ADVERTISEMENT

ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു സഡൻ ബ്രേക് ഇട്ട കോവിഡ്, പല യാത്രകളും മുടക്കിയിട്ടുണ്ട്. അങ്ങനെ കോവിഡ് മൂലം ഒരു സ്വപ്നയാത്ര മുടങ്ങിയതിന്റെ അനുഭവം പറയാനുണ്ട്, ക്ലിഫിൻ ഫ്രാൻസിസ്, ഡോണ ജേക്കബ് ഹസീബ് അഹസൻ എന്നീ മൂന്നു കൂട്ടുകാർക്ക്. കൊച്ചിയിൽനിന്നു തുടങ്ങി ടോക്കിയോ വരെ എത്തുന്ന വലിയ യാത്ര പാതി എത്തുന്നതിനും മുൻപേ കോവിഡ് വഴിമുടക്കാനെത്തി. ഒരു സാധാരണ യാത്ര ആയിരുന്നില്ല, ഇവരുടേത്. 

cycle-trip1

കൊച്ചിയിൽ നിന്ന് 10,400 കിലോമീറ്റർ സൈക്കിൾ ചവിട്ടി ടോക്കിയോയിലെ ഒളിംപിക്സ് വേദിയിലെത്തുകയെന്നതായിരുന്നു ലക്ഷ്യം. ബംഗ്ലദേശ് കടന്ന് മ്യാൻമറിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണ് അതിർത്തികൾ അടച്ചതും ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതും. പിന്നീട് രണ്ടര മാസത്തോളം ത്രിപുരയിൽ. തിരികെ കേരളത്തിലെത്തിയെങ്കിലും ഗ്രാൻഡുറൻസ് 6 സൈക്കിളിലുള്ള കൊച്ചി–ടോക്കിയോ യാത്ര ഇവർ ഉപേക്ഷിച്ചിട്ടില്ല. മാറ്റിവച്ച ഒളിംപിക്സ് പുനരാരംഭിക്കുമ്പോൾ ഇവരും വേദിയിലെത്തും.

കൊച്ചി ടു ടോക്കിയോ.. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്....

ക്ലിഫിൻ ഫ്രാൻസിസ്, ഡോണ ജേക്കബ് ഹസീബ് അഹസൻ ....  എറണാകുളം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ചവരാണ് മൂവരും. ക്ലിഫിൻ ഫ്രാൻസിസ് ആലപ്പുഴ തുറവൂർ സ്വദേശി. ഡോണ കോട്ടയം ചങ്ങനാശേരി. ഹസീബ് പൊന്നാനി സ്വദേശിയും. കോളജിൽ തുടങ്ങിയ സൗഹൃദം ജോലി ലഭിച്ചിട്ടും അതേപടി തുടർന്നു. സൈക്കിൾ പ്രേമം ഇവരുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കി. ഫ്രീലാൻസ് ടീച്ചറാണ് ക്ലിഫിൻ. മെക്സിക്കോയിൽ എൻജിനീയറാണ് ഡോണ. ആമസോണിൽ ജോലി ചെയ്യുകയാണ് ഹസീബ്.

ജോലിക്ക് തൽക്കാലത്തേക്ക്  അവധി നൽകിയാണ് ഇവർ കഴിഞ്ഞ ഡിസംബർ 15 ന് കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്. എട്ടു മാസം കൊണ്ട് സൈക്കിൾ ചവിട്ടി ജപ്പാനിലെ ഒളിംപിക്സ് വേദിയിലെത്താമെന്ന പ്രതീക്ഷയോടെയുള്ള യാത്ര.  രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒളിംപിക്സ് താരങ്ങൾക്ക് ആശംസകളുമായി ഒളിംപിക്സ് വേദിയിലേക്കുള്ള സ്വപ്നയാത്ര. യാത്രയിലുടനീളം പരിചയപ്പെടുന്നവർക്ക് ആശംസകളെഴുതാൻ ഫോട്ടോബുക് കൈയിൽ കരുതിയിരുന്നു. ഇവ ടോക്കിയോയിൽ വച്ച് താരങ്ങൾക്കു കൈമാറാനായിരുന്നു പദ്ധതി. 

cycle-trip2

മൂന്നു പേർക്കും സൈക്കിൾ യാത്രയ്ക്ക് മൂന്നു ലക്ഷ്യങ്ങളുണ്ട്. സൈക്ലിങ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ക്ലിഫിന്റെ ലക്ഷ്യം. അതേസമയം, സ്ത്രീ ശാക്തീകരണവും ലിംഗസമത്വവുമാണ് യാത്രകൊണ്ട് ഡോണ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. യൂണിവേഴ്സിറ്റി തലത്തിൽ മികച്ച അത്‌ലീറ്റായിരുന്ന ഹസീബിന് സൈക്ലിങ്ങിലൂടെ ലഭിക്കുന്ന ആരോഗ്യത്തെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചുമാണ് ലോകത്തോടു പറയാനുള്ളത്. ഫുട്ബോൾ ലോകകപ്പിൽ ദുബായിയിൽനിന്ന് റഷ്യയിലേക്കു സൈക്കിൾ ചവിട്ടി പോയ അനുഭവമുണ്ട് ക്ലിഫിന്. അന്ന് 5,000 കിലോമീറ്ററായിരുന്നു യാത്ര. ആ യാത്രയാണ് 10,400 കിലോമീറ്റർ താണ്ടാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ചത്. കോവിഡ് വഴിമുടക്കിയില്ലായിരുന്നെങ്കിൽ അടുത്ത മാസം ഇവർ ജപ്പാനിലെത്തുമായിരുന്നു.

