ADVERTISEMENT

പ്രകൃതിദൃശ്യങ്ങളുടെ കാര്യത്തിൽ സമ്പന്നമാണ് ക്രൈമിയ. എന്നാൽ ഇവിടുത്തെ ഒരു താഴ്‌വര അറിയപ്പെടുന്നത് പ്രേതങ്ങളുടെ താഴ്‌വര എന്നാണ്. എങ്ങനെയാണ് ആ പേരു വന്നതെന്നു നോക്കാം.

ആലുസ്തയുടെ സമീപത്തുള്ള ഡെമെർഡ്‌ഷി പർവതത്തിന്റെ ചരിവിലാണ് ഗോസ്റ്റ്സ് വാലി അഥവ പ്രേത താഴ്‌വര സ്ഥിതി ചെയ്യുന്നത്. ആലുസ്തയിലെ ഏറ്റവും രസകരമായ പ്രകൃതി ആകർഷണങ്ങളിൽ ഒന്നാണിത്. തീർച്ചയായും സന്ദർശിക്കേണ്ടയിടം. ഈ സ്ഥലത്ത് പ്രകൃതി അസാധാരണമായ ശിലാരൂപങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ആളുകളുടെയും മൃഗങ്ങളുടെയും ആകൃതികളോട് സാമ്യമുള്ളതാണവ. കല്ലുകൾ മാത്രമല്ല, അവയുടെ നിഴലുകൾ പോലും അസാധാരണ കാഴ്ചകൾ സൃഷ്ടിക്കുന്നു എന്നതാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഈ രൂപങ്ങളിലേക്ക് കുറച്ച് സമയം നോക്കി നിന്നാൽ പ്രേതങ്ങളെപ്പോലെ കാണപ്പെടുന്നു എന്നാണ് പലരും പറയുന്നത്. അതിനാലാണ് താഴ്‌വരയ്ക്ക് അത്തരമൊരു പേര് ലഭിച്ചത്. സൂര്യാസ്തമയത്തിന് അരമണിക്കൂർ മുമ്പാണ് ഇത്തരം കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യം. ആ രൂപങ്ങൾ കാണുന്ന ഓരോരുത്തർക്കും അവ ഓരോ രൂപമായി തോന്നും.

ഈ രൂപങ്ങളിൽ ഭൂരിഭാഗവും പർവതത്തിന്റെ ഒരു വശത്താണ്. അവ കാണണമെങ്കിൽ മരങ്ങൾക്കും പാറകൾക്കുമിടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ കയറണം. ഈ ട്രെക്കിങ്ങും മനോഹരമായ അനുഭവമാണ്. ഗോസ്റ്റ്സ് താഴ്‌വര സ്ഥിതിചെയ്യുന്നത് ഡെമെർദി കോട്ടയുടെ ചരിവിലാണ്. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. ഗോസ്റ്റ്സ് താഴ്‌വരയ്ക്ക് സമീപം കോട്ടയിലേക്ക് നയിക്കുന്ന ഒരു റോഡുണ്ട്. 15 നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയാണിത്. 

കട്ടിയുള്ള മൂടൽമഞ്ഞ് ഇവിടെ സാധാരണമാണ്. മൂടൽമഞ്ഞ് താഴ്‌വരയെ മൂടുമ്പോൾ അതിന്റെ സൗന്ദര്യം വർണ്ണിക്കാൻ ആവാത്തതിനുമപ്പുറമാകും. ഈ കട്ടിയുള്ള മൂടൽമഞ്ഞ് ഈ പ്രദേശത്തിന് പ്രത്യേക പ്രതാപവും രഹസ്യ സ്വഭാവവും നൽകുന്നു. നൂറിലധികം ‘പ്രേതശിൽപങ്ങൾ’ താഴ്‌വരയിൽ ഉണ്ട്.

English Summary: Valley of Ghosts 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com