കാശു കൊടുത്തത് കടലില്‍ ചാടി ചാവാനായിരുന്നോ...?', 'ആ തീരുമാനം അത്യാവശ്യമായിരുന്നു!'

ahaana-trip
SHARE

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടി അനുഭവിച്ച ഒരു സന്ദര്‍ഭത്തെ മറികടന്ന അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്ണ. കടലില്‍ സ്കൂബ ഡൈവിംഗ് ചെയ്ത അനുഭവമാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കടലില്‍ ചാടുന്നതിന് അൽപം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് അഹാന പറയുന്നു; "സത്യം പറഞ്ഞാൽ, ഞാൻ ഇവിടെ പുഞ്ചിരിക്കുന്നുണ്ടെങ്കിലും മരിക്കാൻ ആണോ ഞാന്‍ പണം കൊടുത്തത് എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന ആ നിമിഷങ്ങളിലൊന്നാണിത്. പക്ഷേ, എനിക്കറിയാം, ഞാൻ ഭയം മൂലം ചാടേണ്ടെന്ന് തീരുമാനിച്ചാൽ, അത് പിന്നീട് എന്‍റെ ജീവിതത്തിലെ മറ്റ് പല തീരുമാനങ്ങളെയും ബാധിക്കും. അപ്പോള്‍ ഭയം കൊണ്ടുമാത്രം ഒരു കാര്യത്തില്‍ നിന്നും പിന്മാറുന്ന അവസ്ഥ വരും'', അതുകൊണ്ട് മാത്രമാണ് ഭയം മാറ്റി വച്ച് 36 അടി താഴെ കടലിലേക്ക് ചാടാന്‍ തീരുമാനിച്ചതെന്ന് അഹാന പറയുന്നു. ഇനിയും ജീവിതത്തില്‍ വരാന്‍ പോകുന്ന ഒട്ടേറെ തീരുമാനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ ഈ അനുഭവത്തിനാകുമെന്നും അഹാന കൂട്ടിച്ചേര്‍ക്കുന്നു.

നടന്‍ കൃഷ്ണകുമാറിന്‍റെ മകളായ അഹാന 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന രാജീവ് രവി ചലച്ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ലൂക്ക' എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്നു. യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള നടി തന്‍റെ യാത്രാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്തെങ്കിലും ആവശ്യത്തിനായി യാത്ര പോകുന്നതിനേക്കാൾ പുതിയ സ്ഥലങ്ങൾ കാണാനായുള്ള യാത്രകളാണ് തനിക്ക് ഏറെ ഇഷ്ടമെന്നും അഹാന മുൻപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

യാത്രകൾ നമ്മുടെ വ്യക്തിത്വവും ആത്മവിശ്വാസവും മെച്ചപ്പെടുത്തും. ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ മുതലാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങിയത്. ആദ്യമൊക്കെ പേടിയായിരുന്നു. പതിയെ എല്ലാം പഠിച്ചെടുത്തു. ചെന്നൈയിൽ നിന്ന് ഒറ്റയ്ക്ക് ബസിലുള്ള യാത്ര, കൂട്ടുകാരോടൊപ്പം ട്രെയിനിലുള്ള യാത്ര, ഒറ്റയ്ക്ക് ഫ്ളൈറ്റിൽ തിരുവനന്തപുരത്തേക്കുള്ള യാത്ര... ഇതിലൂടെയൊക്കെ ലഭിച്ച പരിചയം ആത്മവിശ്വാസം നന്നായി വർധിപ്പിച്ചുവെന്നും താരം പറഞ്ഞിട്ടുണ്ട്.

അഹാന കണ്ട പിങ്ക് സിറ്റി

യാത്രകൾ പോകാൻ ആഗ്രഹമുണ്ട്, സമയപരിമിതി മൂലം പലപ്പോഴും അതിനു കഴിഞ്ഞിട്ടില്ല.  ആകെ കുറച്ചു സ്ഥലങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണ്ടിട്ടുള്ളത്. അങ്ങനെയാണ് ഈയടുത്ത് ജയ്പുരും അഹമ്മദാബാദും പോയത്. പിങ്ക് സിറ്റി നേരില്‍ കാണണമെന്ന മോഹത്താലാണ് യാത്ര തിരിച്ചത്. ഞങ്ങള്‍ ശരിക്കും ആ ട്രിപ്പ് ആസ്വദിച്ചു. ഇന്ത്യയുടെ പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പുരിന് പങ്കുവയ്ക്കാന്‍ ഒരായിരം കഥകളുണ്ടെന്ന് അവിടെ പോയവര്‍ക്ക് മനസ്സിലാകും.