സൈക്കിൾ– യാത്ര, ജീവിതം

ഡോണയും ക്ലിഫിനും കഴിഞ്ഞ ഡിസംബർ 15 ന് കൊച്ചിയിൽ നിന്നു യാത്ര തിരിച്ചു. ജനുവരി 15 ന് ഹസീബ് ഹൈദരാബാദിൽ നിന്ന് സംഘത്തോടൊപ്പം ചേർന്നു.  ദിവസവും 6 മണിക്കൂറായിരുന്നു യാത്ര. 100 കിലോമീറ്റർ ഒരു ദിവസം യാത്ര ചെയ്യും. ദിവസവും കുറഞ്ഞത് 30 കിലോമീറ്റർ സൈക്കിൾ ചവിട്ടി മാസങ്ങളായി പരിശീലനം നടത്തിശേഷമാണ് യാത്ര തിരിച്ചത്. രാവിലെയും ഉച്ചയ്ക്കുശേഷവും മൂന്നു മണിക്കൂർ വീതം യാത്ര ചെയ്തു. വഴിയിൽ വിവിധ സൈക്ലിങ് കമ്യൂണിറ്റികൾ വിശ്രമത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. 

ഗ്രാൻഡുറൻസ് 6 

ബെർഗാമോണ്ട് കമ്പനി നേരിട്ടാണ് ഇവർക്ക് സൈക്കിളുകൾ സ്പോൺസർ ചെയ്തത്. കൊച്ചിയിലെ ഗിയർ ജംക്‌ഷൻ എന്ന സൈക്കിൾ ഷോപ്പാണ് ബെർഗാമോണ്ടുമായി ഇവരെ ബന്ധിപ്പിച്ചത്. ഒരു ലക്ഷം രൂപ വില വരുന്ന ഗ്രാൻഡുറൻസ് 6 എന്ന  സൈക്കിളിലാണ് ഇവരുടെ യാത്ര. നിരാശയില്ലാതെ മടക്കം, ഇനി പ്രതീക്ഷ, 

പുതിയ യാത്ര

ബംഗ്ലദേശ്, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങൾ പിന്നിട്ട് ജപ്പാനിലെത്തുകയെന്നതായിരുന്നു മൂവർ സംഘത്തിന്റെ ലക്ഷ്യം. എന്നാൽ ബംഗ്ലദേശ് കടന്ന് മ്യാൻമറിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണ് അതിർത്തികൾ അടച്ചത്. ഇന്ത്യയിൽ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു. അതോടെ ഇവർ ത്രിപുരയിലേക്കു മടങ്ങി. അഗർത്തലയിൽ ആശ ഹോളിക്രോസ് എന്ന നൈപുണ്യ വികസന സ്ഥാപനം നടത്തുന്ന ഫാ. പോൾ പുതുശേരി ഇവർക്ക് അഭയം നൽകി. രണ്ടര മാസത്തോളം ത്രിപുരയിൽ തങ്ങി. ലോക്ഡൗണിനെ തുടർന്നു പ്രതിസന്ധിയിലായ ത്രിപുരയിലെ ആദിവാസി സമൂഹത്തിനു ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കാനുള്ള ജോലിയിൽ രണ്ടര മാസം ഇവരും അച്ചനൊപ്പം ചേർന്നു. ആഭ്യന്തര വിമാന സർവീസുകളാരംഭിച്ചതോടെയാണ് കൊച്ചിയിലേക്കു മടങ്ങാനായത്. 

സൈക്കിളുകൾ ട്രെയിൻ വഴി കേരളത്തിലെത്തിച്ചു. വീടുകളിലെത്തി 28 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. കോവിഡ് സ്വപ്നയാത്ര മുടക്കിയെങ്കിലും ലക്ഷ്യത്തിൽനിന്നു പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണിവർ. രോഗഭീഷണി ഒഴിഞ്ഞാലുടൻ യാത്ര പുനരാരംഭിക്കും. ഡിസംബറോടെ വീണ്ടും യാത്ര തുടങ്ങാനാകുമെന്ന പ്രതീക്ഷയുണ്ട്.  ജൂലൈയിൽ ഒളിംപിക്സ് വേദിയിലെത്താനാകുമെന്നും. യാത്ര അവസാനിപ്പിച്ച സ്ഥലത്തെത്തി, വീണ്ടും സൈക്കിൾ ചവിട്ടിത്തുടങ്ങും.

English Summary : Kochi to Tokyo Cycle Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com