ മനോഹരമായ അനുഭവം ഒരുക്കിയിട്ടുള്ളത്. 

ഈസ്റ്റ് ലങ്കാഷെയർ എൻവയോൺമെന്റൽ ആർട്സ് നെറ്റ്‌വർക്കി (ELEAN) ന്‍റെ ഒരു പ്രോജക്ടിന്‍റെ ഭാഗമായി നിര്‍മ്മിച്ച നാല് ശില്പങ്ങളില്‍ ഒന്നാണിത്. ഈസ്റ്റ് ലങ്കാഷെയറിലുടനീളം നവോത്ഥാനത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഘടനകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ആ പ്രോജക്ടിന്‍റെ ലക്ഷ്യം. 

Singing-Ringing-Tree

വാസ്തുശില്പികളായ മൈക്ക് ടോങ്കിൻ, അന്ന ലിയു എന്നിവർ ചേര്‍ന്നാണ് സിംഗിംഗ് റിംഗിംഗ് ട്രീ രൂപകൽപ്പന ചെയ്തത്. കാറ്റു വീശുമ്പോള്‍ ശബ്ദം പുറത്തുവരുന്ന രീതിയില്‍ ഗാൽവനൈസ്ഡ് സ്റ്റീല്‍ പൈപ്പുകൾ വ്യത്യസ്ത രീതിയില്‍ മുറിച്ചും ക്രമീകരിച്ചുമാണ് ഇത് നിര്‍മ്മിച്ചത്. അടിവശത്ത് ദ്വാരങ്ങളിട്ട്, നീളം അനുസരിച്ച് ട്യൂൺ ചെയ്തതാണ് ഓരോ പൈപ്പുകളും. 

2007 ൽ ഈ നിര്‍മ്മിതിക്ക് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്റ്റിന്റെ (റിബ) വാസ്തുവിദ്യാ മികവിനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ഇതിന്‍റെ ജനപ്രിയത തിരിച്ചറിഞ്ഞതോടെ 2017 മാർച്ചിൽ, അമേരിക്കയിലെ ടെക്സസിലുള്ള മാനർ പട്ടണത്തിനരികില്‍ രണ്ടാമത്തെ സിംഗിംഗ് റിംഗിംഗ് ട്രീയും സ്ഥാപിക്കപ്പെട്ടു. രണ്ടിടത്തും ഈ അത്ഭുതസംഗീതം കേള്‍ക്കാനും അനുഭവിക്കുന്നതിനുമായി നിരവധി സഞ്ചാരികളാണ് പ്രതിദിനം എത്തുന്നത്.

English Summary: Singing Ringing Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com