രാജാക്കന്‍മാരുടെ നാടായ രാജസ്ഥാനില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരമാണ് ജയ്പുര്‍ അഥവാ ഇന്ത്യയുടെ പിങ്ക് സിറ്റി. നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളും പിങ്ക് നിറത്തിലായതിനാലാണ് ഈ പേര് വന്നത്. എന്നാല്‍ ആ പിങ്ക് നിറത്തിന് ഒരു ചരിത്രമുണ്ട്. 1876 ല്‍ വെയില്‍സ് രാജകുമാരനും വിക്ടോറിയ രാജഞിയും ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തി. ഈ സമയം അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി ജയ്പുര്‍ മഹാരാജാ റാം സിങ് നഗരത്തിനു മുഴവുന്‍ പിങ്ക് നിറം നല്‍കാന്‍ ഉത്തരവിട്ടു. അങ്ങനെ ജയ്പുര്‍ പിങ്ക് സിറ്റിയായി, പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ നാട്ടുകാര്‍ ഇന്നും ആ നിറത്തിന് കോട്ടം തട്ടാതെ കാത്തുപാലിച്ചുപോരുന്നു.

സിംഗപ്പൂര്‍ ഈസ് എ ഡ്രീം വേള്‍ഡ്

യാത്രചെയ്തതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് സിംഗപ്പൂർ. ശരിക്കുമൊരു ഡ്രീം വേള്‍ഡില്‍ എത്തിയപോലെ തോന്നും. എവിടെ നോക്കിയാലും ചിത്രം വരച്ചുവച്ചിരിക്കുന്നതുപോലെ. ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവുമായ നഗരങ്ങളിലൊന്നാണത്. തിയാന്‍ ഹോക്ക് കെംഗ് ക്ഷേത്രം, അതിശയകരമായ ഷോപ്പിങ്, അതിഗംഭീരമായ മാളുകള്‍, നിരവധി ബീച്ചുകള്‍ എല്ലാമുണ്ട് സിംഗപ്പൂരില്‍. നഗരദൃശ്യം ഒരു സയന്‍സ് ഫിക്‌ഷന്‍ കോമിക്ക് പുസ്തകത്തിന്റെ പേജുകളില്‍ നിന്ന് പറിച്ചെടുത്തതായി തോന്നും. ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും ഗാര്‍ഡന്‍സ് ബൈ ബേയും ഒരു ഹോര്‍ട്ടികള്‍ച്ചറല്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നു. സാന്‍ഡ്‌സ് സ്‌കൈപാര്‍ക്കിന്റെ നിരീക്ഷണ ഡെക്ക് നിങ്ങള്‍ മേഘങ്ങള്‍ക്ക് മുകളിലാണെന്ന് തോന്നിപ്പിക്കും.

ഷൂട്ടിന്റെ ഭാഗമായി ഒരുപാട് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും ഒരുപാട് നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കൊടൈക്കനാൽ ട്രിപ്പ് സൂപ്പറായിരുന്നു. എറണാകുളം, തൃശൂർ ഒക്കെയായിരുന്നു ബാക്കി ലൊക്കേഷനുകൾ. സിനിമയിലും കുടുംബം ട്രിപ്പ് പോകുന്നതാണ് സന്ദർഭം. അവിടെയുള്ള ബോട്ടിങ് പോയിന്റിലാണ് ക്ളൈമാക്സിലെ ബോട്ടിങ് സീനുകൾ എടുത്തത്. ആദ്യം നിവിൻ കുറച്ചു നേരം പെഡൽ ചവിട്ടി. അതുകഴിഞ്ഞു സൂത്രത്തിൽ എനിക്ക് കൈമാറി. ഞാൻ ചവിട്ടി ചവിട്ടി വശം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ! യാത്രകളുടെ കാര്യത്തിൽ എന്നെ പോലെ തന്നെയാണ് സഹോദരികളും. ഷോപ്പിങ്ങും കാഴ്ചകളും ഫൂഡുമൊക്കെയാണ് അവർക്കും പ്രിയം.

അധികം യാത്രകളൊന്നും ചെയ്യാനായിട്ടില്ല, എന്നാല്‍ ഇനിയങ്ങോട്ട് സമയം കിട്ടുന്നതനുസരിച്ച് കൂടുതല്‍ യാത്രകള്‍ ചെയ്യാനാണ് തന്‍റെ പ്ലാനെന്ന് കോവിഡിനു മുൻപ്  അഹാന അഭിമുഖത്തിൽ പറഞ്ഞിരുന്നു. എക്സ്പ്ലോറേഷന്‍ വളരെയധികം ഇഷ്ടമാണ്. എന്നാല്‍ സുരക്ഷിതമല്ലാത്ത സാഹസിക യാത്രകളോട് അത്ര താല്പര്യമില്ല എന്നും അഹാന പറഞ്ഞിരുന്നു. ടെന്‍ഷനടിച്ച് യാത്ര ചെയ്യാനും റിസ്കെടുക്കാനും ഇഷ്ടമല്ല. യാത്രകള്‍ പേടിക്കാനല്ല, ആസ്വദിക്കാന്‍ ഉള്ളതാണ് എന്നാണ് അഹാനയുടെ അഭിപ്രായം. മാലദ്വീപിലെ വെക്കേഷന്‍ സമയത്ത് എടുത്ത, നീലക്കടലില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും യാത്രാ വീഡിയോകളും അഹാന മുന്നേ പങ്കുവച്ചിരുന്നു.

English Summary:  Actress Ahaana's dream trip to the Maldives 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA