ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അഗ്നിപര്‍വ്വതജന്യ ദ്വീപായ സർട്ട്സിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ലാത്ത ഈ ദ്വീപ്‌ സ്ഥിതിചെയ്യുന്നത് ഐസ്‌ലാൻഡിന്റെ തെക്കേ അറ്റത്ത് വെസ്റ്റ്‌മന്നയ്ജാർ ദ്വീപുസമൂഹത്തിലാണ്. 

Surtsey-Island1
DanielFreyr/Shutterstock

 

സമുദ്രനിരപ്പിൽ നിന്ന് 130 മീറ്റർ താഴെയുണ്ടായ ഒരു അഗ്നിപർവ്വത സ്‌ഫോടനത്തില്‍ രൂപംകൊണ്ട ഈ ദ്വീപ്‌ 1963 നവംബർ 14 നാണ് ഭൂമിയുടെ  ഉപരിതലത്തിലേക്ക് പൊങ്ങി വന്നത്. ഈ വഴിക്ക് കപ്പലില്‍ യാത്ര ചെയ്യുകയായിരുന്ന ചില യാത്രികര്‍ ഈ പ്രദേശത്ത് നിന്നും പുക ഉയരുന്നത് കാണുകയും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ അതൊരു പുതിയ ദ്വീപിന്‍റെ പിറവിയാണെന്ന് തെളിയുകയുമായിരുന്നു.

 

1967 ജൂൺ 5 വരെ മൂന്നര വര്‍ഷം തുടര്‍ന്ന ഈ പൊങ്ങിവരലിനു ശേഷം ദ്വീപ് അതിന്‍റെ പരമാവധി വലുപ്പമായ 2.7 ചതുരശ്ര കിലോമീറ്ററിലേക്കെത്തി. 

 

പിന്നീട് മണ്ണൊലിപ്പ് മൂലം ദ്വീപിന്‍റെ വലിപ്പം ക്രമാതീതമായി കുറഞ്ഞു. പൊട്ടിത്തെറി അവസാനിച്ച ശേഷമുള്ള 20 വർഷത്തിനിടയിൽ, ദ്വീപിന് ഒരു മീറ്ററോളം ഉയരം കുറഞ്ഞതായി പഠനങ്ങള്‍ വെളിപ്പെടുത്തി. 2012 ലെ കണക്കനുസരിച്ച് ദ്വീപിന്‍റെ ഉപരിതല വിസ്തീർണ്ണം 1.3 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. ഏറ്റവും പുതിയ സർവേ പ്രകാരം ദ്വീപിനു സമുദ്രനിരപ്പിൽ നിന്ന് 155 മീറ്റർ ആണ് ഉയരം.

 

നോർസ് പുരാണത്തിലെ ഭീമാകാരമായ രൂപമുള്ള സര്‍ട്ടര്‍ എന്ന കഥാപാത്രത്തിന്‍റെ പേരാണ് ഈ ദ്വീപിന് നൽകിയിരിക്കുന്നത്. ഈ ദ്വീപ് വളരെക്കാലമായി സംരക്ഷിക്കപ്പെടുന്ന ഒരു മേഖലയാണ്. ഗവേഷകര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. ഇവിടെ ജീവജാലങ്ങളുടെ സ്വാഭാവികമായ ഒരു ആവാസവ്യവസ്ഥ ഉണ്ടായി വരുന്ന പ്രക്രിയയെക്കുറിച്ച് ശാസ്ത്രജ്ഞർ പലവിധ ഗവേഷണങ്ങളും നടത്തിവരികയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ ഒരു 'പ്രകൃതിദത്ത ഗവേഷണശാല' എന്നാണ് ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത്. 

 

പഠനങ്ങള്‍ക്കായി ഗവേഷകർ താമസത്തിനായി ഉപയോഗിക്കുന്ന ഒരു ചെറിയ പ്രീ ഫാബ്രിക്കേറ്റഡ് കുടില്‍ മാത്രമാണ് ഇവിടെയുള്ളത്. ഇതിനുള്ളിലാകട്ടെ, എമര്‍ജന്‍സി റേഡിയോയും പ്രധാന ഇലക്ട്രോണിക്സ് ഉപകരണങ്ങളും കുറച്ച് ബങ്ക് ബെഡുകളും ഒരു സൗരോർജ്ജ സ്രോതസ്സുമാണ് ഉള്ളത്.  കുടിലിൽ ഉൾപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ലൈറ്റ്ഹൗസിന്‍റെ അവശിഷ്ടങ്ങളും ഇവിടെ കാണാം. 2009 ൽ കാലാവസ്ഥാ നിരീക്ഷണത്തിനായി ഒരു കാലാവസ്ഥാ സ്റ്റേഷനും ഒരു വെബ്‌ക്യാമും ഇവിടെ സ്ഥാപിച്ചിരുന്നു.

 

നിലവിലെ മണ്ണൊലിപ്പ് നിരക്ക് കണക്കിലെടുത്താല്‍ 2100 ആവുന്നതോടെ ദ്വീപ് സമുദ്രനിരപ്പിലോ അതിനു താഴെയോ ആയിരിക്കുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അതിനു ശേഷം ഏതാനും നൂറ്റാണ്ടുകള്‍ കൂടി നിലനിന്നേക്കാവുന്ന ദ്വീപ്‌ പിന്നീട് നാമവശേഷമായേക്കാം.

English Summary:T he Mysterious Emergence of This 50 Year Old Surtsey Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com